ലുസൈല്‍ സ്‌കൈ ഫെസ്റ്റിവല്‍ ഇന്നു മുതല്‍

ദോഹ: ഖത്തരി ഡയാറുമായി സഹകരിച്ച് വിസിറ്റ് ഖത്തര്‍ സംഘടിപ്പിക്കുന്ന മേഖലയിലെ ഏറ്റവും വലിയ വിനോദ പരിപാടിയായ ലുസൈല്‍ സ്‌കൈ ഫെസ്റ്റിവല്‍ ഇന്നു മുതല്‍ ആരംഭിക്കും. ഏപ്രില്‍ 5 വരെയാണ് ആഘോഷ പരിപാടികള്‍. ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങളോടനുബന്ധിച്ചാണ് ലുസൈല്‍ സ്‌കൈ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. വൈകുന്നേരം 4 മണി മുതല്‍ രാത്രി 10 മണിവരെയായിരിക്കും ആഘോഷം.
ലുസൈലിന്റെ പ്രശസ്തമായ അല്‍ സാദ് പ്ലാസയില്‍ നടക്കുന്ന ഈ പരിപാടിയില്‍ സന്ദര്‍ശകര്‍ക്ക് തുറന്ന അന്തരീക്ഷത്തില്‍ സവിശേഷമായ ദൃശ്യാനുഭവം ആസ്വദിക്കാനാകും.
അന്താരാഷ്ട്ര എയറോബാറ്റിക്സ്, സ്‌കൈ ഡൈവിംഗ്, സ്‌കൈറൈറ്റിംഗ് പ്രകടനങ്ങള്‍, അതിവേഗ ജെറ്റ് ഡിസ്പ്ലേകള്‍ എന്നിവയുള്‍പ്പെടെ നിരവധി ആകാശ പ്രകടനങ്ങള്‍ ലുസൈല്‍ സ്‌കൈ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും.
വര്‍ണ്ണാഭമായ പുക, ലേസര്‍ ഡിസ്പ്ലേകള്‍, ആകാശ പൈറോടെക്നിക്കുകള്‍ എന്നിവ ഉപയോഗിച്ച് സങ്കീര്‍ണ്ണമായ രൂപങ്ങള്‍ സൃഷ്ടിക്കുന്ന വിമാനങ്ങളുടെ പ്രദര്‍ശനവും മനോഹരമായ ഡ്രോണ്‍ ഷോകളും പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയും.
ഉത്സവത്തിന്റെ ഭാഗമായി, സ്‌കൈ ഡൈവിംഗ് പ്രദര്‍ശനങ്ങള്‍, സംഗീതത്തിന്റെയും ലൈറ്റ് ഇഫക്റ്റുകളുടെയും സമന്വയിപ്പിച്ച ര ലേസര്‍, വെടിക്കെട്ട് പ്രദര്‍ശനങ്ങള്‍, 3,000-ത്തിലധികം പ്രകാശിത ഡ്രോണുകളും കരിമരുന്ന് പ്രയോഗങ്ങള്‍ ഘടിപ്പിച്ച 150 വിമാനങ്ങളും അവതരിപ്പിക്കുന്ന അസാധാരണമായ ഡ്രോണ്‍ ഷോ എന്നിവ രാത്രി ആകാശത്ത് മാസ്മരിക ചിത്രങ്ങള്‍ സൃഷ്ടിക്കും.