ജീവിത പങ്കാളികള്‍ ബിസിനസ് ക്ളാസ് കാബിനിലെ എയര്‍ ഹോസ്റ്റസുമാരെപ്പോലെയായിരുന്നെങ്കില്‍
അമാനുല്ല വടക്കാങ്ങര
സ്നേഹം, പരിചരണം, പരിഗണന എന്നിവ ജീവിതത്തില്‍ എല്ലാവരും ആഗ്രഹിക്കുന്ന സ്വഭാവങ്ങളാണ്. ഇവയൊക്കെ എത്ര ലഭിച്ചാലും മതിവരില്ല എന്നതാണ് യാഥാര്‍ഥ്യം. എങ്കിലും ജീവിത പങ്കാളികള്‍ വിചാരിച്ചാല്‍ ജീവിത യാത്ര ഹൃദ്യവും മനോഹരവുമാക്കാന്‍ കഴിയും.
കഴിഞ്ഞ ദിവസം ഞാനും ഭാര്യയും ദോഹയില്‍ നിന്നും കോഴിക്കേട്ടേക്ക് യാത്ര ചെയ്തത് ഖത്തര്‍ എയര്‍വേയ്സിന്റെ ബിസിനസ് ക്ളാസിന്റെ കാബിനിലായിരുന്നു. എയര്‍പോര്‍ട്ടിലെത്തി ചെക്കിന്‍ ചെയ്തത് മുതല്‍ യാത്ര കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തുന്നതുവരെയുളള ഓരോ നിമിഷവും ആതിഥ്യമര്യാദയുടേയും പരിചരണത്തിന്റേയും മികച്ച മാതൃകയായിരുന്നു.
12 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ലോകോത്തര ബിസിനസ് ക്ളാസ് കാബിനില്‍ ഞങ്ങള്‍ മൂന്ന് പേര്‍ മാത്രമാണുണ്ടായിരുന്നത്. ഞങ്ങളെ പരിചരിക്കുന്നതിനായി പരിചയ സമ്പന്നരായ രണ്ട് എയര്‍ ഹോസ്റ്റസുമാര്‍. സ്നേഹമസൃണമായ പെരുമാറ്റം കൊണ്ടും സേവനം കൊണ്ടും അവര്‍ ഞങ്ങളെ വിസ്മയിപ്പിച്ചു. പല ആവശ്യങ്ങള്‍ക്കായി പല പ്രാവശ്യം വിളിച്ചപ്പോഴും ഒരിക്കല്‍ പോലും മുഷിപ്പ് കാണിക്കുകയോ നിരസിക്കുകയോ ചെയ്യാതെ പുഞ്ചിരിക്കുന്ന മുഖമായി മാലാഖമാരെപോലെ സേവന സന്നദ്ധരായി പ്രത്യക്ഷപ്പെട്ട അവര്‍ അത്ഭുതപ്പെടുത്തി. ഈ പരിചരണവും സേവനവും അനുഭവിച്ചാല്‍ നമ്മുടെ ജീവിത പങ്കാളികളും ബിസിനസ് ക്ളാസ് കാബിനിലെ എയര്‍ ഹോസ്റ്റസുമാരെപ്പോലെയായിരുന്നെങ്കില്‍ എന്നാരും കൊതിച്ചുപോകും.
എന്ത് ചോദിച്ചാലും പുഞ്ചിരിയോടെ നല്‍കുകയും ആസ്വദിക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത് മാതൃകാപരമായ സേവനത്തിന്റെ പാരമ്പര്യം നിലനിര്‍ത്തുന്ന എയര്‍ ഹോസ്റ്റസുമാരപ്പോലെ ജീവിത പങ്കാളികളും മാറുമ്പോള്‍ കുടുംബജീവിതം അക്ഷരാര്‍ഥത്തില്‍ സ്വര്‍ഗമാകും.
