നാല്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തൊഴിലാളികള്‍ക്കായി 48-ാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് ഐ.സി.ബി.എഫ്
ദോഹ. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം ( ഐ.സി.ബി.എഫ്) 40-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും മികച്ച ആരോഗ്യ പരിരക്ഷ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, നസീം ഹെല്‍ത്ത് കെയറുമായി സഹകരിച്ച് തൊഴിലാളികള്‍ക്കായി 48-ാമത് സൗജന്യ സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജൂലൈ 26 ന് സി റിംഗ് റോഡിലെ നസീം ഹെല്‍ത്ത്‌കെയറില്‍ വച്ച് നടന്ന ക്യാമ്പ് ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇത്തരം ജനോപകാരപ്രദമായ ലക്ഷ്യത്തിനായി കൈകോര്‍ത്ത ഐ.സി.ബി.എഫിനെയും നസീം ഹെല്‍ത്ത്കെയറിനെയും അദ്ദേഹം അഭിനന്ദിച്ചു. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്ക് പ്രയോജനപ്പെടുന്ന പരിപാടികള്‍ തുടര്‍ച്ചയായി സംഘടിപ്പിക്കുന്ന ഐ.സി.ബി.എഫ് ഭാരവാഹികളെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. ക്യാമ്പിലെ സൗകര്യങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം, ഡോക്ടര്‍മാരുമായും രോഗികളുമായും സന്നദ്ധപ്രവര്‍ത്തകരുമായും സംവദിച്ചു. ഐ.സി.ബി.എഫ് സെക്രട്ടറിയും മെഡിക്കല്‍ ക്യാമ്പ് മേധാവിയുമായ മുഹമ്മദ് കുഞ്ഞി സ്വാഗതം ആശംസിച്ചു.
ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍ അദ്ധ്യക്ഷത വഹിച്ചു. തൊഴിലാളി സഹോദരങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള ഇത്തരം മെഡിക്കല്‍ ക്യാമ്പുകളുടെ പ്രാധാന്യം എടുത്തു പറഞ്ഞ അദ്ദേഹം നസീം ഹെല്‍ത്ത്കെയറിന്റെ മികച്ച പിന്തുണയ്ക്ക് നന്ദി പറഞ്ഞു. നസീം ഹെല്‍ത്ത്കെയര്‍ ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ ബാബു ഷാനവാസ്, ഇത്തരമൊരു മഹത്തായ പ്രവൃത്തിക്കായി ഐ.സി. ബി.എഫുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ.പി. അബ്ദുറഹിമാന്‍, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സെക്രട്ടറി എബ്രഹാം ജോസഫ്, നസീം ഹെല്‍ത്ത് കെയര്‍ എ.ജി.എം റിഷാദ് പി കെ എന്നിവരും ചടങ്ങില്‍ സംസാരിച്ചു. നസീം ഹ്യൂമന്‍സ് പ്രസിഡന്റ് ഡോ. സമ്പത്ത് സുന്ദര്‍ നന്ദി പറഞ്ഞു.
ഐ.സി.ബി.എഫ് മുന്‍ പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, ഐ.എസ്.സി സെക്രട്ടറി പ്രദീപ് പിള്ള, ഐ.സി.സി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സജീവ് സത്യശീലന്‍, ഗാര്‍ഗി വൈദ്യ, നന്ദിനി അബ്ബഗൗണി, ഉപദേശക സമിതി അംഗം ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, വിവിധ അനുബന്ധ സംഘടനാ പ്രതിനിധികള്‍ എന്നിവരും സന്നിഹിതരായിരുന്നു.
ക്യാമ്പില്‍ കാര്‍ഡിയോളജി, യൂറോളജി, ഡെര്‍മറ്റോളജി, ഇ.എന്‍. ടി, ജനറല്‍ മെഡിസിന്‍, ഡെന്റല്‍ കെയര്‍ തുടങ്ങി വിവിധ മേഖലകളില്‍ സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരുന്നു. ഫാര്‍മസി, വിവിധ ലാബോറട്ടറി പരിശോധനകള്‍, പ്രാഥമിക രക്തപരിശോധനകള്‍, ഇ .സി .ജി, ടി.എം.ടി എന്നിവയുള്‍പ്പെടെയുള്ള മറ്റ് സൗകര്യങ്ങളും ലഭ്യമാക്കിയിരുന്നു.
കൃത്രിമ ശ്വാസോച്ഛാസ പരിശീലനം, പുകയില വിരുദ്ധ ബോധവല്‍ക്കരണം തുടങ്ങിയവയും മെഡിക്കല്‍ ക്യാമ്പിന്റെ ഭാഗമായിരുന്നു. 300 ല്‍ അധികം പേര്‍ ക്യാമ്പ് പ്രയോജനപ്പെടുത്തി.
ഐ.സി.ബി.എഫ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ശങ്കര്‍ ഗൗഡ്, നീലാംബരി സുശാന്ത്, ഉപദേശക സമിതി അംഗങ്ങളായ ടി.രാമശെല്‍വം, ശശിധര്‍ ഹെബ്ബാള്‍, നസീം ഹ്യൂമന്‍സ് സെക്രട്ടറി ഇഖ്ബാല്‍ അബ്ദുള്ള, കോര്‍പ്പറേറ്റ് റിലേഷന്‍സ് ഹെഡ് സന്ദീപ് ജി നായര്‍, അസിസ്റ്റന്റ് മാനേജര്‍ നന്ദിനി സത്വവ്, ക്വാളിറ്റി ഇന്‍ചാര്‍ജ് ഷെമി ഹാഷിം എന്നിവരോടൊപ്പം ഐ.സി.ബി.എഫ് ജീവനക്കാരും കമ്മ്യൂണിറ്റി വോളന്റിയര്‍മാരും ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനായി രംഗത്തുണ്ടായിരുന്നു.