‘കള്ളനും പോലീസും’ റിലീസ് ഇന്ന്

ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ. ലൈറ്റ് ബോയ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ നിധീഷ് രാജ് സംവിധാനം ചെയ്ത കള്ളനും പോലീസും എന്ന ഹ്രസ്വ ചിത്രം ഇന്ന് ദോഹ സമയം 1.30 പ്രേക്ഷകരിലേക്ക്. സൈന മൂവീസാണ് ചിത്രം റിലീസ് ചെയ്യുന്നത്.
പൂര്‍ണമായും സിനിമ സ്റ്റൈലില്‍ ദോഹയില്‍ ചിത്രീകരിച്ച ഹ്രസ്വ ചിത്രമാണിത്. ഖത്തറിലെ പരിമിതമായ സൗകര്യങ്ങളില്‍ നിന്ന് അഭിനയത്തോടും സിനിമയോടുമുള്ള അഭിനിവേശമാണ് ഈ ചിത്രത്തിലൂടെ സാക്ഷാല്‍ക്കരിച്ചത്.
ദോഹയില്‍ നടന്ന ഒരു ഫിലിം വര്‍ക് ഷോപ്പില്‍ പങ്കെടുത്ത സുഹൃത്തുക്കളാണ് ഈ ചിത്രത്തിന്റെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചത്. മുഴുനീള കുടുംബ ചിത്രമായ കള്ളനും പോലീസിലും ജീവിതത്തിന്റെ വിവിധ തലങ്ങളിലെ സമൂഹത്തിന്റെ നിലപാടുകളും ശീലങ്ങളും മാത്രമല്ല തലമുറകളുടെ ഗൃഹാതുര ഓര്‍മകളും കടന്നുവരുന്നു. പഴയ കാലത്ത് കള്ളനും പോലീസും കളിച്ചിരുന്ന കുടുംബാന്തരീക്ഷത്തില്‍ രൂപപ്പെടുന്ന എല്ലാ സംഭവവികാസങ്ങളും ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിക്കുമ്പോള്‍ ജീവിതത്തില്‍ ആത്മാര്‍ഥ സൗഹൃദങ്ങളുടേയും നല്ല നിമിഷങ്ങളുടേയും പ്രാധാന്യം അടയാളപ്പെടുത്തുകയാണ്.
മിഥുല, രഞ്ജു, രജീഷ്, ഹരീഷ്, ഷാം ദോഹ, ജിജോ വര്‍ഗീസ്, അജിത് കുമാര്‍, സൗമ്യ പ്രിയന്‍, ചിപ്പി തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരാണ് പത്തൊമ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. സനൂപ് ശങ്കര്‍, ഷിഹാബ് എന്നിവര്‍ നിര്‍മാണ സഹായികളായി ടീമിന് കരുത്തേകി. പലര്‍ക്കും സിനിമ അഭിനയമെന്ന മോഹം പൂവണിയിക്കുക മാത്രമല്ല മുഴുനീള ചിത്രത്തിലേക്ക് കാലെടുത്തുവെക്കുവാനുള്ള ആത്മവിശ്വാസം പകരുന്നതായിരുന്നു ഈ സംരംഭം.
നാട്ടില്‍ നാടക രംഗത്തും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലക്കുമൊക്കെ നിരവധി വേദികളില്‍ അവസരം ലഭിച്ചുവെങ്കിലും പൂര്‍മായും സിനിമാറ്റിക് രീതിയില്‍ കഥയും തിരക്കഥയുമെഴുതി ഒരു ചിത്രം സംവിധാനം ചെയ്യുകയെന്ന തന്റെ സ്വപ്‌ന സാക്ഷാല്‍ക്കാരമാണ് കള്ളനും പോലീസുമെന്ന് സംവിധായകന്‍ നിധീഷ് രാജ് പറഞ്ഞു. അഭിനയത്തിനും സംവിധാനത്തിനുമൊക്കെ അവസരം നേടി പലയിടങ്ങളിലും അലഞ്ഞുനടന്നിട്ടുണ്ട്. ഈ മോഹം പൂവണിയുമ്പോള്‍ അനുഭവിക്കുന്ന സായൂജ്യം അവാച്യമാണ്.
ടീസറിന് ലഭിച്ച പ്രതികരണങ്ങള്‍ ഏറെ ആശാവഹമായിരുന്നുവെന്നും ഖത്തറിലും പുറത്തുമുള്ള സിനിമ പ്രവര്‍ത്തകരുടേയും കലാകാരന്മാരുടേയും ക്രിയാത്മകമായ പ്രതികരണങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിധീഷ് രാജ് കഴിഞ്ഞ വര്‍ഷം ഓട്ടോക്കാരന്റെ സമ്മാനം എന്ന പേരില്‍ ഒരു ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിരുന്നു.എന്നാല്‍ കള്ളനും പോലീസും എന്ന ചിത്രം പുതിയ കാഴ്ചപ്പാടും സ്വപ്‌നങ്ങളുമാണ് സംവിധായകനും അണിയറ പ്രവര്‍ത്തകര്‍ക്കും നല്‍കിയത്. പുതിയ ചിത്രത്തിന്റെ ടീസറിന് ലഭിച്ച വമ്പിച്ച സ്വീകാര്യതയും പ്രോല്‍സാഹനങ്ങളും സമീപ ഭാവിയില്‍ ഒരു പൂര്‍ണ ചിത്രം തന്നെ സാധ്യമാകുമെന്ന പ്രതീക്ഷയും ആത്മവിശ്വാസവുമാണ് കള്ളനും പോലീസും ടീമിന് നല്‍കുന്നത്.
