ലഹരി: ശക്തമായ നിയമ നടപടികളും ജാഗ്രതയും അനിവാര്യം – പ്രവാസി വെല്‍ഫെയര്‍

ദോഹ : നാട്ടില്‍ നടക്കുന്ന വ്യാപകമായ ലഹരി ഉപയോഗവും തുടര്‍ന്നുണ്ടാകുന്ന കുറ്റകൃത്യങ്ങളും ഭയം ഉളവാക്കുന്നതാണെന്നും ലഹരി വ്യാപനത്തെ പ്രതിരോധിക്കാന്‍ ശക്തമായ നിയമ നടപടികളും ജാഗ്രതയും അനിവാര്യമാണെന്ന് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
പിടികൂടുന്നവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം അനുവദിക്കുന്നതും പ്രതികളെ സംരക്ഷിക്കുന്ന വിധം ബാഹ്യ ഇടപെടലുകള്‍ ഉണ്ടാകുന്നതും ലഹരി നിയമ നടപടികളെ ദുര്‍ബലമാകുന്നു. ലഹരി വസ്തുക്കള്‍ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കേണ്ട എക്‌സൈസ് വകുപ്പില്‍ വേണ്ടത്ര ജീവനക്കാരില്ലാത്തതും ആയുധങ്ങള്‍ ഇല്ലാത്തതും പ്രായോഗികമായ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കേവലമായ പ്രഖ്യാപനങ്ങളും പരിപാടികളും മാത്രമല്ല, സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഇത്തരം പോരായ്മകള്‍ പരിഹരിക്കാന്‍ ആവശ്യമായ ചടുല നീക്കങ്ങള്‍ ആണുണ്ടാകേണ്ടത്.
നിയമ നടപടികള്‍ക്കൊപ്പം പൊതു സമൂഹത്തില്‍ നിന്നും അതിശക്തമായ ജാഗ്രതയും ഉണ്ടാകണം. ലഹരി ഉപഭോക്താക്കളെയും ഇടപാടുകാരെയും ഒറ്റപ്പെടുത്താനും നിയമത്തിനു മുന്നില്‍ കൊണ്ടവരാനും പൊതു സമൂഹം ജാഗ്രത കാണിക്കണം. സ്‌കൂള്‍ – കോളേജ് കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി വ്യാപനത്തില്‍ സ്ഥാപന അധികാരികളും രക്ഷിതാക്കളും വിദ്യാര്‍ഥി സംഘടനാ നേതാക്കളും നാട്ടുകാരും ചേര്‍ന്നുള്ള ജാഗ്രത സമിതികള്‍ രൂപീകരിക്കണം. ലഹരി ഉപയോഗത്തിനും വ്യാപാരത്തിനും പിടിക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായവരാണ് എന്നത് ഏറെ ദുഖകരമായ കാര്യമാണ്. ഇത്തരക്കാര്‍ക്കെതിരെ നടപടി എടുക്കാനും നിയമത്തിന് നല്‍കാനും വിദ്യാര്‍ഥി സംഘടനകള്‍ ശ്രമിക്കണം. ലഹരി ഉപയോഗത്തിന്റെ ദുഷ്ഫലങ്ങള്‍ ഏറ്റവും കൂടുതല്‍ ആശങ്കയില്‍ ആഴ്ത്തിയിരിക്കുന്നത് പ്രവാസികളെയാണ്. കൗമാര പ്രായത്തിലുള്ള പ്രവാസി മാതാപിതാക്കളുടെ മക്കള്‍ പലപ്പോഴും ഹോസ്റ്റലുകളിലും ബന്ധു വീടുകളിലും വളരേണ്ട സാഹചര്യമുണ്ട്. അവരെ ലഹരി അടിമകളാക്കാന്‍ എളുപ്പമാണ് എന്ന ചിന്ത വ്യാപകമാണ്. ഇത് പ്രവാസികളില്‍ കനത്ത ആശങ്കയും പലതരം മാനസിക കുടുംബ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. വിദേശ രാജ്യത്തേക്ക് വരുന്നവരെ മനപ്പൂര്‍വം കുടുക്കുന്ന ലഹരിക്കടത്ത് തടയണം. ഇതിനായി നാട്ടിലെ എയര്‍പോര്‍ട്ടുകളില്‍ പരിശോധന കര്‍ശനമാക്കുകയും നാട്ടില്‍ നിന്ന് തന്നെ നിയമ നടപടി എടുക്കാനുള്ള സംവിധാനവും ഉണ്ടാകണം. പ്രവാസി വെല്‍ഫെയര്‍ ഈ വിഷയത്തില്‍ സക്രിയമായി ഇടപെടാനും ശക്തമായ കാമ്പയിന്‍ ആവിഷ്‌കരിക്കാനും തീരുമാനിച്ചു. ഈദ് ദിനത്തില്‍ പ്രവാസി മലയാളികള്‍ക്കിടയില്‍ ലഹരി വിരുദ്ധ സന്ദേശം എത്തിക്കുകയും ഉപരിപഠനത്തിനായി നാട്ടിലേക്ക് പോകുന്ന കുട്ടികളില്‍ ശക്തമായ ബോധവത്കരണം നടത്തുകയും ചെയ്യും. പ്രസിഡന്റ് ആര്‍ ചന്ദ്രമോഹന്‍ അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡണ്ടുമാരായ അനീസ് റഹ്‌മാന്‍,റഷീദലി, സാദിഖലി സി, മജീദലി, നജ്ല നജീബ്, ജനറല്‍ സെക്രട്ടറിമാരായ ഷാഫി മൂഴിക്കല്‍, അഹമ്മദ് ഷാഫി തുടങ്ങിയവര്‍ സംസാരിച്ചു.