ലോക അക്വാട്ടിക്സ് ചാമ്പ്യന്‍ഷിപ്പിനും വേള്‍ഡ് അക്വാട്ടിക്സ് മാസ്റ്റേഴ്സ് ചാമ്പ്യന്‍ഷിപ്പിനുമെത്തുന്ന ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് എക്സ്‌ക്ലൂസീവ് ട്രാവല്‍ പാക്കേജുകള്‍ പ്രഖ്യാപിച്ച് സംഘാടകര്‍

ദോഹ: 2024 ഫെബ്രുവരി 2 നും 18 നും ഇടയില്‍ ദോഹയില്‍ നടക്കുന്ന ലോക അക്വാട്ടിക്സ് ചാമ്പ്യന്‍ഷിപ്പിനും ഫെബ്രുവരി 23 നും മാര്‍ച്ച് 3 നും ഇടയില്‍ നടക്കുന്ന മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പിനുമെത്തുന്ന ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് എക്സ്‌ക്ലൂസീവ് ട്രാവല്‍ പാക്കേജുകള്‍ പ്രഖ്യാപിച്ച് സംഘാടകര്‍. ഡിസ്‌കവര്‍ ഖത്തറുമായി സഹകരിച്ചാണ് ആകര്‍ഷകമായ ട്രാവല്‍ പാക്കേജുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
ദോഹയുടെ ലോകോത്തര ആതിഥ്യമര്യാദയും സംസ്‌കാരവും അനുഭവിച്ചറിയുന്നതിനൊപ്പം തന്നെ മിഡില്‍ ഈസ്റ്റില്‍ ആദ്യമായി നടക്കുന്ന വേള്‍ഡ് അക്വാട്ടിക്‌സിന്റെ മുന്‍നിര മത്സരങ്ങള്‍ കാണാനുള്ള അവസരമാണ് പാക്കേജുകള്‍ നല്‍കുന്നത്.
ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലുള്ള മൂന്ന്, നാല്, പഞ്ചനക്ഷത്ര ഹോട്ടല്‍ ഓപ്ഷനുകളില്‍ നിന്ന് ആരാധകര്‍ക്ക് തിരഞ്ഞെടുക്കാനാകും, കൂടാതെ ജലാശയത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി ആസ്വദിക്കാന്‍ ആവേശകരവും വിശാലവുമായ ടൂറുകളുടെയും ഉല്ലാസയാത്രകളുടെയും പട്ടികയില്‍ നിന്ന് തിരഞ്ഞെടുക്കാനാകും. ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റില്‍ ഓപ്ഷണല്‍ എയര്‍പോര്‍ട്ട് ട്രാന്‍സ്ഫര്‍ പാക്കേജും ലഭ്യമാണ്.