Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

റമദാനില്‍ ട്രാഫിക് പോലീസ് പട്രോളിംഗ് ശക്തമാക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: പൊതുജനങ്ങളില്‍ ട്രാഫിക് അവബോധം സൃഷ്ടിക്കുവാനും അപകടങ്ങള്‍ കുറയ്ക്കുന്നതിനുമായി റമദാനില്‍ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ട്രാഫിക് പട്രോളിംഗ് ശക്തമാക്കുമെന്ന് ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

റമദാനിലെ ഗതാഗത രംഗത്തെ സ്വഭാവത്തിന് അനുസൃതമായി സമഗ്രമായ ഗതാഗത പദ്ധതി ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ട്രാഫിക് ബോധവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ ജാബര്‍ മുഹമ്മദ് അദീബെ പത്രക്കുറിപ്പില്‍ അറിയിച്ചു.

എല്ലാ റോഡ് ഉപയോക്താക്കളെയും ട്രാഫിക് അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ട്രാഫിക് പട്രോളിംഗ് വ്യാപിപ്പിക്കുന്നതിലൂടെ വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും. ഇഫ്താറിന് മുമ്പും ശേഷവുമുള്ള സമയം കൂടുതല്‍ ജാഗ്രതയുണ്ടാകും.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ശരിയായ ട്രാഫിക് പെരുമാറ്റ മര്യാദകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സ്വത്തും ജീവനും സംരക്ഷിക്കുന്നതിനും ട്രാഫിക് നിയമങ്ങളെക്കുറിച്ച് കമ്മ്യൂണിറ്റി അവബോധം വര്‍ദ്ധിപ്പിക്കുന്നതിനുള്ള അവസരമാണ് റമദാന്‍ എന്നും അദ്ദേഹം സൂചിപ്പിച്ചു. വിശുദ്ധ റമദാന്‍ മാസത്തില്‍ റോഡില്‍ സുരക്ഷയുടെ തോത് ഉയര്‍ത്തുന്നതിനായി ട്രാഫിക് ബോധവല്‍ക്കരണ വകുപ്പ് വെര്‍ച്വല്‍ പ്‌ളാറ്റ് ഫോമിലൂടെ വൈവിധ്യമാര്‍ന്ന ബോധവല്‍ക്കരണ പദ്ധതി തയ്യാറാക്കിയിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു.

വാണിജ്യ തെരുവുകളിലും സമുച്ചയങ്ങളിലും പൊതു സ്ഥലങ്ങളിലും ചുറ്റുമുള്ള ഗതാഗതം സുരക്ഷിതമാക്കാന്‍ വിശുദ്ധ മാസത്തില്‍ ട്രാഫിക് പട്രോളിംഗ് പ്രവര്‍ത്തിക്കുമെന്ന് ലഫ്റ്റനന്റ് കേണല്‍ അദീബെ വിശദീകരിച്ചു.

ട്രക്കുകള്‍ക്ക് അനുവദിച്ച സമയക്രമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി നഗരങ്ങളുടെയും ബാഹ്യ റോഡുകളുടെയും പ്രവേശന കവാടങ്ങളിലും പുറത്തും പട്രോളിംഗ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും.

റമദാനില്‍ രാവിലെ 7:30 മുതല്‍ 10 മണി വരേയും, 12:30 മുതല്‍ 3:00 മണിവരേയും 5.30 മുതല്‍ 12 മണിവരേയും ട്രക്കുകള്‍ക്ക് നഗരപ്രദേശങ്ങളില്‍ പ്രവേശനമില്ല.

കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ എല്ലാവരും പാലിക്കുന്നുവെന്നുറപ്പുവരുത്തുന്നതിനുള്ള ബോധവല്‍ക്കരണവും വകുപ്പ് നടത്തും. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, മൊബൈലില്‍ ഇഹ് തിറാസ് ഡൗണ്‍ലൗഡ് ചെയ്യുന്നുവെന്നും അപ്‌ഡേറ്റഡായി സൂക്ഷിക്കുന്നുവെന്നും ഉറപ്പുവരുത്തല്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കും

മദീനത്ത് ഖലീഫ ട്രാഫിക് വകുപ്പ് രാവിലെ 9 മണി മുതല്‍ ഉച്ചകഴിഞ്ഞ് 2 മണി വരെയാണ് പ്രവര്‍ത്തിക്കുക. എന്നാല്‍ ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് 24 മണിക്കൂറും പ്രവര്‍ത്തിക്കും. സാങ്കേതിക പരിശോധന വകുപ്പുകള്‍ വെള്ളി, ശനി ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 8മണി മുതല്‍ വൈകുന്നേരം 4 മണി വരെയാണ് പ്രവര്‍ത്തിക്കുക.

Related Articles

Back to top button