
ജീവിതം കൊണ്ട് കവിത രചിക്കുന്ന പ്രവാസി കലാകാരന്‍
അമാനുല്ല വടക്കാങ്ങര
ജീവിതം കൊണ്ട് കവിത രചിക്കുന്ന പ്രവാസി കലാകാരനാണ് ഷാജു തളിക്കുളം . കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ഖത്തര്‍ പ്രവാസിയായ അദ്ദേഹം പ്രവാസത്തിന്റെ ഒഴിവ് വേളകളെ ധന്യമാക്കുന്നത് സര്‍ഗ സഞ്ചാരത്തിന്റെ വേറിട്ട വഴികളിലൂടെയാണ് . മാപ്പിളപ്പാട്ടുകളായും അല്ലാത്ത ഗാനങ്ങളായും നിരവധിയെഴുതിയ ഈ അനുഗ്രഹീത കലാകാരന്റെ പാട്ടുകള്‍ പ്രഗല്‍ഭരും പ്രശസ്തരുമായ എരഞ്ഞോളി മൂസ, കണ്ണൂര്‍ ഷരീഫ്, അഫ്‌സല്‍, ഫ്രാങ്കോ, ആബിദ് കണ്ണൂര്‍, കൊല്ലം ഷാഫി, നിസാര്‍ വയനാട് , എടപ്പാള്‍ വിശ്വന്‍, ജിന്‍സ് ഗോപിനാഥ്,ഷമീര്‍ ചാവക്കാട് തുടങ്ങിയ നിരവധി ഗായകര്‍ ആലപിച്ചിട്ടുണ്ട്. ഷാജുവിന്റെ നിരവധി ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത് പ്രശസ്ത സംഗീത സംവിധായകന്‍ ശ്യാം ധര്‍മനാണ് .

തളിക്കുളം കൈതക്കല്‍ മദാര്‍ ഉസ് മാന്‍ നബീസ ദമ്പതികളുടെ മകനായാണ് ഷാജു ജനിച്ചത്. സ്‌കൂള്‍ കാലത്ത് ചെറിയ തോതില്‍ കഥകളൊക്കെ എഴുതാറുണ്ടായിരുന്നു. ചെറുപ്പം മുതലേ പാട്ടുകളും കവിതകളുമൊക്കെ ഏറെ ഇഷ്ടപ്പെട്ടിരുന്നെങ്കിലും പ്രവാസ ലോകത്തെത്തിയ ശേഷമാണ് ഗാനരചന രംഗത്തേക്ക് തിരിഞ്ഞത്. പ്രവാസത്തിന്റെ ഗൃഹാതുരമായ നൊമ്പരങ്ങളും വൈകാരിക തലങ്ങളും ഷാജുവിന്റെ ഗാനങ്ങളെ കൂടുതല്‍ സ്വീകാര്യമാക്കി. അന്‍ഷാദ് തൃശൂര്‍, അബു വാടാനപ്പള്ളി, മുഹ് സിന്‍ തളിക്കുളം, ഹിബ ബദറുദ്ധീന്‍ തുടങ്ങിവരും ഷാജുവിന്റെ പാട്ടുകള്‍ ആലപിച്ചിട്ടുണ്ട്.

ചെറുപ്പം മുതല്‍ കളിച്ചു വളര്‍ന്ന പ്രിയ കൂട്ടുകാരന്‍ നവാസ് അമ്പലത്ത് ആദ്യ
ആല്‍ബത്തിന്റെ പ്രൊഡ്യൂസര്‍ കൂടി ആയിരുന്നു. അതിന്റെ
ഓവര്‍സീസ് മാര്‍ക്കറ്റിംഗ് യു.എ.ഇ യിലെ പ്രശസ്ത റിലീസ് കമ്പനിയായിരുന്ന റഫ ആയിരുന്നു.

