ഖത്തറില്‍ പിടിയിലായ 24 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളില്‍ 9 പേര്‍ മോചിതരായി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഇറാനില്‍ നിന്നും രണ്ട് ബോട്ടുകളിലായി മല്‍സ്യ ബന്ധനത്തിനിറങ്ങുകയും അബദ്ധത്തില്‍ ഖത്തര്‍ ജലാതിര്‍ത്തി ഭേദിച്ച് പിടിക്കപ്പെടുകയും ചെയ്ത 24 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളില്‍ 9 പേര്‍ മോചിതരായതായി ഇന്റര്‍നാഷനല്‍ ഫിഷര്‍മെന്‍ ഡവലപ്മെന്റ് ട്രസ്റ്റ് പ്രസിഡണ്ട് ഡോ. പി. ജസ്റ്റിന്‍ ആന്റണി അറിയിച്ചു.
മോചനത്തിന് സഹായം തേടി ഇന്റര്‍നാഷനല്‍ ഫിഷര്‍മെന്‍ ഡവലപ്മെന്റ് ട്രസ്റ്റ് കേന്ദ്ര ഗവണ്‍മെന്റ്, തമിഴ് നാട് ഗവണ്‍മെന്റ്, കേരള ഗവണ്‍മെന്റ് , ഖത്തറിലെ ഇന്ത്യന്‍ എംബസിയെ എന്നിവരോടൊക്കെ സഹായം തേടിയിരുന്നു. തമിഴ് നാട്ടില്‍ നിന്നുള്ള 20 പേരും കേരളത്തില്‍ നിന്നുള്ള 4 പേരുമാണ് ഖത്തറില്‍ പിടിയിലായത്.
24 ഇന്ത്യക്കാരും നാലു ഇറാനികളുമടങ്ങുന്ന സംഘം 2 ബോട്ടുകളിലായി മാര്‍ച്ച് 22നാണ് ഇറാനില്‍ നിന്ന് പുറപ്പെട്ടത്. അസിന്‍ എന്ന ബോട്ടില്‍ 10 ഇന്ത്യക്കാരും രണ്ട് ഇറാനികളും യാഖൂബ് എന്ന ബോട്ടില്‍ 14 ഇന്ത്യക്കാരും രണ്ട് ഇറാനികളുമാണുണ്ടായിരുന്നത്. ബോട്ടുകള്‍ ഹസന്‍ എന്ന ഇറാനിയുടെ ഉടമസ്ഥതയിലുള്ളതാണ്.
തിരുവനന്തപുരം അടിമന്തുറ സ്വദേശി സില്‍വദാസന്‍(33), കൊല്ലം മൂത്തകര സ്വദേശി ലോപ്പസ്(42), തിരുവനന്തപുരം പൂവാര്‍ സ്വദേശി ക്രിസ്തു ദാസന്‍(20), കൊല്ലം പള്ളിത്തോട്ടം സ്വദേശി സ്റ്റീഫന്‍(42) എന്നിവരാണ് ബോട്ടിലുള്ള മലയാളികള്‍.
റാസ്ലഫാന്‍ പോലിസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത ഇവരെ പിന്നീട് ജയിലില്‍ അടക്കുകയായിരുന്നുവെന്ന് എംബസിക്ക് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ഏപ്രില്‍ 29 ന് കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഓരോരുത്തര്‍ക്കും 40 ദിവസത്തെ തടവ് ശിക്ഷയുണ്ട്. ബോട്ട് കാപ്റ്റന്‍ നൂര്‍ദോ താസൂന് 50000 റിയാലിന്റെ പിഴയുമടക്കണം. ബോട്ടുകളും അനുബന്ധ സാധനങ്ങളും ഉടമക്ക് തിരിച്ചേല്‍പ്പിക്കുക, മല്‍സ്യവും വലകളും കണ്ടുകെട്ടുക എന്നിവയാണ് കോടതി വിധിയിലെ മറ്റു വ്യവസ്ഥകള്‍.
അസിന്‍ എന്ന ബോട്ടിലെ കാപ്റ്റന്‍ നൂര്‍ദോ താസൂനെ പിടിച്ച് വെക്കുകയും ബാക്കിയുള്ളവരെ മോചിപ്പിക്കുകയും ചെയ്തതായാണ് വിവരം
യാഖൂബ് എന്ന ബോട്ടില്‍ 14 ഇന്ത്യക്കാരും രണ്ട് ഇറാനികളുമടങ്ങുന്നവരെ ജൂണ്‍ 16 ന് കോടതിയില്‍ ഹാജറാക്കും. അതിനുശേഷമേ അവരുടെ കാര്യത്തില്‍ തീരുമാനമുണ്ടാവുകയുള്ളൂവെന്നാണറിയുന്നത്.