സൂഖ് വാഖിഫില്‍ ഇന്ത്യന്‍ മാമ്പഴോത്സവത്തിന് തുടക്കമായി
ദോഹ. രാജ്യത്തുടനീളമുള്ള മാമ്പഴ പ്രേമികളെയും സാംസ്‌കാരിക ആസ്വാദകരെയും ആകര്‍ഷിക്കുന്ന ഊര്‍ജ്ജസ്വലമായ ഇന്ത്യന്‍ മാംഗോ ഫെസ്റ്റിവല്‍ (ഇന്ത്യന്‍ ഹമ്പ) സൂഖ് വാഖിഫില്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ മാമ്പഴങ്ങളുടെയും വിവിധ മാമ്പഴ ഉല്‍പന്നങ്ങളുടെയും സമ്പന്നമായ വൈവിധ്യവും വിശിഷ്ടമായ രുചികളും ആഘോഷിക്കുന്ന ഫെസ്റ്റിവല്‍, ഇന്ത്യന്‍ അംബാസഡര്‍ വിപുലും പിഇഒ മാനേജിംഗ് ഡയറക്ടര്‍ നാസര്‍ റാഷിദ് അല്‍ നഈമിയും സംയുക്തമായി ഉദ്ഘാടനം ചെയ്തു. വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോള്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഇബ്രാഹിം ഫഖ്റൂ ,അള്‍ജീരിയ, സ്വീഡന്‍, സിംഗപ്പൂര്‍, കിര്‍ഗിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഗിനിയ, ഇന്തോനേഷ്യ, ഉസ്ബെക്കിസ്ഥാന്‍, ദക്ഷിണ സുഡാന്‍, നൈജര്‍, പെറു എന്നീ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
പ്രശസ്തമായ അല്‍ഫോന്‍സോ, കേസര്‍, ബംഗനപള്ളി, തോതാപുരി, നീലം, മല്ലിക, മല്‍ഗോവ, ലംഗഡ തുടങ്ങി ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന മാമ്പഴങ്ങളാണ് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നത്.
മാമ്പഴ രുചികള്‍ക്ക് പുറമേ, പരമ്പരാഗത മാമ്പഴ വിഭവങ്ങള്‍, ജാം, ജ്യൂസ് ഐസ്‌ക്രീമുകള്‍ തുടങ്ങിയവയും ലഭ്യമാണ്.
ഈ പ്രദര്‍ശനം ജൂണ്‍ 8 വരെ ദിവസവും വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെ നടക്കും.