വൈവിധ്യമാര്‍ന്ന പരിപാടികളോടെ കുവാഖ് ഓണാഘോഷം അരങ്ങേറി
ദോഹ : ഖത്തറിലെ കണ്ണൂര്‍ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ കുവാഖിന്റെ ഓണാഘോഷ പരിപാടി ഓണാരവം 2024 പൂനെ യൂനിവേഴ്‌സിറ്റി ഹാളില്‍ അരങ്ങേറി. പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ഐസിബിഫ് പ്രസിഡണ്ട് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു. ശിശു രോഗ വിദഗ്ധ ഡോ ജിഷ ശങ്കര്‍ മുഖ്യാതിഥിയായിരുന്നു.
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് റീജണല്‍ ഹെഡ് സന്തോഷ് ടി വി,ട്രഷറര്‍ ആനന്ദജന്‍,പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സൂരജ് രവീന്ദ്രന്‍,രാഖി വിനോദ്, സ്‌നിഗ്ദ ദിനേശ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഉദ്ഘാടന ചടങ്ങിന് ജനറല്‍ സെക്രട്ടറി റിജിന്‍ പള്ളിയത്ത് സ്വാഗതവും ജോ. കള്‍ച്ചറല്‍ സെക്രട്ടറി ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
കുവാഖ് കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി. മാവേലി മന്നന്റെ എഴുന്നള്ളിപ്പിന് അകമ്പടിയോതി മേളം ദോഹയുടെ കലാകാരന്‍മാര്‍ വേദിയിലെത്തി. തിരുവാതിരക്കളി , പൂരക്കളി , കുച്ചിപ്പിടി , ഗ്രൂപ്പ് ഡാന്‍സുകള്‍ ഒപ്പം കുവാഖ് അംഗങ്ങളുടെ സോളോ സോങ്സ് എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി.
റേഡിയോ നാടക മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കുവാഖ് അവതരിപ്പിച്ച ‘ സുരേന്ദ്രനും ഞാനും’ എന്ന നാടകത്തിലെ കലാകാരന്മാരെ ചടങ്ങില്‍ ആദരിച്ചു. ഡോ. റഷീദ് പട്ടത്ത് മെമന്റോകള്‍ കലാകാരന്മാര്‍ക്ക് കൈമാറി.വിഭവ സമൃദ്ധമായ ഓണസദ്യയും പരിപാടിക്ക് കൊഴുപ്പേകി.