ബിസിനസിനും നിക്ഷേപത്തിനും ഖത്തറില്‍ മികച്ച സാധ്യത: രാജേഷ് മേനോന്‍

അമാനുല്ല വടക്കാങ്ങര
ദോഹ. ബിസിനസിനും നിക്ഷേപത്തിനും ഖത്തറില്‍ മികച്ച സാധ്യതയാണുള്ളതെന്നും അടുത്ത ആറ് മാസത്തിനകം ബിസിനസ് ചുറ്റുപാടുകള്‍ കൂടുതല്‍ മെച്ചപ്പെടുമെന്നും സാമ്പത്തിക വിദഗ്ധനും അന്താരാഷ്ട്ര ഓഡിറ്റിംഗ് സ്ഥാപനമായ ബാക്കര്‍ ടില്ലി ഖത്തര്‍ സിഇഒയുമായ രാജേഷ് മേനോന്‍ അഭിപ്രായപ്പെട്ടു. ഇന്റര്‍നാഷണല്‍ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഫിഫ 2022 ലോകകപ്പിന് ശേഷം ഖത്തറില്‍ സാമ്പത്തിക പ്രതിസന്ധിയും മാന്ദ്യവുമാണെന്ന തരത്തിലുള്ള വാദഗതികള്‍ക്കൊന്നും യാതൊരു അടിസ്ഥാനവുമില്ലെന്നും ഓയില്‍ ആന്റ് ഗ്യാസ് മേഖലയിലും സ്വകാര്യ മേഖലയിലും ശക്തമായ സാമ്പത്തിക നിലയാണ് ഖത്തറിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വൈവിധ്യവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവുമൊക്കെ ഖത്തര്‍ സാമ്പത്തിക വ്യവസ്ഥയെ കൂടൂതല്‍ ഊര്‍ജസ്വലവും ആകര്‍ഷകവുമാക്കുകയാണ്. ഓരോ മേഖലയിലുംആവശ്യമായ ഉത്തേജനം നല്‍കുന്ന നടപടികളാണ് ഗവണ്‍മെന്റ് സ്വീകരിക്കുന്നതെന്നും 2025 തുടക്കത്തില്‍ തന്നെ സാമ്പത്തിക വളര്‍ച്ചയു
ടെ സൂചനകളാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. 6 മാസത്തിനകം സ്ഥിതിഗതികള്‍ കൂടുതല്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഖത്തറിലെ ജനസംഖ്യ ഏകദേശം മുപ്പത് ലക്ഷമാണ്. അതുകൊണ്ട് തന്നെ ചില രംഗങ്ങളില്‍ ആവശ്യത്തിലധികം സപ്‌ളൈ ഉള്ളതിനാല്‍ ചില വെല്ലുവിളികളുണ്ട്. ഡിമാന്‍ഡും സപ്‌ളൈയും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് ബിസിനസിനാവശ്യം. ഖത്തറിലെ മിക്ക ബിസിനസുകളും നല്ല നിലക്കാണ് പോകുന്നത്. വളര്‍ച്ച നിരക്ക് കുറവുള്ള സമയത്ത് വരവിനനുസരിച്ച് ചിലവ് ക്രമീകരിച്ച് പിടിച്ച് നില്‍ക്കുകയും വൈവിധ്യവല്‍ക്കരണ പരിപാടികളുമായി ബിസിനസിനെ കൂടുതല്‍ സജീവമാക്കുകയും വേണം. ഏതെങ്കിലും മേഖലയില്‍ വളര്‍ച്ചാസാധ്യത കുറവാണെന്ന് കണ്ടാല്‍ ആവശ്യമായ പരിഹാര നടപടികള്‍ സ്വീകരിക്കണം.
ബിസിനസ് രംഗത്തെ പുതിയ സ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ വേണം നിക്ഷേപമിറക്കാന്‍. വിശദമായ കണ്‍സല്‍ട്ടേഷനും വിദഗ്‌ധോപദേശവും ബിസിനസില്‍ ഏറെ പ്രധാനമാണ്. തുടങ്ങാന്‍ എളുപ്പമുള്ള ബിസിനസല്ല, വളര്‍ച്ചാസാധ്യതയുള്ള സംരംഭങ്ങളിലാണ് നിക്ഷേപമിറക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
മാര്‍ക്കറ്റ് പൊട്ടന്‍ഷ്യല്‍, സാധ്യതകള്‍, വെല്ലുവിളികള്‍ എന്നിവ വിശകലനം ചെയ്താണ് ഏത് ബിസിനസും മുന്നോട്ടുകൊണ്ടുപോകേണ്ടതെന്നും കാപിറ്റല്‍ മാനേജ്‌മെന്റ് ശ്രദ്ധയോടെ നിര്‍വഹിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷിതത്വവും സ്റ്റെബിലിറ്റിയും ഖത്തറില്‍ ബിസിനസിന് ഏറ്റവും അനുഗുണമായ അവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്നും അതിനനുഗുണമായ സാഹചര്യമാണ് രൂപപ്പെടുന്നതെന്നും അദ്ദേഹം അടിവരയിട്ടു.