Local News

ഇശല്‍ മാല ഖത്തര്‍ സ്‌നേഹാദരവും അനുസ്മരണവും സംഘടിപ്പിച്ചു

ദോഹ – ഇശല്‍ മാല മാപ്പിള കലാ സാഹിത്യ വേദി ഖത്തര്‍ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി പാട്ടു ജീവിതത്തിന്റെ മൂന്ന് പതിറ്റാണ്ടു പിന്നിട്ട പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ സയ്യിദ് മഷ്ഹൂദ് തങ്ങള്‍ക്ക് സ്‌നേഹാദരവും, മുന്‍ ഖത്തര്‍ പ്രവാസിയും കവിയുമായിരുന്ന പി കെ ഖാലിദ് അനുസ്മരണവും സംഘടിപ്പിച്ചു .
പ്രശസ്ത മാപ്പിള കവിയത്രിയായിരുന്ന എസ് . എം ജമീല ബീവിയുടെ മകനായ മഷ്ഹൂദ് തങ്ങള്‍ ഉമ്മയുടെ ഗാനങ്ങള്‍ സംഗീതം ചെയ്തും ആലപിച്ചുമാണ് പാട്ട് ജീവിതം തുടങ്ങിയത് . ഓള്‍ ഇന്ത്യ റേഡിയോ ആര്‍ട്ടിസ്റ്റായി ബാല്യ കാലം മുതല്‍ പ്രവര്‍ത്തിച്ച തങ്ങള്‍ ഗാനമേളകളിലും കാസറ്റ് കാലത്തിലും തുടങ്ങി ഇന്നും സജീവ സാന്നിധ്യമാണ് . ബിസ്മില്ലാഹി റഹ്‌മാനി റഹീം അമീനി, എന്ന സൂഫി കലാം ഉള്‍പ്പെടെ ശ്രദ്ധേയമായ ഒട്ടേറെ ഗാനങ്ങള്‍ സംഗീതം നിര്‍വ്വഹിച്ചിട്ടുമുണ്ട് . 1999 സൗദിയില്‍ തുടങ്ങിയ പ്രവാസ ജീവിതത്തില്‍ ഇരുപത് വര്‍ഷക്കാലം സൗദിയിലെ വേദികളില്‍ സജീവ സാന്നിധ്യമായി.2019 ല്‍ ഖത്തറിലേക്ക് പ്രവാസം മാറുകയായിരുന്നു .
സ്‌നേഹാദരം ചടങ്ങില്‍ ഇശല്‍ മാല ജനറല്‍ സെക്രട്ടറി സുബൈര്‍ വെള്ളിയോട് സ്വാഗതം ആശംസിച്ചു . വര്‍ക്കിംഗ് പ്രസിഡന്റ് ജാഫര്‍ തയ്യിലിന്റെ അധ്യക്ഷതയില്‍ ഐ.സി.ബി.എഫ് അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ എസ് എ എം ബഷീര്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു . വരികളുടെ ആഴങ്ങളിലേക്ക് ശ്രോതാക്കളെ കൂട്ടി കൊണ്ട് പോകുന്ന ആലാപനത്തിന്റെ അപാരമായ സൗന്ദര്യത്തിന്റെ ഉടമയാണ് തങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . ഇശല്‍ മാല ഖത്തര്‍ പ്രസിഡന്റ് ഡോ അബ്ദുസ്സമദ് തങ്ങള്‍ക്ക് ഉപഹാരം നല്‍കി . ഇരുപത്തി അഞ്ച് വര്‍ഷക്കാലമായി പ്രവാസ ലോകത്ത് തന്റെ സര്‍ഗാത്മകതയില്‍ സമ്പന്നമാക്കിയ തങ്ങള്‍ കലയുടെ വിശാലമായ കാന്‍വാസില്‍ അടയാളപ്പെടുത്തേണ്ട നാമം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇശല്‍മാല രക്ഷാധികാരി കെ മുഹമ്മദ് ഈസ പൊന്നാട അണിയിച്ചു . ഐ സി ബി ഫ് മാനേജിങ് കമ്മിറ്റി അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി , മഷൂദ് തിരുത്തിയാട് , സി പി എ ജലീല്‍ തുടങ്ങിയവര്‍ പി എ ഖാലിദിനെ അനുസ്മരിച്ചു സംസാരിച്ചു . കവിതകളും ഗാനങ്ങളും ഉള്‍പ്പെടെ 200 ല്‍ പരം രചനകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഖാലിദ് ജീവനുള്ള പ്രമേയങ്ങളെയും ചരിത്രത്തെയുമാണ് പ്രധാന രചന വിഷയമായി തിരഞ്ഞെടുത്തിരുന്നത് എന്ന് അനുസ്മരണ പ്രഭാഷകര്‍ ഓര്‍മിച്ചു . അഷ്‌റഫുല്‍ അമ്പിയാ രാജാവിന് പൂമകള്‍, എന്ന മാപ്പിളപ്പാട്ടും ഉമ്മ എന്ന കവിതയും അദ്ദേഹത്തിന്റെ ഹിറ്റുകളില്‍ ചിലതാണ് .
ഇശല്‍ മാല പത്താം വാര്‍ഷിക സാംസ്‌കാരിക സംഗമത്തിന്റെ പോസ്റ്റര്‍ പ്രകാശനം അരോമ ഫൈസല്‍, പ്രോഗ്രാം കമ്മിറ്റി ട്രഷറര്‍ കാസിം അരിക്കുളത്തിന് നല്‍കി നിര്‍വഹിച്ചു . അവശ കലാകാരന്മാര്‍ക്ക് ഇശല്‍ മാല ഖത്തര്‍ ഏര്‍പ്പെടുത്തുന്ന പെന്‍ഷന്‍ പദ്ധതിയുടെ പോസ്റ്റര്‍ ലോഞ്ചിങ് കെ മുഹമ്മദ് ഈസ, സത്താര്‍ വില്ല്യപ്പള്ളിക്ക് നല്‍കി നിര്‍വഹിച്ചു . ഐസിബഫ് മാനേജിങ് കമ്മിറ്റി അംഗം സറീന അഹദ് , സവാദ് വെളിയങ്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു . മഷൂദ് തങ്ങളുടെ നേതൃത്വത്തില്‍ സക്കീര്‍ സരിഗ, ഷമീര്‍ മലപ്പുറം , റിയാസ് യാസ് , ഫാരിഷ് കോഴിക്കോട് , അഷ്റഫ് വാണിമേല്‍ എന്നിവര്‍ അണിനിരന്ന മെഹ്ഫിലും അരങ്ങേറി . ഷെഫീര്‍ വാടാനപ്പള്ളി അവതാരകനായിരുന്നു . സുബൈര്‍ വാണിമേല്‍ , നൗഷാദ് അബ്ജര്‍ , ലത്തീഫ് പാതിരിപ്പറ്റ, റഹൂഫ് മലയില്‍, ഷിബില്‍ മലയില്‍ തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു . മുസ്തഫ എലത്തൂര്‍ നന്ദി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!