ബാല്യകാലം മുതലുള്ള എട്ട് കൂട്ടുകാര്‍, ആ സൗഹൃദ ബന്ധങ്ങള്‍ വളര്‍ന്ന് ഇന്നും വേര്‍പിരിയാതെ നില്‍ക്കുന്നു.8 ബ്രദേര്‍സ് എന്ന പേരിലുള്ള ആ ഒരുമ എപ്പോഴും കൂടെ നിന്ന് നല്ല സപ്പോര്‍ട്ട് ആണ്.
ദോഹയില്‍ സഹമുറിയരായിരുന്ന റഫീഖ്, നൗഷാദ് , ഫൈസല്‍, ജലീല്‍ എന്നിവര്‍ ചേര്‍ന്നാണ് ഷൈജുവിന്റെ ആദ്യ ആല്‍ബം പുറത്തിറക്കിയത്. പ്രശസ്ത സംഗീത സംവിധായകനായ ശ്യാം ധര്‍മനാണ് ആല്‍ബത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. എട്ട് പാട്ടുകളും സഹൃദയ ലോകം ഇരുകൈകളും നീട്ടി സ്വീകരിച്ചതോടെ കൂടുതല്‍ ആവേശത്തോടെ പാട്ടുകള്‍ രചിക്കാന്‍ തുടങ്ങി.
രണ്ടാമത്തെ ആല്‍ബത്തിലും എട്ട് പാട്ടുകളാണുണ്ടായിരുന്നത്. പ്രമോദ് ശ്രീധരന്‍ എന്ന സുഹൃത്താണ് സംഗീതം നിര്‍വഹിച്ചത്. പാട്ടെഴുത്തു വഴികളിലും വലിയ പ്രോല്‍സാഹനവും വഴികാട്ടിയുമായിരുന്നു പ്രമോദ്. സഹോദര പുത്രന്‍ അനു അഷ്‌റഫും അവന്റെ സഹോദരന്‍ നിഷാദ് മുറ്റിച്ചൂരും ചേര്‍ന്നാണ് ഈ ആല്‍ബം പ്രൊഡ്യൂസ് ചെയ്തത്. കുടുംബത്തില്‍ നിന്നും മികച്ച പിന്തുണയും പ്രോല്‍സാഹനവും ലഭിച്ചത് ഷൈജുവിന്റെ പാട്ടെഴുത്തിനെ കൂടുതല്‍ ശക്തമാക്കി.

ഷാജു പ്രവാസിയായതിനാലും റിക്കോര്‍ഡിംഗ് നടക്കുന്നത് നാട്ടിലായതിനാലും പാട്ട് റിക്കോര്‍ഡിംഗിനും മറ്റുമൊക്കെ ഷാജുവിന്റെ സഹോദരങ്ങളായ അഷ്റഫ്, സിറാജ് എന്നിവരും സുഹൃത്ത് ഷാജി അല്ലുക്കയുമൊക്കെയാണ് ഓടി നടന്നത്. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും സ്‌നേഹ വാല്‍സല്യങ്ങളും പിന്തുണയും ഷാജുവിലെ ഗാനരചയിതാവിനെ കൂടുതല്‍ രചനാത്മകമാക്കി.

