
ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനയാത്രയ്ക്ക് ചെലവേറും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനയാത്രയ്ക്ക് ചെലവേറും. ഇന്ത്യയിലേക്ക് യാത്ര ചെയ്യുവാന്‍ അത്യാവശ്യമായ പിസിആര്‍ പരിശോധനകള്‍ ഖത്തറിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ നിര്‍ത്തി വെക്കുന്നതോടെ വിമാനയാത്രയ്ക്ക് ചെലവേറും.
കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ഖത്തറിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും റെഡ് ക്രസന്റ് സൊസൈറ്റിയും യാത്രക്ക് വേണ്ടിയുള്ള സൗജന്യ പരിശോധനകള്‍ നിര്‍ത്തി വെക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ പുതിയ തീരുമാനം നിലവില്‍ വരുമെന്നാണ് അറിയുന്നത്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സൗജന്യ പിസിആര്‍ നിര്‍ത്തിവെക്കുന്നതോടെ യാത്രക്കാര്‍ സ്വകാര്യ ക്ലിനിക്കുകളെ പരിശോധനയ്ക്ക് വേണ്ടി ആശ്രയിക്കേണ്ടിവരും. സ്വകാര്യ ക്ലിനിക്കുകളില്‍ 400 മുതല്‍ 500 വരെയാണ് പിസിആര്‍ പരിശോധനയ്ക്ക് ചാര്‍ജ് ഈടാക്കുന്നത്.
കോവിഡ് കാരണം ജോലിയും ബിസിനസ്സും ഒക്കെ തകര്‍ന്നു തരിപ്പണമായി പ്രതിസന്ധിയിലായ പ്രവാസി സമൂഹത്തിന് ഇരട്ടി പ്രഹരം ആയിരിക്കും ഇത്. ഏപ്രില്‍ ഒന്നുമുതല്‍ ഇന്ത്യയില്‍ നിന്നുമുള്ള എവിയേഷന്‍ സെക്യൂരിറ്റി ഫീസ് മൂലമുള്ള ടിക്കറ്റ് ചാര്‍ജ്ജിന്റെ അമിതഭാരം വഹിക്കാന്‍ നിര്‍ബന്ധിതരായ പ്രവാസി സമൂഹത്തിന് അങ്ങോട്ട് പോകുമ്പോഴും അധികഭാരം വരുന്നത് വലിയ പ്രയാസമാകും.
