പാസേജ് ടു ഇന്ത്യക്ക് ഉജ്വല തുടക്കം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍, ഇന്ത്യന്‍ എംബസി, ഖത്തര്‍ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്ലാമിക് പാര്‍ക്ക് എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന ത്രിദിന സാംസ്‌കാരിക മാമാങ്കമായ പാസേജ് ടു ഇന്ത്യക്ക് ഉജ്വല തുടക്കം. പ്രശസ്ത ഇന്ത്യന്‍ ചിത്രകാരന്‍ വിലാസ് നായക്കിന്റെ ലൈവ് സ്‌കെച്ച് ഉള്‍പ്പെടെ നിരവധി സാംസ്‌കാരിക പ്രകടനങ്ങളോടെയാണ് മ്യൂസിയം ഓഫ് ഇസ് ലാമിക് ആര്‍ട് പാര്‍ക്കില്‍ ഇന്നലെ ഉദ്ഘാടനം നടന്നത്.
സമ്പന്നമായ ഇന്ത്യന്‍ സംസ്‌കാരം, പാരമ്പര്യം, നാനാത്വത്തില്‍ ഏകത്വം എന്നിവ ആഘോഷിക്കുന്നതിനാണ് ഐസിസി ഈ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ഖത്തറും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50 വര്‍ഷം തികയുന്ന ആഘോഷം കൂടിയാണിത്.
ഖത്തര്‍ മന്ത്രിയും ഖത്തര്‍ നാഷണല്‍ ലൈബ്രറി പ്രസിഡന്റുമായ ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരി മുഖ്യാതിഥിയായിരുന്നു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍, എല്ലാ അപെക്സ് ബോഡികളുടെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കള്‍ എന്നിവര്‍ മുഖ്യാതിഥിയെയും മറ്റ് വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്തു.
ഐ.സി.സി.യുടെ പ്രസിഡന്റ് എ.പി. മണികണ്ഠന്‍ സദസ്സിനെ സ്വാഗതം ചെയ്യുകയും സാംസ്‌കാരിക പ്രകടനങ്ങള്‍, ഇന്ത്യന്‍ പാചകരീതികള്‍, ഇന്ത്യന്‍ കരകൗശല വസ്തുക്കള്‍ മറ്റ് കലാരൂപങ്ങള്‍ എന്നിവ ആസ്വദിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
മാര്‍ച്ച് 7, 8, 9 തീയതികളില്‍ മ്യൂസിയം ഓഫ് ഇസ്ലാമിക് പാര്‍ക്കില്‍ വൈകിട്ട് 4 മുതല്‍ രാത്രി 11 വരെയാണ് പരിപാടി. പ്രവേശനം സൗജന്യമാണ്.