Local News

തൃശൂര്‍ ജില്ലാ സൗഹൃദവേദി ഓണാഘോഷം – ഓണത്താളം 2024 ശ്രദ്ധേയമായി

ദോഹ. തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ഓണാഘോഷമായ ‘ഓണത്താളം 2024’ ശ്രദ്ധേയമായി. രണ്ടു ഘട്ടങ്ങളിലായാണ് ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ നടന്നത്. സൗഹൃദവേദിയും ടാക് ഖത്തറും റേഡിയോ സുനോയും സഫാരി ഹൈപ്പര്‍മാര്‍ക്കറ്റുമായി ചേര്‍ന്ന് സഫാരി മാളില്‍ മെഗാ പൂക്കളം, പായസമത്സരം, ചെണ്ട മേളം, നാടന്‍ പാട്ട്, വടംവലി, വിവിധ കലാപരിപാടികള്‍ എന്നിവയോടെ ഓണഘോഷത്തിന് കൊടിയേറിയപ്പോള്‍ കൊട്ടിക്കലാശം സെപ്റ്റംബര്‍ ഹാമില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ മെഗാ ഓണസദ്യ, മാവേലി, പുലിക്കളി, കേരളത്തനിമ വിളിച്ചോതുന്ന വിവിധ കലാപരിപാടികള്‍, കലാഭവന്‍ നസീബ് അവതരിപ്പിച്ച മിമിക്രി & ഫിഗര്‍ ഷോ എന്നിവയോടെ നടന്നു.

വേദി പ്രവര്‍ത്തകര്‍ തയ്യാറാക്കിയ ഖത്തറിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പൂക്കളം സഫാരി മാളില്‍ ഒരുക്കിയപ്പോള്‍ അതിന്റെ ഭംഗിയും പ്രൗഡിയും ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.

വേദി വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന, ഏറെ ശ്രദ്ധേയമായ പായസമത്സരത്തില്‍ പുരുഷന്മാരും വനിതകളും അടക്കം 16 പേര്‍ വിവിധ തരം പായസങ്ങള്‍ അണി നിരത്തിയപ്പോള്‍ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുവാന്‍ ഖത്തറിലെ അറിയപ്പെടുന്ന ഷെഫുകള്‍ വിധികര്‍ത്താക്കളായി എത്തി. റൈജു ജോര്‍ജ്, റീമ റസാക്ക്, ആമിന അബ്ദുള്‍ ഷുക്കൂര്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്തമാക്കി.

സ്‌പോര്‍ട്‌സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍, വനിതാ ടീമുകളടക്കം 10 ഓളം ടീമുകളെ പങ്കെടുപ്പിച്ചു നടന്ന വടംവലി മത്സരത്തിലെ ഇഞ്ചോടിഞ്ചു നടന്ന പോരാട്ടത്തില്‍ മഞ്ഞപ്പടയും, അച്ചായന്‍സ് ടീമും സൗഹൃദവേദി ടീമും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്തമാക്കി.
വനിതാ ടീമുകളില്‍, മല്ലു ഫിറ്റ്‌നസ്സും ഷി സ്‌ക്വാഡ് സംസ്‌കൃതിയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.

നാട്ടില്‍ നിന്നെത്തിയ പാചക വിദഗ്ദര്‍ തയ്യാറാക്കിയ ഓണസദ്യയില്‍, വേദി അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പുറമെ വേദിയോടു ചേര്‍ന്നു നില്‍ക്കുന്ന നിരവധി അതിഥികളും പങ്കെടുത്തു.

വേദി വനിതാ കൂട്ടായ്മയും, കള്‍ച്ചറല്‍ കമ്മിറ്റിയും ചേര്‍ന്നൊരുക്കിയ, വേദി കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച, കഥകളി അടക്കമുള്ള വിവിധ കേരളീയ കലാരൂപങ്ങളുടെ ആവിഷ്‌കാരമായ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള റിതം ഓഫ് കേരളയും ടാക് ഖത്തര്‍ നൃത്താദ്ധ്യാപകരുടെ ശിക്ഷണത്തില്‍ അരങ്ങേറിയ ടാകിലെ വിദ്യാര്‍ത്ഥികളോടു കൂടി അവതരിപ്പിച്ച സെമി ക്ലാസിക്കല്‍, വെസ്റ്റേണ്‍ ബോളിപോപ്പ് ഡാന്‍സുകളും ചെണ്ടമേളം, നാടന്‍പാട്ട്, കലാഭവന്‍ നസീബിന്റെ ഷോ, വേദി ഗായകരുടെ ഗാനമേള എന്നിവയും കാണികള്‍ക്ക് വ്യത്യസ്തമായ അനുഭവമായി.

തൃശൂര്‍ ജില്ലാ സൗഹൃദ വേദി പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ച ഔദ്യോഗിക ചടങ്ങില്‍ വേദി ജനറല്‍ സെക്രട്ടറി വിഷ്ണു ജയറാം ദേവ് സ്വാഗതം പറഞ്ഞു. രക്ഷാധികാരിയും നോര്‍ക്ക റൂട്‌സ് ഡയറക്ടറും ആയ ജെ.കെ. മേനോന്‍ മുഖ്യാതിഥിിയായ യോഗം ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഉത്ഘാടനം ചെയ്തു. സൗഹൃദവേദി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ വി.എസ് . നാരായണന്‍ ആശംസകള്‍ അര്‍പ്പിച്ചു. ജനറല്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് മുസ്തഫ, വേദി കുടുംബസുരക്ഷാ പദ്ധതി ചെയര്‍മാന്‍ പ്രമോദ് മൂന്നിനി, കാരുണ്യം പദ്ധതി ചെയര്‍മാന്‍ ശ്രീനിവാസന്‍, കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാന്‍ ജിഷാദ്, ടാക് ഖത്തര്‍ എംഡി പി മൊഹസിന്‍, വേദി വനിതാ കൂട്ടായ്മ ചെയര്‍പേഴ്‌സണ്‍ റജീന സലീം എന്നിവര്‍ വേദിയില്‍സന്നിഹിതരായിരുന്നു. ഓണത്താളം പ്രോഗ്രാം കോര്‍ഡിനേറ്ററും വേദി ഫിനാന്‍ഷ്യല്‍ കണ്‍ട്രോളറുമായ ശ്രീ. ജയാനന്ദന്‍ നന്ദി പറഞ്ഞതോടെ ഔദ്യോഗിക ചടങ്ങിന് തിരശീല വീണു.

ഖത്തറിലെ പ്രശസ്ത അവതാരകരായ അക്കു അക്ബറും മഞ്ജു മനോജും പരിപാടി ഹൃദ്യമാക്കി

Related Articles

Back to top button
error: Content is protected !!