വിദ്വേഷ പ്രചാരണത്തെ സഹവര്‍ത്തിത്വത്തിലൂടെ ചെറുക്കുക: റെവ. ഡോ. വൈ.ടി വിനയരാജ്
ദോഹ: സാഹോദര്യത്തിന്റെയും പരസ്പര സഹവര്‍ത്തിത്വത്തിന്റെയും വിളംബര വേദിയായി ദോഹ റമദാന്‍ മീറ്റ്. പരസ്പര ബഹുമാനവും സഹിഷ്ണുതയും കൈമുതലാക്കി മാനവികതക്ക് വേണ്ടി നിലകൊള്ളണമെന്നും വര്‍ധിച്ചുവരുന്ന ഇസ് ലാമോഫോബിയയെയും വിദ്വേഷ പ്രചാരണങ്ങളെയും ഒറ്റക്കെട്ടായി ചെറുത്ത് പരാജയപ്പെടുത്തണമെന്നും ദോഹ റമദാന്‍ മീറ്റ് ആഹ്വാനം ചെയ്തു. ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രവുമായി സഹകരിച്ച് യൂത്ത് ഫോറം ഖത്തര്‍ സംഘടിപ്പിച്ച ദോഹ റമദാന്‍ മീറ്റ് ഡി.ഐ.സി.ഐ.ഡി മേധാവി മുഹമ്മദ് അല്‍ ഗാമിദി ഉദ്ഘാടനം ചെയ്തു. വ്യത്യസ്തമായ സംസ്‌കാരങ്ങളിലും നാഗരികതകളിലും വളര്‍ന്നു വരുന്ന നമുക്കിടയില്‍ സമാധാനവും സ്നേഹവും പരസ്പര ധാരണയും കെട്ടിപ്പടുക്കാനുള്ള വലിയ അവസരങ്ങളാണ് ഇത്തരം ഇഫ്താര്‍ സംഗമങ്ങളെന്ന് മുഹമ്മദ് അല്‍ ഗാമിദി പറഞ്ഞു. കഴിഞ്ഞ ദിവസം അന്തരിച്ച ഖത്തര്‍ ചാരിറ്റിയിലെ ദീര്‍ഘകാല ജീവനക്കാരനായിരുന്ന കെ.സി അബ്ദുര്‍ റഹ്‌മാനെ അനുസ്മരിച്ച് കൊണ്ടാണ് അല്‍ ഗാമിദി സംസാരം ആരംഭിച്ചത്. വിശുദ്ധ മാസത്തില്‍ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും, കര്‍മവീഥിയിലാണ് അദ്ദേഹം ദൈവസന്നിദ്ധിയിലേക്ക് മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഇസ് ലാം മതം പഠിപ്പിക്കുന്ന അടിസ്ഥാന മൂല്യങ്ങളായ സഹിഷ്ണുത, സഹാനുഭൂതി, അനുകമ്പ തുടങ്ങിയവ പ്രചരിപ്പിക്കാനും ഉയര്‍ത്തിക്കാട്ടാനും ഇത്തരം സംഗമങ്ങള്‍ സഹായിക്കുമെന്നും, നമുക്കിടയിലെ സാംസ്‌കാരിക ആശയവിനിമയത്തിനുള്ള അവസരം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ മേഖലയിലും നിറഞ്ഞ് നില്‍ക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റിയുമായുള്ള ഖത്തറിന്റെ ബന്ധം വര്‍ഷങ്ങളുടെ പഴക്കമുള്ളതാണെന്നും, ഇന്ത്യന്‍ സമൂഹത്തിന് വേണ്ടി പരിപാടി സംഘടിപ്പിച്ച യൂത്ത് ഫോറം ഖത്തറിന് നന്ദിയും അഭിനന്ദനങ്ങളും നേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ സമൂഹവുമായുള്ള നിരന്തര ആശയവിനിമയം നടത്താനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഡി.ഐ.സി.ഐ.ഡിയുടെ പൂര്‍ണ പിന്തുണ ഈ സന്ദര്‍ഭത്തില്‍ ഉറപ്പുനല്‍കുന്നുവെന്നും ഉദ്ഘാടന സംസാരത്തിനിടെ അദ്ദേഹം ഉറപ്പുനല്‍കി. മാനുഷിക പ്രശ്നങ്ങളില്‍ ശ്രദ്ധ ചെലുത്തുകയും നാം ജീവിക്കുന്ന സമൂഹത്തിന്റെ വളര്‍ച്ചയില്‍ ശ്രദ്ധ ചെലുത്തേണ്ടതും സമൂഹത്തിലെ ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്ന് സംഗമത്തിന് ആശംസ നേര്‍ന്ന് കൊണ്ട് ഖത്തര്‍ ചാരിറ്റി ലോക്കല്‍ പ്രൊജക്ട്സ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഫരീദ് ഖലീല്‍ അല്‍ സിദ്ദീഖി പറഞ്ഞു. ക്രിസ്റ്റ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സ്റ്റഡി ഓഫ് റിലീജ്യന്‍ ആന്‍ഡ് സൊസൈറ്റി തലവന്‍ റെവ. ഡോ. വൈ.