യാത്രാവിഭവങ്ങളോരോന്നും ആസ്വദിക്കുന്നതിനിടയില്‍ ഞാന്‍ ഭാര്യയോട് പറഞ്ഞു. വീട്ടിലും ഇതേ അന്തരീക്ഷമായാല്‍ എത്ര മനോഹരമാകും ജീവിതം. ഉടന്‍ വന്നു ഭാര്യയുടെ പ്രതികരണം. ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റെടുത്താണ് നാം ബിസിനസ് ക്ളാസില്‍ യാത്ര ചെയ്യുന്നത്. ഉന്നത സ്വഭാവഗുണങ്ങളും സമര്‍പ്പണവുമുണ്ടെങ്കില്‍ ജീവിതത്തിലും ഇത് സാധ്യമാകും. വൈകാരികവും വൈചാരികവുമായ നിരവധി കാര്യങ്ങള്‍ അടയാളപ്പെടുത്തുന്ന പ്രതികരണമായാണ് അതെനിക്ക് തോന്നിയത്.
നാമൊക്കെ പലപ്പോഴും ജീവിതത്തില്‍ കഴിച്ച ഏറ്റവും രുചികരമായ ഭക്ഷണം നമ്മുടെ അമ്മമാര്‍ പാകം ചെയ്തതാകും. നിരുപാധികമായ സ്നേഹം കൊണ്ടും കരുതല്‍കൊണ്ടും പാകം ചെയ്തതുകൊണ്ടാണ് അമ്മമാരുടെ ഭക്ഷണം കൂടുതല്‍ രുചികരമാകുന്നത്. ഹൃദയം കൊണ്ടും കരുതല്‍കൊണ്ടും ജീവിതം ക്രമീകരിക്കുമ്പോള്‍ അതേറ്റവും സന്തോഷകരവും സമാധാനം നല്‍കുന്നതും വശ്യമനോഹരവുമാകും.
ഒരു നിലക്ക് ചിന്തിച്ചാല്‍ നമ്മുടെയൊക്കെ ജീവിതം ഒരു യാത്രയാണ്. അനുഗ്രഹീതമായൊരു യാത്ര. നന്മയും തിന്മയും കൂടികലര്‍ന്ന ഒരു യാത്ര. ഓരോ ജീവിത സന്ദര്‍ഭങ്ങളും പുതുമയുള്ളതും തിരിച്ചെടുക്കാന്‍ കഴിയാത്തതുമാകും. ആ യാത്രയില്‍ എല്ലാം തികഞ്ഞവരായി ആരുമുണ്ടാവില്ല. അതിനാല്‍ ഓരോ നിമിഷങ്ങളും ആസ്വദിക്കുക. നമ്മുടെ പരിധികളും പരിമിതികളും മനസ്സിലാക്കി പരസ്പരം സ്നേഹിച്ചും വിട്ടുവീഴ്ച ചെയ്തും മാത്രമേ ഈ യാത്രയെ ഹൃദ്യമാക്കാനാകൂ. ബിസിനസ് ക്ളാസില്‍ ലഭിക്കുന്ന സൗകര്യങ്ങളും സംവിധാനങ്ങളും ഇക്കോണമി ക്ളാസില്‍ ലഭിക്കാത്തതുപോലെ നമ്മുടെ ജീവിത യാത്രയുടെ നിലവാരം നിശ്ചയിക്കുന്നത് നമ്മള്‍ തന്നെയാണെന്ന് തിരിച്ചറിയുക. പരസ്പരം കുറ്റപ്പെടുത്തലുകളും പഴിചാരലുകളും ഒന്നിനും പരിഹാരമല്ല. പ്രാര്‍ഥനയും ഗുണകാംക്ഷയുമാണ് ജീവിതത്തിന് കരുത്ത് പകരേണ്ട വികാരങ്ങള്‍. വിട്ടുവീഴ്ചയും സമര്‍പ്പണവും ഈ വികാരങ്ങളെ കൂടുതല്‍ തിളക്കമുള്ളതാക്കും.
