അല്‍ ബിദ പാര്‍ക്കില്‍ ദാദു ഗാര്‍ഡന്‍സ് വീണ്ടും തുറന്നു
അമാനുല്ല വടക്കാങ്ങര
ദോഹ: അല്‍ ബിദ പാര്‍ക്കില്‍ ദാദു ഗാര്‍ഡന്‍സ് വീണ്ടും തുറന്നു. എക്‌സ്‌പോ 2023 ദോഹയുടെ ഇന്റര്‍നാഷണല്‍ സോണിന്റെ ഹൃദയഭാഗത്താണ് ഖത്തറിലെ കുട്ടികളുടെ മ്യൂസിയമായ ദാദു ഗാര്‍ഡന്‍സ് വീണ്ടും തുറന്നത്. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അവരുടെ കുടുംബങ്ങളോടും പരിചാരകരോടും ഒപ്പം വിദ്യാഭ്യാസത്തിന്റെയും വിനോദത്തിന്റെയും വിളക്കുമാടം എന്ന പദവി ഉറപ്പിച്ചാണ് ഗാര്‍ഡന്‍ സ്ഥിരാടിസ്ഥാനത്തില്‍ തുറന്നത്.
ഗാര്‍ഡന്‍സ് അഡ്വഞ്ചേഴ്‌സ് എന്ന തീമിന് കീഴില്‍ ദാദു ഗാര്‍ഡന്‍സ് ഒരു വര്‍ഷത്തേക്ക് പ്രവര്‍ത്തനക്ഷമമാണ്. കളിയിലൂടെയും പ്രകൃതിയുമായുള്ള ആശയവിനിമയത്തിലൂടെയും കുട്ടികളുമായി ഇടപഴകുന്നതിനും വിദ്യാഭ്യാസം നല്‍കുന്നതിനും, അവരുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് രൂപകല്‍പ്പന ചെയ്ത നിരവധി പ്രവര്‍ത്തനങ്ങളും പരിപാടികളുമായി എക്സ്പോ 2023 ദോഹയുടെ കാലാവധിക്കപ്പുറവും ദാദു ഗാര്‍ഡന്‍സ് അല്‍ ബിദ പാര്‍ക്കില്‍ തുടരും. 2024 മാര്‍ച്ച് 28 നാണ് എക്‌സ്‌പോ 2023 ദോഹ സമാപിക്കുക.
ഖത്തറിലെ ഇത്തരത്തിലുള്ള ആദ്യത്തെ പൊതു ധനസഹായമുള്ള ദേശീയ സ്ഥാപനമെന്ന നിലയില്‍, രാജ്യത്തെ സാംസ്‌കാരിക, പാരിസ്ഥിതിക, സാമൂഹിക ആവാസവ്യവസ്ഥയെ സമ്പന്നമാക്കുന്നതിനുള്ള കൂട്ടായ സംഭാവനകളിലൂടെ പ്രാദേശിക സമൂഹത്തെ ശാക്തീകരിക്കാനാണ് ഖത്തറിലെ ചില്‍ഡ്രന്‍സ് മ്യൂസിയം ലക്ഷ്യമിടുന്നത്. 14,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഡാഡു ഗാര്‍ഡന്‍സ് മ്യൂസിയത്തിന്റെ ഒരു ഔട്ട്‌ഡോര്‍ ഗാലറിയും ലിവിംഗ് ക്ലാസ് റൂമായും പ്രവര്‍ത്തിക്കുന്നു.
എക്സ്പോ 2023 ദോഹയുടെ ഭാഗമായി അല്‍ ബിദ്ദ പാര്‍ക്കില്‍ സ്ഥിരം സംവിധാനമായി പ്രവര്‍ത്തിക്കുന്ന ദാദു ഗാര്‍ഡന്‍സ് വീണ്ടും തുറക്കുന്നതിലും കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതിലും സന്തോഷമുണ്ടെന്ന് ഖത്തറിലെ കുട്ടികളുടെ മ്യൂസിയം ഡാഡുവിന്റെ ഡയറക്ടര്‍ എസ്സ അല്‍ മന്നായി പറഞ്ഞു.
അനുഭവങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും പര്യവേക്ഷണം ചെയ്യുക, പഠിക്കുക, അഭിവൃദ്ധി പ്രാപിക്കുക. സുസ്ഥിരത, ഹരിത സമ്പദ്വ്യവസ്ഥ, ആരോഗ്യകരമായ ശീലങ്ങള്‍, പരിസ്ഥിതി എന്നിവ ഉയര്‍ത്തിക്കാട്ടുന്ന, എക്സ്പോ 2023 ദോഹയുടെ അതേ മൂല്യങ്ങള്‍ തന്നെയാണ് ദാദു ഗാര്‍ഡന്‍സ് അഡ്വഞ്ചേഴ്സ് അതിന്റെ കാതലായി അവതരിപ്പിക്കുന്നത്. ഞങ്ങളുടെ പ്രോഗ്രാമുകള്‍ കാണാനും മനസിലാക്കാനും ഞങ്ങള്‍ പൊതുജനങ്ങളെ ക്ഷണിക്കുന്നു. അവിടെ കുട്ടികള്‍ക്ക് അര്‍ത്ഥവത്തായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം. അത് അവരുടെ സ്വന്തം പഠന യാത്ര സജ്ജീകരിക്കാനും നേടാനും സഹായകമാകും.
ഖത്തര്‍ മ്യൂസിയങ്ങളുടെ വികസനത്തിന് കീഴില്‍, ഖത്തറിലെ പൊതു-സ്വകാര്യ മേഖലകള്‍ തമ്മിലുള്ള അഭൂതപൂര്‍വമായ സഹകരണത്തിലൂടെയാണ് ദാദു, ചില്‍ഡ്രന്‍സ് മ്യൂസിയം ഓഫ് ഖത്തറിന്റെ സാക്ഷാല്‍ക്കാരം.
എഡിബിള്‍ ഗാര്‍ഡന്‍, ഗാര്‍ഡന്‍ അറ്റ്ലിയര്‍, കമ്മ്യൂണിറ്റി ഗാര്‍ഡന്‍, പെര്‍മാകള്‍ച്ചര്‍ ഷോകേസ്, ദി പ്രോമിസ് പ്ലാസ, അല്‍ മര്‍ജ് എന്നിവ ഉള്‍പ്പെടെ ഒന്‍പത് വ്യത്യസ്ത സൗകര്യങ്ങള്‍ മ്യൂസിയത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഗാര്‍ഡന്‍ അഡ്വഞ്ചേഴ്സിനായി ആറ് സീറ്റുകളുള്ള രണ്ട് ഗോള്‍ഫ് കാര്‍ട്ടുകളുമുണ്ട്.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം 4 മണിമുതല്‍ രാത്രി എട്ട് മണി വരെ ദഡു ഗാര്‍ഡന്‍സ് പൊതുജനങ്ങള്‍ക്കായി തുറക്കും. പ്രവേശനത്തിനായി 12 വയസ്സില്‍ താഴെയുള്ള കുട്ടികളോടൊപ്പം 18 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്നവര്‍ ഉണ്ടായിരിക്കണം.