Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മികവുയര്‍ത്താന്‍ മദ്രസ അധ്യാപക പരിശീലനം

അമാനുല്ല വടക്കാങ്ങര

ദോഹ: സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി ഖത്തര്‍, ഇന്റഗ്രേറ്റഡ് എഡ്യുകേഷന്‍ കൗണ്‍സില്‍ ഇന്ത്യയുമായി സഹകരിച്ച് ഖത്തറിലെ വിവിധ അല്‍ മദ്രസ അല്‍ ഇസ് ലാമിയ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കായി അധ്യാപക പരിശീലന പ്രോഗ്രാം സംഘടിപ്പിച്ചു. ഒരാഴ്ച നീണ്ടു നിന്ന പരിശീലന പരിപാടിയില്‍ വിദ്യാഭ്യാസ മേഖലയിലെ പുതിയ കാഴ്ചപ്പാടുകളും അധ്യാപനത്തിലെ നൂതന രീതികളും സജീവ ചര്‍ച്ചാ വിഷയമായി.

കേരള മദ്രസ എഡ്യുക്കേഷന്‍ ബോര്‍ഡ് മുന്‍ ഡയറക്ടറും ഇന്റഗ്രേറ്റ്ഡ് എഡ്യുക്കേഷന്‍ കൗണ്‍സില്‍ ഇന്ത്യ ട്രെയിനറുമായ സുഷീര്‍ ഹസന്‍, മദ്രസ എഡ്യുക്കേഷന്‍ ബോര്‍ഡ് പാഠ പുസ്തക നിര്‍മ്മാണ സമിതി അംഗമായ ശാക്കിര്‍ കുന്നത്ത് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

പ്രീ പ്രൈമറി അധ്യാപനം, ഖുര്‍ആന്‍ പാരായണ നൈപുണി നേടാനുള്ള പുതിയ പാഠ്യ പദ്ധതി (തിലാവതീ), കുട്ടികളുടെ അറബി ഭാഷാ പഠനം കൂടുതല്‍ ഫലപ്രദവും എളുപ്പവുമാക്കുന്നതിന് വേണ്ടി രൂപപ്പെടുത്തിയ പുതിയ പുസ്തകം (ലിസാനീ 1, 2, 3, 4), അസസ്‌മെന്റ് എന്നിവയില്‍ പരിശീലനം നടന്നു. വക്‌റയിലെ ശാന്തിനികേതന്‍ സ്‌കൂളില്‍ വെച്ച് നടന്ന പരിശീലന പരിപാടിക്ക് സി ഐ സി വിദ്യാഭ്യാസ വിഭാഗം മേല്‍നോട്ടം വഹിച്ചു. അഞ്ച് ദിവസങ്ങളിലായി നടന്ന പരിശീലന പരിപാടിയില്‍ നാല് മദ്‌റസകളില്‍ നിന്നായി 120 ഓളം അധ്യാപകര്‍ പങ്കെടുത്തു.

സമാപന പരിപാടിയുടെ ഉദ്ഘാടനം സി ഐ സി പ്രസിഡന്റ് ടി കെ കാസിം നിര്‍വഹിച്ചു. വിദ്യാഭ്യാസ വിഭാഗം തലവന്‍ കെ സി അബ്ദുല്‍ ലത്വീഫ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍, പരിശീലനം ലഭിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സി ഐ സി ജനറല്‍ സെക്രട്ടറി നൗഫല്‍ പാലേരി, സെക്രട്ടറി ഷബീര്‍ എന്നിവരില്‍ നിന്ന് വിവിധ മദ്രസാ പ്രധാനാധ്യാപകരായ എം ടി ആദം, ഡോ: അബ്ദുല്‍ വാസിഅ് , കെ എന്‍ മുജീബ് റഹ്മാന്‍ എന്നിവര്‍ ഏറ്റുവാങ്ങി.

പരിശീലന പരിപാടിയില്‍ നിന്നും ആര്‍ജിച്ച പുതിയ അറിവുകളുടെയും അനുഭവങ്ങളുടെയും വെളിച്ചത്തില്‍ അധ്യാപനത്തില്‍ കൂടുതല്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത് അനുഭവങ്ങള്‍ പങ്കുവെച്ചവര്‍ ആത്മ വിശ്വാസം പ്രകടിപ്പിച്ചു. അധ്യാപനത്തിലെ നൂതന രീതികള്‍ നടപ്പിലാക്കുന്നതോടെ സി ഐ സിയുടെ കീഴിലുള്ള ഖത്തറിലെ മദ്രസകള്‍ക്ക് പഠനത്തോടൊപ്പം വ്യക്തിത്വ വികാസത്തിലും ഭാവിയില്‍ മികച്ച നേട്ടങ്ങളും പ്രവര്‍ത്തന മികവും കാഴ്ചവെക്കാനാവുമെന്ന് പരിശീലനത്തിന് നേതൃത്വം നല്‍കിയവര്‍ അഭിപ്രായപ്പെട്ടു.

പരിശീലകര്‍ക്കുള്ള ഉപഹാരം ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി പ്രസിഡന്റ് റഷീദ് അഹ്മദ് സമ്മാനിച്ചു. വൈസ് പ്രസിഡണ്ട് അന്‍വര്‍ ഹുസ്സൈന്‍, ദോഹ മദ്രസ മാനേജ്മന്റ് കമ്മിറ്റി പ്രസിഡന്റ് ബിലാല്‍ ഹരിപ്പാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സി ഐ സി വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി മൊയ്നുദ്ദീന്‍ സ്വാഗതവും ശാന്തിനികേതന്‍ വക്‌റ മദ്‌റസ പ്രിന്‍സിപ്പല്‍ എം ടി ആദം സമാപനവും നിര്‍വ്വഹിച്ചു.

Related Articles

Back to top button