കുടുംബാംഗങ്ങളിലെ കുറവുകളും പോരായ്മകളും സ്നേഹത്തോടെ സഹിക്കുക.. സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കുക. കുടുംബജീവിതത്തില്‍ മാതാപിതാക്കളും മക്കളുമായി സ്നേഹത്തില്‍ ജീവിച്ചാല്‍ സ്വര്‍ഗമാണ്.. തിരിച്ചായാല്‍ നരകവും. സ്നേഹവും വിട്ടുവീഴ്ചയും ഉണ്ടായാല്‍ കുടുംബജീവിതം സുഖകരമാണ്. മാതാപിതാക്കള്‍ക്കാണ് വിട്ടുവീഴ്ച ചെയ്യാന്‍ കൂടുതല്‍ സാധ്യത. കാരണം ജീവിതാനുഭവം, പ്രായം, പക്വത എല്ലാമുണ്ട്.. മാതാപിതാക്കളുടെ മനസ്സ് മനസിലാക്കാന്‍ മക്കള്‍ക്ക് കഴിഞ്ഞാല്‍ മാതാപിതാക്കന്മാര്‍ അനുഗ്രഹീതരും. കാരണം അവരും നാളെ മാതാപിതാക്കള്‍ ആവേണ്ടവര്‍ ആണ്. കാര്യങ്ങള്‍ മനസ്സിലാക്കുന്ന മക്കളും ജീവിത പങ്കാളികളും ജീവിതം സാര്‍ഥകവും സന്തോഷപ്രദവുമാക്കുമെന്നതില്‍ സംശയമില്ല.
അപ്രിസിയേഷന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. പലപ്പോഴും ആഗ്രഹിക്കുന്നതും. എന്നാല്‍ ജീവിത പങ്കാളികള്‍ക്കോ മക്കള്‍ക്കോ അര്‍ഹിക്കുന്ന സമയത്ത് അപ്രിസിയേഷന്‍ നല്‍കാന്‍ പിശുക്ക് കാണിക്കുന്നവരാണ് നമ്മില്‍ പലരും.
വിട്ടുവീഴ്ചയാണ് ബന്ധങ്ങളെ കൂടുതല്‍ ഊഷ്മളമാക്കുന്ന മറ്റൊരു വികാരം. കൃതജ്ഞത കൂടിയാകുമ്പോള്‍ ബന്ധം ഏറെ സുന്ദരമാകും. ഒന്നും നിസ്സാരമല്ല. നമ്മുടെ വാക്കുകളും ശരീര ഭാഷയുമൊക്കെ ജീവിതത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. എല്ലാറ്റിനും നന്ദിയുള്ളവരാവുക. നന്മകള്‍, അനുഗ്രഹങ്ങള്‍, സൗകര്യങ്ങള്‍ എന്നിവ ഒരിക്കലും വിസ്മരിക്കാതിരിക്കുക.
ജീവിതം ഒരു യാത്രയാണെന്ന് വീണ്ടും ഓര്‍മിപ്പിക്കട്ടെ. നാമൊക്കെ ഒന്നിച്ചു യാത്ര ചെയ്യുന്ന യാത്രക്കാരും .അത് കൊണ്ട് ഒന്നിച്ചുള്ള ഈ യാത്രയില്‍ പരസ്പരം മിണ്ടിപ്പറഞ്ഞും സ്നേഹിച്ചും സഹകരിച്ചും ആശയക്കൈമാറ്റം നടത്തിയും ഈ യാത്ര സുന്ദരവും സുഖകരവും സുരഭിലവും അവിസ്മരണീയവുമാക്കാന്‍ സോദ്ദേശ്യ ശ്രമങ്ങളുണ്ടാവണം. ഇന്നലെകളിലെ കുറവുകള്‍ നികത്തുകയും ഇന്നത്തെ പൂര്‍ണ്ണത കണ്ടെത്തുകയും ചെയ്യുമ്പോഴാണ് അസ്തമയത്തേയും ഉദയത്തേയും നമുക്ക് ഉള്‍ക്കൊള്ളുവാനാകുന്നത്
നമ്മുടെ ജീവിതം കരുപ്പിടിപ്പിക്കാനും മനോഹരമാക്കുവാനും ശ്രമിച്ച പലരുമുണ്ട്. മാതാപിതാക്കള്‍, ഗുരുവര്യന്മാര്‍ , നേതാക്കള്‍ എന്നിങ്ങനെ പലരും. ഇരുള്‍ നിറഞ്ഞ വഴികളില്‍ മുഴുവന്‍ വെളിച്ചം വിതറി വഴിതെളിയിച്ചവര്‍. കനലെരിഞ്ഞ മനസ്സില്‍ സ്നേഹത്തിന്റെ തണല്‍ മരങ്ങള്‍ നട്ടവര്‍. കൈ പിടിച്ചുയര്‍ത്താന്‍ കനിവുള്ള ഒരു ഹൃദയമെങ്കിലും മുന്നോട്ട് വരാതെ ആരും ഒന്നുമായിട്ടില്ല, ഒരിക്കലും ;താങ്ങായി, തണലായി ഏതെങ്കിലും ഒരു നന്മമരത്തിന്റെ ശീതളഛായ ഏല്‍ക്കാതെ ഒരു പ്രതിഭയും വളര്‍ന്നിട്ടില്ല. വളരുകയുമില്ല; പിന്‍തിരിഞ്ഞു, നോക്കുമ്പോള്‍;ഉയര്‍ച്ചയിലേയ്ക്കു കൈ പിടിച്ചുയര്‍ത്തിയവരെ, നമ്മുടെ ജീവിതം ഹൃദ്യമാക്കിവരെ നന്ദിയോടെ ഓര്‍ക്കുക.
നമ്മുടെ, ആശയങ്ങള്‍, ചിന്തകള്‍, വ്യവഹാരങ്ങള്‍’ ഇവയെല്ലാം ,എല്ലാവരും അംഗീകരിക്കണമെന്നില്ല. ഈ തിരിച്ചറിവോടെ ജീവിക്കാന്‍ കഴിയുന്നവരാണ് ഭാഗ്യവാന്മാര്‍. എല്ലാ സൗഹചര്യങ്ങളോടും പ്രതികരിക്കണമെന്നില്ല. ചിലപ്പോള്‍ മൗനം പാലിക്കുക. മൗനം വിദ്വാന് ഭൂഷണമെന്ന് പറയാറില്ലേ. കാരണം മൗനത്തോളം ശക്തമായ ഭാഷയില്ല;മൗനത്തോളം ശക്തമായ ശിക്ഷയും ഇല്ല; ഒരുപക്ഷേ നമ്മെ മനസ്സിലാക്കാനാത്തവരുടെ മുന്നിലെ ഏറ്റവും കരുത്ത നിലപാട് മൗനമാകും.
കൂടെ നില്‍ക്കുന്നവന്റെ ‘കാല്‍പ്പെരുമാറ്റമാണ് കളിച്ചു കയറുന്നവന്റെ ആത്മവിശ്വാസം.’ അല്‍പം അകലെയെങ്കിലും അവരും നമ്മൊടൊപ്പമുണ്ടെന്ന ആത്മവിശ്യാസത്തിലാകും നമ്മുടെനീക്കങ്ങളെല്ലാം ആ ആത്മവിശ്വാസമാണ് നമ്മെ മുന്നോട്ടുള്ള കാല്‍വയ്പ്പുകള്‍ക്ക് പ്രചോദനമേകുന്നത്.
ഇന്നലെകള്‍ അവസാനിക്കാതെ ഇന്ന് ആരംഭിക്കില്ല. ഒരു പകലും നിശ്ചിത സമയത്തിലധികം നീണ്ടുനില്‍ക്കാറില്ല. അവസാനമില്ലാത്ത ഒരു രാത്രിയുമില്ല, കഴിഞ്ഞകാലത്തെ ദുരനുഭവങ്ങളെ താലോലിച്ച് ഇന്നിന്റെ ജീവിതം കളയാതിരിക്കുക. പുതുമയുടെ ലോകത്ത് നിന്ന് നന്മയുടെ ചിന്തകളെ മാത്രം സ്വീകരിക്കുവാന്‍ ശീലമാക്കുക . ബിസിനസ് ക്ളാസ് യാത്രകളെപ്പോലെ ജീവിതയാത്ര സുന്ദരമാകും.