സെപ്റ്റംബര്‍ അവസാനത്തോടെ ഖത്തറില്‍ 12 വയസിന് താഴെയുള്ളവര്‍ക്കും വാക്സിന്‍
ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ : സെപ്റ്റംബര്‍ അവസാനത്തോടെയോ ഒക്ടോബര്‍ ആദ്യത്തിലോ ഖത്തറില്‍ 12 വയസിന് താഴെയുള്ളവര്‍ക്കും വാക്സിന്‍ ലഭ്യമാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കോവിഡിനെ നേരിടുന്നതിനുള്ള നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ അഭിപ്രായപ്പെട്ടു. ഖത്തര്‍ ടെലിവിഷന്റെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ ഖത്തറില്‍ 12 വയസിന് താഴെയുള്ളവര്‍ക്ക് വാക്സിന്‍ ലഭ്യമല്ല. സപ്തമ്പറോടെ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ രാജ്യത്തെ വലിയൊരു വിഭാഗത്തിന് വാക്സിന്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയും.
ഖത്തറില്‍ കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ ലക്ഷണങ്ങളില്ലെങ്കിലും ജാഗ്രതയോടെ പ്രതിരോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മാസ്‌കുകള്‍ ഒഴിവാക്കാന്‍ സമയമായിട്ടില്ല. അര്‍ഹരായവര്‍ക്കൊക്കെ വാക്സിന്‍ ലഭ്യമാകുന്നതുവരെ മാസ്‌ക് തുടരും.
വാക്സിനേഷന്‍ വിജയകരമായി നടക്കുന്നു. ഇപ്പോള്‍ ഒരു വര്‍ഷം വരെ വാക്സിന്‍ ഫലപ്രദമാകുമെന്നാണ് കരുതുന്നത്. ചിലപ്പോള്‍ പ്രതിവര്‍ഷമോ 6 മാസത്തിലൊരിക്കലോ ബൂസ്റ്റര്‍ ഡോസ് വേണ്ടി വന്നേക്കും. ഫൈസര്‍, മോഡേണ കമ്പനികളൊക്കെ ഈ വിഷയത്തില്‍ ഗവേഷണം നടത്തിവരികയാണ്്.
ഖത്തറില്‍ ഫൈസര്‍, മോഡേണ വാക്സിനുകള്‍ക്ക് പുറമേ അസ്ട്ര സെനിക വാക്സിനും ഉപയോഗിക്കുന്നുണ്ട്. താമസിയാതെ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്സിനും ഉപയോഗിച്ചേക്കും.
കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിനുള്ള ഘട്ടം ഘട്ടമായ പ്ളാന്‍ ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയിട്ടുള്ളതാാണന്നും അത് വിജയകരമായി മുന്നോട്ടുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.