എട്ടാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ മുന്നോടിയായി വനിതകള്‍ക്കായി ചര്‍ച്ചാ സദസ്സ് സംഘടിപ്പിച്ചു

ദോഹ: കാത്തു വെയ്ക്കാം സൗഹൃദ തീരം എന്ന പ്രമേയത്തില്‍ നവംബര്‍ 17 ന് നടക്കാനിരിക്കുന്ന ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ മുന്നോടിയായി ‘സ്ത്രീ പ്രവാസം – കയ്പ്പും മധുരവും’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഐ.ഐ സി സി കാഞ്ചാനി ഹാളില്‍ വെച്ച് വനിതകള്‍ക്കായി ചര്‍ച്ചാ സദസ്സ് സംഘടിപ്പിച്ചു .ഖത്തറില്‍ കലാസാംസ്‌കാരിക സാമൂഹിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വിവിധ വനിത സംഘടനകളുടെ പ്രതിനിധികളായ ഇരുപത്തഞ്ചോളം വനിതകള്‍ ചര്‍ച്ചസദസ്സില്‍ പങ്കെടുത്തു . വനിതാ പ്രവാസത്തിലെ വിവിധ അവസരങ്ങളും പ്രതിസന്ധികളും വിശദമായ ചര്‍ച്ചയ്ക്കു വിധേയമായി.
പ്രവാസി എന്ന നിലയില്‍ നമുക്ക് അന്യം നിന്ന് പോയ സാമൂഹിക ജീവിതം ഇവിടെ സാധ്യമാക്കുന്നതില്‍ വനിതാ സംഘടനകള്‍ വലിയ പങ്കു വഹിക്കുന്നുണ്ടെന്ന് സദസ്സ് നിരീക്ഷിച്ചു.പല മേഖലകള്‍ സജീവമായി പ്രവൃത്തിക്കുന്ന വനിതാ സംഘടനകള്‍ പ്രവാസി സ്ത്രീകളുടെ നന്മയ്ക്ക് വേണ്ടി പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുന്നത് കൂടുതല്‍ ഉത്തമമായിരിക്കുമെന്ന അഭിപ്രായം ഉയര്‍ന്നുവന്നു.
വനിതാ ഗാര്‍ഹിക തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളും പരിഹാരങ്ങളും ചര്‍ച്ചാ വിഷയമായി.
പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗാം ,കുറഞ്ഞ വേതനക്കാരായ പ്രവാസികളുടെ പുനരധിവാസ പദ്ധതി,തൊഴില്‍ നൈപുണ്യ വികസന പദ്ധതി തുടങ്ങിയവയുടെ ആവശ്യകത ചര്‍ച്ച സദസ്സ് ചൂണ്ടിക്കാട്ടി.കുറഞ്ഞ വേതനം ,സാമൂഹിക പിന്തുണയുടെ അഭാവം ,നിയമ സംവിധാനങ്ങളെ ക്കുറിച്ചുള്ള അവബോധമില്ലായ്മ , നൈപുണ്യ വികസന പരിശീലനത്തിന്റെ അഭാവം എന്നിങ്ങനെയുള്ള കാരണങ്ങള്‍ ഗാര്‍ഹിക തൊഴിലാളികളുടെ ചൂഷണത്തിന് കാരണമാകുന്നു. ചൂഷണം ചെയ്യപ്പെടുന്ന ഗാര്‍ഹിക തൊഴിലാളികളെ കണ്ടെത്താനും ഐ സി ബി ഫ് നേതൃത്വവുമായി ബന്ധപ്പെടുത്താനും കമ്മ്യൂണിറ്റി ലിങ്ക് ആയി പ്രവര്‍ത്തിക്കാന്‍ വിവിധ വനിതാ സംഘടനകള്‍ക്കു പ്രധാന പങ്കു വഹിക്കാന്‍ കഴിയുമെന്നും ചര്‍ച്ച സദസ്സ് നിരീക്ഷിച്ചു .
കുടുംബ സംഗമം ചെയര്‍പേഴ്‌സണ്‍ സറീന അഹദ് അദ്ധ്യക്ഷത വഹിച്ചു. ജസീല നാസര്‍ വിഷയമവതരിപ്പിച്ചു.
മലയാളി സമ്മേളനം കുടുംബ സംഗമം പ്രോഗ്രാം പ്രതിനിധികളായ ജാസ്മിന്‍ നൗഷാദ് , തൗഹീദ റഷീദ്,ഷംല നൗഫല്‍, നിജാന എന്നിവരും സെക്രട്ടറിയേറ്റ് അംഗങ്ങളായ ഷര്‍മിന്‍ ഷാഹുല്‍, വാഹിദ ഷാനവാസ് എന്നിവരും ചേര്‍ന്ന് പരിപാടി നിയന്ത്രിച്ചു .
ജാസ്മിന്‍ നസീര്‍ സ്വാഗതവും ബുഷ്‌റ ഷമീര്‍ നന്ദിയും പറഞ്ഞു.