ഖത്തര്‍ ബോര്‍ഡ് ഓഫ് മെഡിക്കല്‍ സ്‌പെഷ്യാലിറ്റീസ് പ്രഥമ ബാച്ചിന്റെ ഗ്രാജുവേഷന്‍ സെറിമണിയില്‍ മലയാളി തിളക്കം
ദോഹ. ഖത്തര്‍ ബോര്‍ഡ് ഓഫ് മെഡിക്കല്‍ സ്‌പെഷ്യാലിറ്റീസ് പ്രഥമ ബാച്ചിന്റെ ഗ്രാജുവേഷന്‍ സെറിമണിയില്‍ മലയാളി തിളക്കം. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ 2020 ജൂലൈ മാസത്തിലാണ് ഖത്തര്‍ മെഡിക്കല്‍ ബോര്‍ഡ് ( ഖത്തര്‍ ബോര്‍ഡ് ഓഫ് മെഡിക്കല്‍ സ്‌പെഷ്യാലിറ്റീസ്) രൂപീകൃതമായത്. ഈ ബോര്‍ഡില്‍ നിന്നും സ്‌പെഷലൈസേഷന്‍ ചെയ്ത ആദ്യത്തെ ബാച്ചിന്റെ ഗ്രാജുവേഷന്‍ സെറിമണി വെസ്റ്റ് ബെയിലെ സെന്ററിലെ മാരിയറ്റ് ഹോട്ടലില്‍ വെച്ച് നടന്നു.
ചടങ്ങില്‍ കമ്മ്യൂണിറ്റി മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍, അനസ്‌തേഷ്യയോളജി എന്നീ വിഭാഗങ്ങളില്‍ മെഡിക്കല്‍ സ്‌പെഷ്യലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടിയ 36 ഡോക്ടര്‍മാരെ ആദരിച്ചു.
സ്‌പെഷലൈസേഷന്‍ നേടിയ നാല് ഇന്ത്യക്കാരില്‍ മൂന്നുപേരും മലയാളികളാണ്. ഡോ. മര്‍സൂഖ് അസ് ലം, ഡോ. ആയിഷ സിദ്ദീഖ്, ഡോ. ആത്തിഖ സജീര്‍ എന്നിവരാണ് മലയാളികള്‍. സര്‍ട്ടിഫിക്കറ്റ് നേടിയ ഇന്ത്യാക്കാരില്‍ നാലാമത്തെയാള്‍ ഡോ. സഹ്ര്‍ മെഹാദിക്ക് മഹാരാഷ്ട്ര സ്വദേശിയാണ്.
ഖത്തര്‍ ആരോഗ്യവകുപ്പ് മന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍കുവാരി, ഡോ. സഹദ് അല്‍ കഅബി( സിഇഒ ആന്‍ഡ് ടെക്‌നിക്കല്‍ കമ്മിറ്റി) എന്നീ പ്രമുഖരും ആരോഗ്യമന്ത്രാലയത്തിന്റെയും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെയും ഡയറക്ടര്‍മാരും സീനിയര്‍ ഡോക്ടര്‍മാരും ചടങ്ങില്‍ സന്നിഹിതരായി.