മാപ്പിള കലാ അക്കാദമി ഖത്തര്‍ കെ.ജി സത്താര്‍ അനുസ്മരണം സംഘടിപ്പിച്ചു
അഫ്‌സല്‍ കിളയില്‍
ദോഹ : മാപ്പിള കലാ അക്കാദമി ഖത്തര്‍ ‘ഓര്‍മകളില്‍ കെ.ജി സത്താര്‍’ അനുസ്മരണം സംഘടിപ്പിച്ചു. സഫീനത്ത് മഹോത്സവം -2021 ന്റെ ഭാഗമായി കെ.ജി സത്താറിന്റെ ഓര്‍മദിനമായ ജൂലൈ 24 നാണ് പരിപാടി സംഘടിപ്പിച്ചത്.
അക്കാദമി ഫേസ് ബുക്ക് പേജിലൂടെ സംഘടിപ്പിച്ച വെര്‍ച്വല്‍ പ്രോഗ്രാമില്‍ സംഗീത സംവിധായകന്‍ മോഹന്‍ സിത്താര, മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍, ഖത്തര്‍ കെ.എംസി.സി പ്രസിഡന്റ് എസ്.എ.എം. ബഷീര്‍, അക്കാദമി പ്രസിഡന്റ് മുത്തലിബ് മട്ടന്നൂര്‍, ചെയര്‍മാന്‍ മുഹ്സിന്‍ തളിക്കുളം, കെ.ജി സത്താറിന്റെ മകന്‍ നൗഷാദ് സത്താര്‍, പേരമകളും അധ്യാപികയുമായ സമീറ ഹനീഫ്, പ്രമുഖ ഗായകന്‍ ഷെമീര്‍ പട്ടുറുമാല്‍, വയലനിസ്റ്റ് അസീര്‍ മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
ചെറുപ്പം മുതല്‍ തന്നെ സംഗീതത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കി, വേദികളില്‍ നിന്ന് വേദികളിലേക്ക് തന്നെ കൈ പിടിച്ചുയര്‍ത്തി, ഇന്ന് ഒരു സംഗീത സംവിധായകന്‍ എന്ന നിലയിലേക്ക് എത്തിച്ചേരുവാന്‍ തന്നെ പ്രാപ്തനാക്കിയത് തന്റെ ഗുരുവും വഴികാട്ടിയും മാര്‍ഗ ദര്‍ശിയുമായ സത്താര്‍ സാഹിബ് ആണെന്ന് മോഹന്‍ സിത്താര അനുസ്മരിച്ചു.
മാപ്പിളപ്പാട്ട് മേഖലയിലെ തന്റെ സ്വീകാര്യത തിരിച്ചറിഞ്ഞു ഒട്ടേറെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ മാപ്പിളപ്പാട്ട് മേഖലയില്‍ നിര്‍വഹിച്ച സത്താര്‍ക്ക ഇന്നും മായാത്ത ഓര്‍മയായി നിലനില്‍ക്കുന്നുവെന്നു ഫൈസല്‍ എളേറ്റില്‍ അനുസ്മരിച്ചു.
ചെറുപ്പ കാലങ്ങളില്‍ കേട്ട് തുടങ്ങിയ സത്താര്‍ക്കയുടെ പാട്ടുകള്‍ മനസ്സിനെ ഏറെ സ്വാധീനിച്ചിരുന്നുവെന്നും സമൂഹത്തിലെ ദുരചാരങ്ങള്‍ക്കെതിരെ ചെറുത്തു നില്‍പ്പിനുള്ള പ്രചോദനം നല്‍കിയിരുന്നുവെന്നു എസ്.എ.എം ബഷീര്‍ ഓര്‍മ്മിച്ചു.
‘മാപ്പിളപ്പാട്ട് മേഖലയിലെ സ്ത്രീ സാന്നിധ്യം’ എന്ന വിഷയത്തില്‍ റിസേര്‍ച് നടത്തുവാനും പ്രസ്തുത വിഷയത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പി.എച്ച്.ഡി പൂര്‍ത്തിയാക്കാനും കഴിഞ്ഞതില്‍ കെ.ജി സത്താര്‍ എന്ന തന്റെ വാപ്പച്ചയുടെ പിന്തുണയും അദ്ദേഹത്തിന് ലഭിച്ച സ്വീകാര്യതയുമായിരുന്നുവെന്നു പേരമകളും ഇംഗ്ലീഷ് അധ്യാപികയുമായ സമീറ ഹനീഫ് പറഞ്ഞു.
ബാപ്പ നിര്‍വഹിച്ച പ്രവര്‍ത്തനങ്ങള്‍ സ്മരിക്കപ്പെടുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹത്തിനായി ഏവരും പ്രാര്‍ത്ഥിക്കണമെന്നും മകന്‍ നൗഷാദ് സത്താര്‍ അഭ്യര്‍ത്ഥിച്ചു.
ഗായകന്‍ ഷെമീര്‍ പട്ടുറുമാല്‍ കെ.ജി സത്താറിനൊപ്പം ചെലവഴിച്ച മുഹൂര്‍ത്തങ്ങള്‍ ഓര്‍ത്തു കൊണ്ട് അദ്ദേഹം പാടി വെച്ച മക്കത് പോണോരെ തുടങ്ങിയ ഗാനങ്ങള്‍ ആലപിച്ചു. വയലിനിസ്റ്റ് അസീര്‍ മുഹമ്മദ് പ്രശസ്തമായ കണ്ണേറ് കൊണ്ടെന്റെ എന്ന ഗാനം ഏറെ മനോഹരമായി വായിച്ചു.
അക്കാദമി പ്രസിഡന്റ് മുത്തലിബ് മട്ടന്നൂര്‍, ചെയര്‍മാന്‍ മുഹ്സിന്‍ തളിക്കുളം എന്നിവരുടെ നേതൃത്വത്തില്‍ അക്കാദമി കലാകാരന്മാരായ ഹനീസ് ഗുരുവായൂര്‍, ഹിബ ഷംന, അഷീറ ഷഫീഖ്, റഫീഖ് കുട്ടമംഗലം തുടങ്ങിയവര്‍ കെ.ജി സത്താറിന്റെ പാട്ടുകള്‍ അവതരിപ്പിച്ചു. നവാസ് ബിന്‍ ആദം അവതാരകനായിരുന്നു.
ഷെഫീര്‍ വാടാനപ്പള്ളി, അബൂബക്കര്‍ പെരിങ്ങാട്, അക്കാദമി സെക്രട്ടറി നവാസ് ഗുരുവായൂര്‍, ട്രഷറര്‍ ബഷീര്‍ വട്ടേക്കാട്, സിദ്ദിഖ് അകലാട് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.