മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ എല്‍.ഡി.എഫ് എസ്.ഡി.പി.ഐ കൂട്ടുകെട്ട്: സിപിഐ(എം) സംസ്ഥാന സെക്രട്ടറി മറുപടി പറയണം

ദോഹ. വരാനിരിക്കുന്ന ത്രിതല പഞ്ചായത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ ഗൗരവതരമാണെന്ന് ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
യു.ഡി.എഫ് നെ പരാജയപ്പെടുത്തുന്നതിനായി എല്‍.ഡി.എഫ് എസ്.ഡി.പി.ഐയോടൊപ്പം ചേര്‍ന്നിരിക്കുന്നതും, പഞ്ചായത്ത് ഭരണത്തില്‍ ബി.ജെ.പി യെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ നടക്കുന്നതും വളരെ ആശങ്കാജനകമാണെന്ന് പ്രസിഡന്റ് അന്‍വര്‍ കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ എരിയാല്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ആസാദ് നഗര്‍ വാര്‍ഡില്‍ ഐ.എന്‍.എല്ലിന് അനുവദിച്ച സീറ്റില്‍ നിന്ന് സ്ഥാനാര്‍ത്ഥി നാമനിര്‍ദേശം പിന്‍വലിച്ച് എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിക്ക് എല്‍.ഡി.എഫ് തുറന്ന പിന്തുണ നല്‍കിയതോടെയാണ് ഈ കൂട്ടുകെട്ട് വ്യക്തമായത്. കൂടാതെ 11, 12, 13ാം വാര്‍ഡുകളിലും ഇതേ സഖ്യം സജീവമാണെന്നും കെഎംസിസി ആരോപിച്ചു.
പഞ്ചായത്തില്‍ ബി.ജെ.പി ശക്തമായ എതിര്‍ ശക്തിയായിരിക്കെ, 2, 3ാം വാര്‍ഡുകളില്‍ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ബി.ജെ.പി എളുപ്പത്തില്‍ മുന്നേറാന്‍ അവസരം സൃഷ്ടിക്കുന്നതും എല്‍.ഡി.എഫ് നിലപാടിന്റെ ഗൗരവം വെളിപ്പെടുത്തുന്നതാണെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