ഉമ്മയെക്കുറിച്ച് ഷാജു എഴുതിയ വൈകാരിക തീവ്രമായ വരികള്‍ പല വേദികളിലും ആലപിക്കപ്പെടുമ്പോള്‍ ആസ്വാദകരുടെ കണ്ണുനിറയുന്ന അനുഭവം ഗാന രചയിതാവ് എന്ന നിലക്കും ഏറെ അനുഭൂതി നല്‍കിയ മുഹൂര്‍ത്തങ്ങളാണ് .ഓരോ മനുഷ്യന്റേയും ജീവതാളം നിയന്ത്രിക്കുന്ന പ്രധാന ശക്തിയായ ഉമ്മയെക്കുറിച്ച് ആദ്യമായി പ്രവാസലോകത്തെത്തിയപ്പോഴുളള തന്റെ അനുഭവങ്ങളെ വരികളിലേക്ക് പകര്‍ത്തി ഗാനമായവതിച്ചപ്പോള്‍ അത് ഓരോരുത്തരുടേയും കണ്ണുനനയിപ്പിക്കുന്നതായി മാറുകയായിരുന്നു. ജീവിതത്തിലെ ഏറ്റവും അമൂല്യമായ ഉമ്മയുടെ പരിലാളനകളും സംരക്ഷണവും ഏത് പ്രായത്തിലും ആരും കൊതിക്കുമെന്നും പ്രവാസത്തിന്റെ തിരക്കുകളിലെ ഏറ്റവും വലിയ നഷ്ടം അതാകുമെന്നും ഗാനം ഓര്‍മിപ്പിക്കുന്നു.
കൈരളി പട്ടുറുമാലില്‍ രണ്ട് വര്‍ഷത്തോളംം ഈ ഗാനം പലവുരു ആവര്‍ത്തിച്ചതും ഏറെ അഭിമാനവും ആനന്ദവും നല്‍കിയ കാര്യമാണെന്ന് ഷാജു പറഞ്ഞു.
മാപ്പിളപ്പാട്ടുകളായും അല്ലാതെയും നൂറിലധികം ഗാനങ്ങളാണ് ഷാജുവിന്റെ അനുഗ്രഹീത തൂലികയിലൂടെ പുറത്തു വന്നത്.
ഖത്തറിലെ അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍ ഫൈസല്‍ റസാഖ് തന്റെ മകള്‍ സല്ലക്കായി സമര്‍പ്പിക്കുന്ന കന്നി പൂവേ എന്ന ആല്‍ബത്തിന്റെ വരികളിലൂടെയാണ് ഇപ്പോള്‍ ഷാജു ശ്രദ്ധിക്കപ്പെട്ടത്. പ്രശസ്ത സംഗീത സംവിധായകന്‍ ശ്യാം ധര്‍മന്‍ സംഗീതം നല്‍കി എസ്സാര്‍ മീഡിയയിലൂടെ ഉടന്‍ പുറത്തിറക്കുന്ന ആല്‍ബത്തിലെ വരികള്‍ ഇതിനകം തന്നെ സഹൃദയ ശ്രദ്ധ നേടിക്കഴിഞ്ഞു. പിതൃസ്‌നേഹത്തിന്റെ എല്ലാ വൈകാരിക തലങ്ങളുമുള്‍കൊണ്ട് ഫൈസല്‍ ആ ഗാനമാലപിക്കുമ്പോള്‍ കന്നി പൂവേ സഹൃദയ മനസുകളെ കൂടുതല്‍ തരളിതമാക്കും.

പ്രവാസ ജീവിതത്തിന്റെ ഓരോ അനുഭവങ്ങളും കവിതകളാക്കി ജീവിതം കൊണ്ട് കവിത രചിക്കുന്ന കലാകാരനായി ഷാജു മാറുകയായിരുന്നു. ഖത്തറിലെ മാപ്പിള കല അക്കാദമിയും സുഹൃത്തുക്കളും നല്‍കിയ പിന്തുണയും പ്രോല്‍സാഹനവും കൈമുതലാക്കിയാണ് ഈ കലാകാരന്‍ തന്റെ സര്‍ഗയാത്രകളെ മനോഹരമാക്കുന്നത്. ജീവിതാനുഭവങ്ങളെ ലളിതമായ ഭാഷയിലും താളത്തിലും കവിതകളാക്കുന്നുവെന്നതാണ് ഷാജുവിന്റെ എഴുത്തുകളുടെ പ്രത്യേകത.
പഠിച്ച തളിക്കുളം ഹൈ സ്‌കൂളിലെ 85 ബാച്ചിന് വേണ്ടി ഷാജു എഴുതി ട്യൂണ്‍ ചെയ്ത സ്‌നേഹക്കൂട്ട് എന്ന പാട്ട് അടുത്തിടെയാണ് പുറത്തിറങ്ങിയത് .എഴുതി വെച്ച കുറച്ചു പാട്ടുകളുടെ വര്‍ക്കുകള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല.കന്നിപ്പൂവേ…, അരികില്‍ നീ..അരികില്‍ എന്നിവയാണ് അടുത്ത് റിലീസ് ആകാനുള്ള ആല്‍ബങ്ങള്‍ .കന്നിപ്പൂവേ.. ആലപിച്ചത് ഫൈസല്‍ റസാഖും അരികില്‍ നീ അരികില്‍ ആലപിച്ചത് അബു വാടാനപ്പള്ളിയുമാണ്.
റഹ്‌മത്തുന്നിസയാണ് ഭാര്യ. റുമൈസ മകളും അഹമദ് യാസീന്‍ മകനുമാണ് . സംഗീതം ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവരെന്ന നിലക്കാണ് ഇവര്‍ ഷാജുവിന്റെ സര്‍ഗസപര്യകളെ പിന്തുണക്കുന്നത്.