റൂഹി മോള്‍ക്കായി കൈ കോര്‍ത്ത് സഫാരി ഗ്രൂപ്പ് മാനേജ്‌മെന്റും ജീവനക്കാരും
ദോഹ. എസ്.എം.എ രോഗം ബാധിച്ച് ചികില്‍സാ സഹായം തേടുന്ന റൂഹി മോള്‍ക്കായി കൈ കോര്‍ത്ത് സഫാരി ഗ്രൂപ്പ് മാനേജ്‌മെന്റും ജീവനക്കാരും. ലൈഫ് സേവിംഗ് കാമ്പയില്‍ ഫോര്‍ മല്‍ഖാ റൂഹി ധന സമാഹരണത്തിലേക്കായി ഒരു ലക്ഷം റിയാല്‍ ഖത്തര്‍ ചാരിറ്റിക്ക് കൈമാറിയാണ് സഫാരി ഗ്രൂപ്പ് സാമൂഹ്യ പ്രതിബദ്ധതയുടെ പുതിയ അധ്യായം രചിച്ചത്.
സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന അപൂര്‍വ്വ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന റൂഹി മോളുടെ ചികില്‍സാ ചെലവിലേക്കായി സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസിലെ സ്റ്റാഫുകളുടെ ഒരു ദിവസത്തെ വേതനം സഫാരി ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ഷഹീന്‍ ബക്കര്‍, മറ്റ് സഫാരി മാനേജ്‌മെന്റ് പ്രതിനിധികളും ചേര്‍ന്ന് ഖത്തര്‍ ചാരിറ്റി പ്രതിനിധി ഖാലിദ് അല്‍ യാഫി (ഡയറക്ടര്‍ ഓഫ് കസ്റ്റമര്‍ സര്‍വീസ്) , മര്‍വാന്‍ (ഹെഡ് ഓഫ് സി എസ്. ആര്‍) എന്നവര്‍ക്ക് കൈമാറി. സഫാരി കോര്‍പെറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി 100,000 ഖത്തര്‍ റിയാലാണ് മെയ് 20 ന് സഫാരി മാളില്‍ വെച്ച് സഫാരി ഗ്രൂപ്പ് മാനേജ്‌മെന്റ് ഖത്തര്‍ ചാരിറ്റി അധികൃതര്‍ക്ക് കൈമാറിയത്.
മെയ് ഒന്നു മുതല്‍ സഫാരി കെയേര്‍സ് എന്ന പേരില്‍ റൂഹി മോള്‍ക്കായി ചികിത്സാ സഹായ കാമ്പയില്‍ ആരംഭിച്ചപ്പോള്‍ തന്നെ, വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരും വിവിധ ഭാഷക്കാരുമായ സഫാരി ജീവനക്കാരെല്ലാം തന്നെ അതിനോട് സഹകരിക്കുകയും തങ്ങളുടെ ഒരു ദിവസത്തെ വേതനം റൂഹി മോള്‍ക്കായി മാറ്റിവെക്കാന്‍ തയ്യാറാകുകയുമായിരുന്നു. അതിനോടൊപ്പം സഫാരി സി. എസ്. ആര്‍ ഫണ്ടില്‍ നിന്നുള്ള വിഹിതവും ചേര്‍ത്താണ് സഫാരി ഗ്രൂപ്പ് ഈ തുക റൂഹി മോള്‍ക്കായി നല്‍കിയത്.
ജീവ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ഒരു വ്യക്തിയുടെയോ ഒരു വിഭാഗത്തിന്റെയോ മാത്രം ചുമതലയല്ലന്നും അത് ഒരു സമൂഹത്തിന്റെ തന്നെ പ്രതിബദ്ധതയും ഉത്തരവാദിത്വവുമാണന്നും, അതിനായി നമ്മളോരോരുത്തരും മുന്നിട്ടിറങ്ങണമെന്ന സന്ദേശമാണ് ഞങ്ങള്‍ ഇതിലൂടെ നല്‍കുന്നതെന്നും, ഇതിനായി സഹകരിച്ച തങ്ങളുടെ എല്ലാ ജീവനക്കാരും ഞങ്ങളുടെ അഭിമാനമാണെന്നും സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയക്ടര്‍ ഷഹീന്‍ ബക്കര്‍ അഭിപ്രായപ്പെട്ടു.
എന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും സജീവമായി ഇടപെടാറുള്ള സഫാരി ഗ്രൂപ്പ് ഖത്തറിലും ഇന്ത്യയിലും മറ്റു വിവിധ രാജ്യങ്ങളിലുമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തങ്ങളിലും പങ്കാളികളായിട്ടുണ്ട്.