താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്കൊപ്പം റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ച്, ഐ.സി. ബി. എഫ് 40-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം
അമാനുല്ല വടക്കാങ്ങര
ദോഹ.ഇന്ത്യയുടെ 75-ാം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച്, ഇന്ത്യന്‍ എംബസി അനുബന്ധ സംഘടനയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) വിവിധ ലേബര്‍ ക്യാമ്പുകളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കായി റിപ്പബ്‌ളിക് ദിനാഘോഷം സംഘടിപ്പിച്ചു. ജനുവരി 25 ന് വൈകിട്ട് തുമാമയിലെ ഐ.സി. ബി.എഫ് കാഞ്ചാനി ഹാളില്‍ നടന്ന ആഘോഷങ്ങള്‍, ഐ.സി.ബി.എഫിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 40-ാം വാര്‍ഷികാഘോഷങ്ങള്‍ക്കുള്ള ഉജ്ജ്വല തുടക്കം കൂടിയായി.
ഇന്ത്യന്‍ തൊഴിലാളി സമൂഹത്തോടുള്ള ഐ.സി. ബി.എഫിന്റെ പ്രതിബദ്ധത വ്യക്തമാക്കിക്കൊണ്ട് , വിവിധ ലേബര്‍ ക്യാമ്പുകളില്‍ നിന്നും പ്രത്യേക ക്ഷണിതാക്കളായെത്തിയ നൂറോളം താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളായിരുന്നു ആഘോഷ പരിപാടികളുടെ പ്രത്യേക ആകര്‍ഷണം. ഇവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 പേര്‍ക്ക് ഐ.സി. ബി.എഫ് മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത സൗജന്യ ഐ.സി. ബി.എഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ ചടങ്ങില്‍ നല്‍കുകയുണ്ടായി.
ഐ.സി.ബി.എഫ് കോര്‍ഡിനേറ്റിംഗ് ഓഫീസറും ഇന്ത്യന്‍ എംബസിയി ഫസ്റ്റ് സെക്രട്ടറിയുമായ ഡോ.വൈഭവ് തണ്ടാലെ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തില്‍ കഴിഞ്ഞ 40 വര്‍ഷമായി ഐ.സി. ബി.എഫ് നടത്തുന്ന പ്രതിബദ്ധതയുള്ള സേവനങ്ങളില്‍ അദ്ദേഹം സന്തോഷം രേഖപ്പെടുത്തുകയും, ഐ.സി. ബി.എഫ് കമ്മിറ്റി അംഗങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. ഇന്ത്യന്‍ സമൂഹത്തോടുള്ള ഐ.സി. ബി.എഫിന്റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞ അദ്ദേഹം, 40-ാം വര്‍ഷത്തില്‍ വിവിധ മേഖലകളിലായി 40 പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള പദ്ധതിയും പ്രഖ്യാപിച്ചു.
ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റ് ഇ പി അബ്ദുള്‍ റഹ്‌മാന്‍, ഐ.സി.ബി.എഫ് ഉപദേശക സമിതി ചെയര്‍മാന്‍ സാം ബഷീര്‍, ഐ.സി.ബി.എഫ് മുന്‍ പ്രസിഡന്റ് നിലാംഗ്ഷു ഡേ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
മറ്റ് അപെക്സ് ബോഡി അംഗങ്ങളും, വിവിധ അനുബന്ധ സംഘടനാ പ്രതിനിധികളും, വിവിധ കമ്മ്യൂണിറ്റി നേതാക്കളും, തൊഴിലാളി സഹോദരങ്ങളോടൊപ്പം ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍ സ്വാഗതവും, മത്സ്യത്തൊഴിലാളി ക്ഷേമ വിഭാഗം മേധാവി ശങ്കര്‍ ഗൗഡ് നന്ദിയും പറഞ്ഞു.
ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ കുല്‍ദീപ് കൗര്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സെറീന അഹദ്, സമീര്‍ അഹമ്മദ്, അബ്ദുള്‍ റഊഫ് കൊണ്ടോട്ടി, കുല്‍വീന്ദര്‍ സിംഗ് ഹണി, ഉപദേശക സമിതി അംഗങ്ങളായ ഹരീഷ് കാഞ്ചാണി, ടി. രാമശെല്‍വം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
പരിപാടിക്ക് മാറ്റുകൂട്ടിക്കൊണ്ട് അരങ്ങേറിയ വിവിധ കലാപരിപാടികള്‍, ദേശസ്‌നേഹത്തിന്റെയും, ഇന്ത്യന്‍ കലാ പൈതൃകത്തിന്റെയും നേര്‍ക്കാഴ്ചയായി.