അറബിക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് , ലാര്‍ജ് ലാംഗ്വേജ് മോഡല്‍ – ഫനാര്‍- പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ദോഹ: അറബിക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (എല്‍എല്‍എം) ഫനാറിന്റെ ഉദ്ഘാടനം പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി നിര്‍വഹിച്ചു.
കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ചൊവ്വാഴ്ച ആരംഭിച്ച വേള്‍ഡ് എഐ സമ്മിറ്റിന്റെ ഉദ്ഘാടനത്തിനിടെയായിരുന്നു ഇത്.
രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉച്ചകോടിയില്‍ പങ്കെടുത്തു.
എ ഐ യുഗത്തില്‍ അറബി ഭാഷയുടെയും അറബി, ഇ സ് ലാമിക സംസ്‌കാരത്തിന്റെയും സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള ഖത്തറിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന ശ്രദ്ധേയമായ നേട്ടമാണ് ഫനാര്‍ പ്രതിനിധീകരിക്കുന്നത്. കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവും ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ എജ്യുക്കേഷന്‍, സയന്‍സ്, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അംഗമായ ഹമദ് ബിന്‍ ഖലീഫ സര്‍വകലാശാലയും തമ്മിലുള്ള ഫലപ്രദമായ സഹകരണത്തിന്റെ ഫലമായാണ് ഇത് സാക്ഷാല്‍ക്കരിക്കപ്പെട്ടത്.