ഖത്തര്‍ ഫാന്‍ ലീഡര്‍ നെറ്റ്‌വര്‍ക്കുമായി സുപ്രീം കമ്മറ്റിയും ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷനും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ലോകം കാത്തിരിക്കുന്ന 2022 ഫിഫ ലോകകപ്പിന് ഒന്നര വര്‍ഷം മാത്രം ബാക്കി നില്‍ക്കെ കാല്‍പന്തുകളിക്ക് സാക്ഷ്യം വഹിക്കുന്നതിനായി 2022 ല്‍ രാജ്യത്തേക്ക് യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും അസാധാരണമായ ഒരു ആരാധക അനുഭവം സമ്മാനിക്കുവാന്‍ സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയും ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷനും കൈകോര്‍ക്കുന്നു. ലോകമെമ്പാടുമുള്ള കാല്‍പന്തുകളി ആരാധകരെ ഉള്‍ക്കൊള്ളുന്ന ഖത്തര്‍ ഫാന്‍ ലീഡര്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാനാണ് പരിപാടി
മിഡില്‍ ഈസ്റ്റിലെയും അറബ് ലോകത്തിലെയും ആദ്യ ലോകകപ്പിന് മുന്നോടിയായി ആഗോള ആരാധകരുടെ ശൃംഖലയില്‍ ആവേശം വിതറാന്‍ സഹായകമായ രീതിയില്‍ ഖത്തറിനെക്കുറിച്ചും ടൂര്‍ണമെന്റിനെക്കുറിച്ചും പ്രധാന വിവരങ്ങള്‍ അവരുടെ നെറ്റ്‌വര്‍ക്കുകളുമായി സൃഷ്ടിക്കുന്നതിലും പങ്കിടുന്നതിലും ‘ഫാന്‍ ലീഡേഴ്‌സ്’ ഏര്‍പ്പെടും.
ഫാന്‍ ലീഡര്‍ നെറ്റ്‌വര്‍ക്ക് ലോകമെമ്പാടുമുള്ള 500 ആരാധകരെ റിക്രൂട്ട് ചെയ്യും, അവരവരുടെ ദേശീയ ടീമിന്റെ ആരാധകരും പ്രാദേശിക കമ്യൂണിറ്റിയില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നവരുമായ ആളുകളെയാണ് ഇതിനായി പരിഗണിക്കുക. ദേശീയ ടീമിന്റെ കളികള്‍ വീക്ഷിക്കുന്നതിനായി വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരായിരിക്കണം. ഖത്തറില്‍ നടക്കുന്ന വിവിധ പരിപാടികളിലേക്കും ഇവര്‍ക്ക് ക്ഷണം ലഭിക്കും. ഖത്തറിനെക്കുറിച്ചും ടൂര്‍ണമെന്റിനെക്കുറിച്ചും അപ്പപ്പോള്‍ വിവരങ്ങള്‍ ശേഖരിച്ച് പങ്കു വയ്ക്കുന്ന ഒരു കൂട്ടായ്മയായിരിക്കും ഇത്.
ഫുട്‌ബോള്‍ ആരാധകര്‍ ഖത്തറിനെക്കുറിച്ച് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുവാന്‍ വ്യക്തമായ വിവരങ്ങളും പരിശീലനവും നല്‍കിയാണ് ഫാന്‍ ലീഡേഴ്‌സിനെ സജ്ജമാക്കുക. ടൂര്‍ണമെന്റിനെക്കുറിച്ചുള്ള കൃത്യമായി അപ്‌ഡേറ്റുകളും നല്‍കും. ആതിഥേയ രാജ്യത്ത് നിന്നുള്ള വിവരങ്ങള്‍ നേരിട്ട് കളിയാരാധകരിലേക്ക് എത്തിക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കളിയാരാധകര്‍ക്ക് ലോകോത്തര അനുഭവങ്ങള്‍ സമ്മാനിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരെ ഖത്തര്‍ ഫുട്‌ബോളിനോടുള്ള അഭിനിവേശത്തെക്കുറിച്ചും ഗെയിമിലെ സമ്പന്നമായ ചരിത്രത്തെക്കുറിച്ചും കൂടുതലറിയാന്‍ ഫാന്‍ ലീഡര്‍ നെറ്റ്‌വര്‍ക്ക് സഹായിക്കും. ആരാധകരുമായി ഈ തുറന്ന സംഭാഷണം സൃഷ്ടിക്കുന്നതിലൂടെ, അടുത്ത ലോകകപ്പ് ആതിഥേയ രാഷ്ട്രത്തെക്കുറിച്ച് ആവേശം ജനിപ്പിക്കാനും അവിസ്മരണീയമായ അനുഭവ സമ്മാനിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.