
ഓഗസ്റ്റ് 21 വരെ ഹോട്ടലുകള്‍ ലഭ്യമല്ല, തിരിച്ച് വരാനുള്ളവര്‍ കുടുങ്ങും
ഡോ. അമാനുല്ല വടക്കാങ്ങര : –
ദോഹ : സ്‌ക്കൂളുകള്‍ തുറക്കാനിരിക്കെ നിരവധി കുടുംബങ്ങളും അവധിക്ക് പോയവരും തിരിച്ച് വരാന്‍ തയ്യാറാവുന്ന സാഹചര്യത്തില്‍ ഡിസ്‌കവര്‍ ഖത്തറില്‍ ഹോട്ടല്‍ മുറികള്‍ ലഭ്യമല്ലാത്തത് തിരിച്ച് വരുന്നവരുടെ യാത്ര പ്രയാസത്തിലാക്കും.
ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് ഓഗസ്റ്റ് 21 വരെ ഡിസ്‌കവര്‍ ഖത്തറില്‍ ഒരു ഹോട്ടലിലും മുറി ലഭ്യല്ല. ആയിരക്കണക്കിനാളുകളാണ് ഹോട്ടല്‍ ക്വാറന്റൈന്‍ എടുത്തു കളഞ്ഞ സാഹചര്യത്തില്‍ അവധി ചിലവഴിക്കുന്നതിനായി നാട്ടിലേക്ക് പോയത്.
എന്നാല്‍ കോവിഡ് സ്ഥിതിഗതികള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും കോവിഡിന്റെ ഡെല്‍റ്റ വകഭേദം ഖത്തറില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്ത്യയടക്കമുള്ള ആറ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഓഗസ്റ്റ് 2 മുതല്‍ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയത് പ്രവാസികളെ പ്രയാസത്തിലാക്കിയിരുന്നു. ഇപ്പോള്‍ ഹോട്ടല്‍ മുറികള്‍ ലഭ്യമല്ലാത്തത് ആ പ്രയാസം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.