എന്‍.വി.ബി.എസിന് അറേബ്യന്‍ ലെഗസി അച്ചീവ്‌മെന്റ് പുരസ്‌കാരം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ന്യൂ വിഷന്‍ ബാറ്റ് മിന്റണ്‍ സ്‌പോര്‍ട്‌സിന് അറേബ്യന്‍ ലെഗസി അച്ചീവ്‌മെന്റ് പുരസ്‌കാരം. ഖത്തര്‍ കായിക മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രത്തിലൂടെ അന്തര്‍ദേശീയ നിലവാരമുള്ള ബാറ്റ് മിന്റന്‍ താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിനുള്ള അംഗീകാരമായാണ് പുരസ്‌കാരം.
ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്ന കമോണ്‍ കേരള വേദിയില്‍ എന്‍.വി.ബി.എസ് സ്ഥാപകയും സിഇഒയുമായ ബേനസീര്‍ മനോജും മുഖ്യ പരിശീലകനും കോ ഫൗണ്ടറുമായ മനോജ് സാഹിബ് ജാനും പുരസ്‌കാരം ഏറ്റുവാങ്ങി.
ഖത്തര്‍ ഒളിമ്പിക് കമ്മറ്റിയില്‍ ഖത്തര്‍ ദേശീയ ബാറ്റ് മിന്റണ്‍ പരിശീലകനായി സേവനമനുഷ്ഠിച്ച അനുഭവ സമ്പത്തുമായാണ് പത്‌നി ബേനസീറുമായി ചേര്‍ന്ന് 2016 ല്‍ ന്യൂ വിഷന്‍ ബാറ്റ് മിന്റണ്‍ സ്‌പോര്‍ട്‌സ് സ്ഥാപിച്ചത്. നിരവധി തവണ ജില്ലാ ചാമ്പ്യനും സംസ്ഥാന ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങളും നേടിയ മനോജിന്റേയും ടീമിന്റേയും പരിശീലനത്തിന് മികച്ച പ്രകടനമാണ് എന്‍.വി.ബി.എസ് താരങ്ങള്‍ കാഴ്ചവെക്കുന്നത്. സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ബേനസീര്‍ മനോജിന്റെ പൂര്‍ണ പിന്തുണയും മേല്‍നോട്ടവുമുണ്ട്.
തങ്ങളുടെ കീഴില്‍ പരിശീലനം നടത്തുന്നവരുടെ പുരോഗതി വിലയിരുത്തുന്നതിനായി മനോജ് രൂപകല്‍പന ചെയ്ത നൂതന വിശകലന രീതിയും പ്രോഗസ് റിപ്പോര്‍ട്ടുമൊക്കെ എന്‍വിബിഎസിന്റെ സവിശേഷതയാണ്.
ഖത്തറിലും ഗള്‍ഫിലും മാത്രമല്ല ഇന്ത്യയിലും നടക്കുന്ന വിവിധ ടൂര്‍ണമെന്റുകളില്‍ എന്‍.വി.ബി.എസിന്റെ താരങ്ങള്‍ തിളങ്ങുന്നത് സ്ഥാപനത്തിലെ ചിട്ടയായ പരിശീലനത്തിലൂടെയാണ്.