
ലോക കൈ ശുചിത്വദിനത്തിന്റെ പ്രസക്തിയേറുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. സെക്കന്റുകള്‍ ജീവന് രക്ഷിക്കും , നിങ്ങളുടെ കൈകള്‍ വൃത്തിയാക്കുക എന്ന ശ്രദ്ധേയമായ പ്രമേയത്തോടെ കൈ ശുചിത്വദിനത്തിന്റെ പ്രാധാന്യമടയാളപ്പെടുത്തുന്ന കാമ്പയിനമായി പൊതുജനാരോഗ്യമന്ത്രാലയം രംഗത്ത് . മെയ് 5 ലോക കൈ ശുചിത്വദിനത്തിന്റെ ഭാഗമായാണ് കാമ്പയിന് സംഘടിപ്പിക്കുന്നത്.
ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെയും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെയും സഹകരണത്തോടെ, ഖത്തറിലെ എല്ലാ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളിലും ആരോഗ്യ പരിരക്ഷ നല്കുന്നതില് മികച്ച ശുചിത്വ നടപടിക്രമങ്ങളുടെ പ്രാധാന്യം എടുത്തുകാണിക്കുന്ന വിപുലമായ ഒരു കാമ്പയിനാണ് പൊതുജനാരോഗ്യമന്ത്രാലയം ആരംഭിച്ചത്.

എല്ലാവര്ക്കും കൈ ശുചിത്വം എന്നത് ഏറെ പ്രധാനമാണ് . പ്രതിരോധമാണ് ചികില്‍സയേക്കാള്‍ പ്രധാനമെന്നതില്‍ തര്‍ക്കമില്ല. കൈ ശുചിത്വത്തിലൂടെ ധാരാളം രോഗങ്ങളെ പ്രതിരോധിക്കാം.
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആഗോള കൈ കഴുകല്‍ ദിനത്തിന്റെ പസക്തിയേറുകയാണ് . സോപ്പുപയോഗിച്ച് കൈ കഴുകലാണ് രോഗ പ്രതിരോധത്തിന്റെ ഏറ്റവും കാര്യക്ഷമമായ രീതി എന്ന് സമൂഹത്തെ ഉദ്ബോധിപ്പിക്കുന്നതിനുള്ള ദിനമാണ് ഹാന്‍ഡ് ഹൈജീന്‍ ഡേ അഥവാ കൈ ശുചിത്വ ദിനം
നിത്യ ജീവിതത്തില്‍ പലപ്പോഴും കൈകളിലൂടെയാണ് നമ്മുടെ ശരീരത്തിലേക്ക് വിവിധ രോഗാണുക്കള്‍ പ്രവേശിക്കുന്നത്. ഇടക്കിടക്ക് കൈ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുകയാണെങ്കില്‍ മിക്കവാറും അണുക്കളേയും പ്രതിരോധിക്കാമെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കൈ ശുചിത്വ ദിനം ആചരിക്കുന്നത്.