കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കി
അമാനുല്ല വടക്കാങ്ങര
ദോഹ. കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലോക കേരള സഭയുടെ ഇന്നത്തെ പരിപാടികള്‍ ഒഴിവാക്കി. ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളുമാണ് ഒഴിവാക്കിയത്.
ജൂണ്‍ 14 , 15 തീയ്യതികളില്‍ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കും. എന്നാല്‍ ആഘോഷ പരിപാടികള്‍ ഉണ്ടാവില്ലെന്ന് ഗവണ്‍മെന്റ് അറിയിച്ചു.
ലോക കേരള സഭയുടെ നാലാം പതിപ്പില്‍ 103 രാജ്യങ്ങളില്‍ നിന്നും 25 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കും. 200 ഓളം പ്രത്യേക ക്ഷണിതാക്കളെയും ഇത്തവണ പ്രതീക്ഷിക്കുന്നു.
നാലാം പതിപ്പില്‍, കരട് എമിഗ്രേഷന്‍ ബില്‍ 2021, വിദേശ റിക്രൂട്ട്മെന്റ് പ്രോഗ്രാമുകള്‍, സുസ്ഥിര പുനരധിവാസ സംരംഭങ്ങള്‍, എമിഗ്രേഷനിലെ സുരക്ഷയും ദുര്‍ബലമായ ലിങ്കുകളും, ഉയര്‍ന്നുവരുന്ന തൊഴിലവസരങ്ങളും നൈപുണ്യവും, വിവിധ രാജ്യങ്ങളിലെയും എന്‍ആര്‍കെകളിലെയും ഇമിഗ്രേഷന്‍, തൊഴില്‍ നിയമങ്ങളിലെ മാറ്റം, അതിലേക്കുള്ള പരിവര്‍ത്തനം എന്നിവയെക്കുറിച്ച് അവതരണങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
ഖത്തറില്‍ നിന്നും അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, അഹ്‌മദ് കുട്ടി അറളയില്‍, അബ്ദുല്‍ ജലീല്‍, എ. സുനില്‍കുമാര്‍, ഡോക്ടര്‍ പ്രതിഭാ രതീഷ് , ഷാനവാസ് തവയില്‍, രഘുനാഥ് കുളങ്ങരത്ത്, സുബൈര്‍ ചെറുമോത്ത് , അജി കുര്യാക്കോസ്, അഡ്വ. നിസാര്‍ കോച്ചേരി, കബീര്‍ തുടങ്ങിവരെ കൂടാതെ സി വി റപ്പായി, ജെ കെ മേനോന്‍ എന്നിവര്‍ നോര്‍ക്ക ഡയറക്ടര്‍മാരായും ഇ എം സുധീര്‍ ക്ഷേമനിധി ഡയറക്ടറായും ലോക കേരള സഭ അംഗങ്ങളാണ്.
2018-ല്‍ ആണ് ലോകമെമ്പാടുമുള്ള കേരളീയരുടെ ഒരു പൊതുവേദിയായി ആദ്യ ലോക കേരള സഭ ചേര്‍ന്നത്. മൂന്നാം പതിപ്പ് 2022 ജൂണില്‍ ആയിരുന്നു.