ആഗോള സമാധാന സൂചികയില്‍ മെന മേഖലയില്‍ ഖത്തര്‍ ഒന്നാമത്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ആഗോള സമാധാന സൂചികയില്‍ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക (മെന) മേഖലയില്‍ ഖത്തര്‍ ഒന്നാമത്. മെന മേഖലയിലാണ് ഏറ്റവും വലിയ പ്രാദേശിക പുരോഗതി റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷത്തെ ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്നു. മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക (മെന) മേഖലയിലെ സമാധാനപരമായ രാജ്യങ്ങളായ കുവൈത്ത് (36), യുണൈറ്റഡ് അറബ് എമിറേറ്റ്സ് (52), ഒമാന്‍ (73) എന്നിവയേക്കാള്‍ മുന്നിലാണ് ഖത്തര്‍. 2021 ലെ ആഗോള സമാധാന സൂചിക പ്രകാരം 163 രാജ്യങ്ങളില്‍ ലോകത്തിലെ ഏറ്റവും സമാധാനപരമായ 29-ാമത്തെ രാജ്യമാണ് ഖത്തര്‍.
ഐസ്ലാന്റ്, ന്യൂസിലാന്റ്, ഡെന്‍മാര്‍ക്ക്, പോര്‍ച്ചുഗല്‍, സ്ലൊവേനിയ എന്നിവയാണ് ഏറ്റവും സമാധാനപരമായ രാജ്യങ്ങളില്‍ ആദ്യ അഞ്ച് സ്ഥാനങ്ങള്‍.
2021 സൂചിക പ്രകാരം 2020 നെ അപേക്ഷിച്ച് 87 രാജ്യങ്ങള്‍ ഈ വര്‍ഷം കൂടുതല്‍ സമാധാനപരമായിരുന്നു, 2020 നെ അപേക്ഷിച്ച് 73 രാജ്യങ്ങള്‍ 2021 ല്‍ സമാധാനപരമായിരുന്നു.
യൂറോപ്പ് ഏറ്റവും സമാധാനപരമായ പ്രദേശമായി തുടര്‍ന്നു. അക്രമാസക്തമായ പ്രകടനങ്ങളുടെ വര്‍ദ്ധനവ് കാരണം, വടക്കേ അമേരിക്കയിലാണ് ഏറ്റവും വലിയ പ്രാദേശിക തകര്‍ച്ച. അഫ്ഗാനിസ്ഥാന്‍ ഏറ്റവും സമാധാനം കുറഞ്ഞ രാജ്യമായി തുടരുന്നു.
2021 ല്‍ ആഗോള സമാധാനത്തിന്റെ ശരാശരി നില 0.07% കുറഞ്ഞു, കഴിഞ്ഞ 13 വര്‍ഷത്തിനിടയിലെ ഒമ്പതാമത്തെ തകര്‍ച്ചയാണിത്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് & പീസ് (ഐഇപി) ആണ് ഗ്ളോബല്‍ പീസ് ഇന്‍ഡക്സ് വികസിപ്പിച്ചിരിക്കുന്നത്, സ്വതന്ത്രവും പക്ഷപാതപരമല്ലാത്തതും ലാഭേച്ഛയില്ലാത്തതുമായ ഒരു ഓര്‍ഗനൈസേഷനാണിത്. ഐ.ഇ.പിയുടെ ആസ്ഥാനം സിഡ്‌നിയിലാണ്, ന്യൂയോര്‍ക്ക്, ദി ഹേഗ്, മെക്സിക്കോ സിറ്റി, ഹരാരെ, ബ്രസെല്‍സ് എന്നിവിടങ്ങളില്‍ ഓഫീസുകളുണ്ട്.