നാല്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഐ.സി.ബി.എഫ്, അല്‍മുഫ്ത കോണ്‍ട്രാക്റ്റിംഗ് കമ്പനിയുമായി ചേര്‍ന്ന് ലേബര്‍ ക്യാമ്പില്‍ നോമ്പുതുറ സംഘടിപ്പിച്ചു
ദോഹ. ഇന്ത്യന്‍ എംബസ്സി അനുബന്ധ സംഘടനയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), നാല്‍പതാം വാര്‍ഷികാഘോഷങ്ങളുടെയും, പരിശുദ്ധ റമദാന്‍ മാസത്തിന്റെയും ഭാഗമായി, അല്‍മുഫ്ത കോണ്‍ട്രാക്റ്റിംഗ് കമ്പനിയുമായി സഹകരിച്ച്, ബിര്‍ക്കത്ത് അല്‍ അമീറിലെ അല്‍മുഫ്ത ലേബര്‍ ക്യാമ്പില്‍ തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച സമൂഹ നോമ്പുതുറയില്‍, തൊഴിലാളി സഹോദരങ്ങളും, ക്ഷണിക്കപ്പെട്ട കമ്മ്യൂണിറ്റി നേതാക്കളുമടക്കം ആയിരത്തി ഇരുന്നൂറോളം പേര്‍ പങ്കെടുത്തു. ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി വിപുല്‍ മുഖ്യാതിഥിയായിരുന്നു. സഹനത്തിന്റെയും, സഹാനുഭൂതിയുടെയും, മനുഷ്യത്വത്തിന്റെയും മഹത്വം വിളിച്ചോതുന്നതാണ് റമദാന്‍ മാസമെന്നും, ഇത്തരമൊരു നോമ്പുതുറയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐ.സി.ബി.എഫിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തൊഴിലാളി സമൂഹത്തിന് ഐക്യദാര്‍ഡ്യവും സഹായകരവുമായിത്തീരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റമദാന്‍ മാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, തൊഴിലാളി സഹോദരങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ നല്കുന്ന സന്ദേശത്തെക്കുറിച്ചും ഐ.സി. ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി. ഇത്തരമൊരു പരിപാടിയില്‍ ഐ.സി.ബി.എഫുമായി സഹകരിച്ച്, സമൂഹത്തിന്റെ ആവശ്യങ്ങളില്‍ പങ്ക് ചേരുന്നത് ഏറെ സന്തോഷകരമാണെന്ന് അല്‍മുഫ്ത കോണ്‍ട്രാക്ടിംഗ് കമ്പനി ജനറല്‍ മാനേജര്‍ വീരേഷ് മന്നങ്കി പറഞ്ഞു. ഐ.സി.ബി.എഫിന്റെ പ്രവര്‍ത്തനങ്ങള്‍,വിശിഷ്യാ റമദാന്‍ മാസ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്ന് ഐ.സി.ബി.എഫ് മുന്‍ പ്രസിഡണ്ട് നിലാംഗ്ഷു ഡേ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിന്‍ ദിന്‍കര്‍ ശങ്ക്പാല്‍, ഐ.സി. ബി.എഫ് മുന്‍ പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ഐ.സി.സി പ്രസിഡന്റ് ഏ പി മണികണ്ഠന്‍, വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗെലു, ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍, ഐ.സി.ബി.എഫ് ഉപദേശക സമിതി അംഗം ശശിധര്‍ ഹെബ്ബാല്‍, ഐ.സി. ബി.എഫ് അനുബന്ധ സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള കമ്മ്യൂണിറ്റി നേതാക്കള്‍ എന്നിവരും പങ്കെടുത്തു. ഇസ്തിയാഖ് അഹമ്മദ് റമദാന്‍ സന്ദേശം നല്‍കി. ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി പരിപാടികള്‍ ഏകോപിപ്പിച്ചു. സെക്രട്ടറി മുഹമ്മദ് കുഞ്ഞി സ്വാഗതവും, ട്രഷറര്‍ കുല്‍ദീപ് കൗര്‍ ബഹല്‍ ചടങ്ങിന് നന്ദിയും പറഞ്ഞു. ഐ.സി.ബി.എഫ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ശങ്കര്‍ ഗൗഡ്, സെറീന അഹദ്, കുല്‍വീന്ദര്‍ സിംഗ് ഹണി, അബ്ദുള്‍ റഊഫ് കൊണ്ടോട്ടി, സമീര്‍ അഹമ്മദ്, അല്‍മുഫ്ത ജീവനക്കാര്‍, കമ്മ്യൂണിറ്റി വോളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പരിപാടിയുടെ ഭാഗമായി ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സില്‍ ചേരാനുള്ള അവസരവും ഒരുക്കിയിരുന്നു.