ടി വിനയരാജ് സംഗമത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. യുദ്ധവും സംഘട്ടനങ്ങളും ഭിന്നതകളും വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളും ഇസ് ലാമോഫോബിയയും അടക്കിവാഴുന്ന ഒരു കാലഘട്ടത്തിലൂടെയാണ് സമൂഹം നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും, സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും പ്രചാരകരായി അവയെയെല്ലാം നാം ചെറുക്കണമെന്ന് ഡോ. വൈ.ടി വിനയരാജ് പറഞ്ഞു. ഏറെ വിഷമത്തോടെയാണ് ഇവിടെ നിങ്ങള്‍ക്ക് മുന്നില്‍ എഴുന്നേറ്റ് നില്‍ക്കുന്നതെന്നും, ഗസ്സയില്‍ നമ്മുടെ സഹോദരന്മാര്‍ കടുത്ത അതിക്രമങ്ങള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണെന്നും, പതിനായിരക്കണക്കിന് നിരപരാധികള്‍ ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ പ്രത്യേകിച്ച് ഗസ്സ ഒരു ദുരന്തഭൂമിയായി മാറിയിരിക്കയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വാഹകരായ സംഘപരിവാരത്തെ ചെറുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും ഇത്തരം ദുശ്ശക്തികള്‍ക്ക് യുവാക്കള്‍ ചെവികൊടുക്കരുതെന്നും കൂട്ടിച്ചേര്‍ത്തു. യൂത്ത് ഫോറം ഖത്തര്‍ സംഘടിപ്പിച്ച ദോഹ റമദാന്‍ മീറ്റിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ച ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദേശീയ പ്രതിനിധിസഭാംഗം ഡോ. നഹാസ് മാള പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ വെറുപ്പിന്റെ ആഴം കൂടി വരികയാണെന്നും മൃഗങ്ങളെ പോലും മതങ്ങളുടേതാക്കി വിഭജിക്കപ്പെട്ട കാലത്ത് നാമുള്ളതെന്നും, സഹിഷ്ണുതയും സാഹോദരവും കൊണ്ട് ഇതിനെയെല്ലാം ചെറുക്കണമെന്നും ഡോ. നഹാസ് കൂട്ടിച്ചേര്‍ത്തു. തൊട്ടടുത്ത മനുഷ്യരോട് ആദരവും സാഹോദര്യവും കാണിക്കുന്നതാണെന്ന് ജനാധിപത്യത്തിന്റെ കാതലെന്നും, വെറുപ്പും വിദ്വേഷവും നിറഞ്ഞ് ഇന്ത്യയുടെ ജനാധിപത്യമെന്ന വ്യവസ്ഥ മൃതാവസ്ഥയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യര്‍ പരസ്പരം ചേര്‍ന്നിരിക്കണം. സ്നേഹവും കരുതലും പരക്ഷേമ തല്‍പരതയും വീണ്ടെടുക്കണം. സമഭാവനയുടെ സന്ദേശത്തെ പ്രചരിപ്പിക്കണം. അതിന് ഇത്തരം സംഗമങ്ങള്‍ ഒരു മുതല്‍ക്കൂട്ടാകട്ടെ എന്ന് ആശംസിക്കുന്നു. ആത്മവിശുദ്ധിയുടെയും തയ്യാറെടുപ്പിന്റെയും ജീവിതത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്തുന്നതിന്റെയും സ്വന്തത്തെ വിലയിരുത്തുന്നതിന്റെയും മാസമാണ് റമദാന്‍. വരാനിരിക്കുന്ന പ്രതികൂല കാലാവസ്ഥക്ക് വേണ്ടി ഒരുങ്ങാനുള്ള സമയമാണ് ഓരോ റമദാനും നമുക്ക് നല്‍കുന്നത്. ഓരോ റമദാനും നമുക്ക് എന്ത് നല്‍കിയെന്ന് നാം വിലയിരുത്തണം. അദ്ദേഹം പറഞ്ഞു. യൂത്ത് ഫോറം രക്ഷാധികാരിയും സി.ഐ.സി പ്രസിഡന്റുമായ ടി.കെ ഖാസിം ആശംസകളര്‍പ്പിച്ച് സംസാരിച്ചു. യൂത്ത് ഫോറം പ്രസിഡന്റ് ബിന്‍ഷാദ് പുനത്തില്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര നിര്‍വാഹക സമിതി അംഗം അസ്ലം തൗഫീഖ് എം.ഐ സ്വാഗതവും ജനറല്‍ സെക്രട്ടറി ഹബീബ് റഹ്‌മാന്‍ നന്ദിയും പറഞ്ഞു.