ഗാസയിലെ അല്‍ ഫഖൂറ സ്‌കൂളിലും നിരവധി ആശുപത്രികളിലും ഇസ്രായേല്‍ അധിനിവേശം നടത്തിയ ബോംബാക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ജബാലിയ ക്യാമ്പിലും ഗാസയിലെ നിരവധി ആശുപത്രികളിലും കുടിയൊഴിപ്പിക്കപ്പെട്ട ആയിരക്കണക്കിന് ആളുകള്‍ താമസിക്കുന്ന അല്‍ ഫഖൂറ സ്‌കൂളിലും ഇസ്രായേല്‍ അധിനിവേശം നടത്തിയ ബോംബാക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമ വ്യവസ്ഥകളുടെയും നഗ്‌നമായ ലംഘനമാണിതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
സ്‌കൂളുകള്‍, ആശുപത്രികള്‍, ജനവാസ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സിവിലിയന്‍ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി ഗാസ മുനമ്പില്‍ ഇസ്രായേല്‍ ആക്രമണം വിപുലപ്പെടുത്തുന്നത് ഏറ്റുമുട്ടലുകളുടെ ഗൗരവം വര്‍ദ്ധിപ്പിക്കുകയാണ്. ഇത് മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും.
ഫലസ്തീന്‍ ജനതയ്ക്കെതിരായ അധിനിവേശത്തിലൂടെ ഇസ്രായേല്‍ നടത്തുന്ന മനുഷ്യരാശിക്കെതിരായ യുദ്ധക്കുറ്റങ്ങള്‍ സംബന്ധിച്ച് അന്താരാഷ്ട്ര സമൂഹം ചിലപ്പോള്‍ നിശബ്ദതയോടെയും മറ്റു ചിലപ്പോള്‍ സെലക്റ്റിവിറ്റിയോടെയും ഇടപെടുന്നത് സംഘര്‍ഷാവസ്ഥ വര്‍ദ്ധിപ്പിക്കുമെന്നും അക്രമത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുമെന്നും ഖത്തര്‍ മുന്നറിയിപ്പ് നല്‍കി. സിവിലിയന്മാര്‍ക്കെതിരെ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ഇസ്രായേലിനെ പിന്തിരിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തിരായി ഇടപെടണം.
ഫലസ്തീന്‍ പ്രശ്‌നത്തിന്റെ നീതി, ഫലസ്തീന്‍ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങള്‍ അംഗീകരിച്ച് , കിഴക്കന്‍ ജറുസലേം തലസ്ഥാനമായി 1967 ലെ അതിര്‍ത്തിയില്‍ സ്വതന്ത്ര രാജ്യം സ്ഥാപിക്കണമെന്ന ഖത്തറിന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു.