പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പിന് വിസിലുയരാന്‍ മണിക്കൂറുകള്‍ ബാക്കി , ലോക ശ്രദ്ധ ഖത്തറിലേക്ക്
ദോഹ. കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കാല്‍പന്തുകളി മഹാമേളയായ പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പിന് വിസിലുയരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ, ലോക ശ്രദ്ധ ഖത്തറിലേക്ക് .
എക്കാലത്തെയും മികച്ച ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ച് പതിമൂന്ന് മാസങ്ങള്‍ക്ക് ശേഷം പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുമ്പോള്‍ ലോകത്തിന് പ്രതീക്ഷയേറെയാണ്.
ഭൂഖണ്ഡത്തിലെ 24 മുന്‍നിര ടീമുകള്‍ പോരാട്ടവീര്യത്തോടെ പരിശീലനം പൂര്‍ത്തിയാക്കി വിസിലുയരാന്‍ കാത്തിരിക്കുമ്പോള്‍ ആരാധകര്‍ ആവേശത്തിന്റെ കൊടുമുടിയിലാണ് .
ഫിഫ 2022 കലാശപ്പോരാട്ടത്തില്‍ അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള അവിസ്മരണീയമായ മല്‍സരത്തിന് വേദിയായ 88,000 പേരെ ഉള്‍ക്കൊള്ളുന്ന ലുസൈല്‍ സ്റ്റേഡിയം, ആതിഥേയരും നിലവിലെ ചാമ്പ്യന്മാരായ ഖത്തറും ലബനാനും തമ്മിലുള്ള ഉദ്ഘാടന മത്സരത്തില്‍ കാണികളെക്കൊണ്ട് നിറയുമെന്നുറപ്പാണ് .
ലോകകപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ച ഏഴ് ഗ്രൗണ്ടുകള്‍ ഉള്‍പ്പെടെ ഒമ്പത് വേദികളിലായി നടക്കുന്ന ഈ വര്‍ഷത്തെ ഏഷ്യന്‍ കപ്പ് കോണ്ടിനെന്റല്‍ ഷോപീസിന്റെ ഏറ്റവും വിജയകരമായ പതിപ്പായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.