
റേഡിയോ ആര്‍ജെ.കളോടൊപ്പം കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ ( 3)
ദുബൈ എക്‌സ്‌പോ 2020 അഥവാ വിസ്മയങ്ങളുടെ കലവറ
ഡോ. അമാനുല്ല വടക്കാങ്ങര
ആര്‍ക്കും കണ്ടുതീര്‍ക്കാനാവാത്ത അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവെക്കുന്ന മാസ്മരിക ലോകമാണ് ദുബൈ എന്നാണ് പറയാറുള്ളത്. ഓരോ തവണ സന്ദര്‍ശിക്കുമ്പോഴും ഇത് ശരിയാണെന്ന് കൂടുതല്‍ ബോധ്യപ്പെടും. എന്നാല്‍ ഈ സ്വപ്‌ന നഗരത്തില്‍ ഇതള്‍ വിരിഞ്ഞ വിസ്മയങ്ങളുടെ കലവറയാണ് എക്‌സ്‌പോ 2020 എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല.
റേഡിയോ ആര്‍.ജെകളോടൊപ്പമുള്ള ദുബൈ യാത്ര സംഭവബഹുലമായിരുന്നു. ഓരോ ദിവസവും ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളൊരുക്കിയാണ് യാത്ര സാര്‍ഥകമാക്കിയത്. ഇന്ന് ദുബൈ എക്‌സ്‌പോയിലേക്കായിരുന്നു യാത്ര. ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്നും ഏകദേശം ഒരു മണിക്കൂര്‍ യാത്ര ചെയ്താണ് ദുബൈ എക്‌സ്‌പോ നഗരിയിലെത്തിയത്. മൊബിലിറ്റി ഡിസ്ട്രിക്ടില്‍ ബസ്സില്‍ നിന്നിറങ്ങി നേരെ പ്രവേശന കവാടത്തിലേക്ക്.
എക്‌സ്‌പോ 2020 യുടെ മനോഹരമായ ബോര്‍ഡിന് മുന്നില്‍ എല്ലാവരും ഫോട്ടോയെടുക്കുന്ന തിരക്കിലാണ്. നേരത്തെ എക്‌സ്‌പോ സന്ദര്‍ശിച്ച ഉല്ലാസും അന്‍വറുമൊക്കെ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. വാക്‌സിനെടുത്തവര്‍ക്കും പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കുമാണ് എക്‌സ്‌പോയിലേക്ക് പ്രവേശനമുള്ളത്.
എക്സ്പോ ഏഴ് ദിവസവും സന്ദര്‍ശകരെ വരവേല്‍ക്കും. ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ രാവിലെ പത്ത് മണി മുതല്‍
രാത്രി പന്ത്രണ്ട് മണി വരെയും വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ പത്ത് മണി മുതല്‍ രാത്രി രണ്ട് മണി വരെയും ആണ് എക്സ്പോ പ്രവര്‍ത്തിക്കുക.
18 വയസിന് താഴെയുള്ളവര്‍ക്കും 60 വയസ്സ് കഴിഞ്ഞവര്‍ക്കും പ്രവേശനം സൗജന്യമാണ്. അത്യാധുനിക സുരക്ഷ സംവിധാനങ്ങള്‍ പാലിച്ചാണ് ഓരോരുത്തരേയും നഗരിയിലേക്ക് കടത്തിവിടുന്നത്. ടിക്കറ്റ് സ്‌കാന്‍ ചെയ്തും കണ്ണുകള്‍ സ്‌കാന്‍ ചെയ്തും പ്രവേശനം ലഭിക്കും. വിസ്മയങ്ങളുടെ കലവറയെന്ന് വിശേഷിപ്പിക്കാവുന്ന ഒരു ലോകമാണ് എക്‌സ്‌പോ 2020 എന്ന് ഒറ്റവാക്കില്‍ പറയാം.
സസ്റ്റയിനബിലിറ്റി, ഓപ്പര്‍ച്യൂനിറ്റി, മൊബിലിറ്റി എന്നിങ്ങനെ സവിശേഷമായ മൂന്ന് പ്രമേയങ്ങളെ ആസ്പദമാക്കിയുള്ള മൂന്ന് പ്രവേശന കവാടങ്ങളാണ് എക്‌സ്‌പോ 2020 ക്കുള്ളത്. 21 മീറ്റര്‍ ഉയരവും 30 മീറ്റര്‍ നീളവുമുള്ള പ്രവേശന കവാടം ഏറെ ആകര്‍ഷകമാണ്.
ഗംഭീരമായ പശ്ചാത്തലവും മികച്ച ആസൂത്രണവും കമനീയമായ അലങ്കാരങ്ങളുമൊക്കെ ഈ മഹാമേളയുടെ പശ്ചാത്തലമൊരുക്കിയിരിക്കുന്നു. അങ്ങിങ്ങായി സംഗീതജ്ഞര്‍ വിവിധ ഉപകരണങ്ങള്‍ വായിക്കുന്നു. വിശ്രമ കേന്ദ്രങ്ങളും ഭക്ഷണശാലകളും ധാരാളം.
ബ്യൂറോ ഓഫ് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍സിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്താരാഷ്ട്ര പ്രദര്‍ശനമാണ് എക്‌സ്‌പോ. 5 വര്‍ഷത്തിലൊരിക്കലാണ് എക്‌സ്‌പോ നടക്കാറുള്ളത്. ഐക്യരാഷ്ട സംഘടന അംഗീകരിക്കുന്ന രാജ്യങ്ങളൊക്കെ പങ്കെടുക്കാറുള്ള മേളയില്‍ കല, ശാസ്ത്രം, വാണിജ്യം തുടങ്ങിയ മേഖലകളിലെ ഓരോ രാജ്യങ്ങളുടേയും മുന്നേറ്റങ്ങളും സ്വപ്‌നങ്ങളുമാണ് പ്രദര്‍ശിപ്പിക്കാറുള്ളത്.
2013 ല്‍ നടന്ന നറുക്കെടുപ്പിലാണ് എക്‌സ്‌പോക്ക് ആതിഥ്യമരുളാനുള്ള ഭാഗ്യം ലഭിക്കുന്ന ആദ്യ അറബ് രാജ്യമായി ദുബൈ മാറിയത്. അവിടുന്നിങ്ങോട്ട് ഈ മേള അവിസ്മരണീയമാക്കുന്നതിനുള്ള തയ്യാറെടുപ്പുകളായിരുന്നു. ഇടക്ക് വന്ന കോവിഡ് ഭീഷണി കനത്ത വെല്ലുവിളിയുയര്‍ത്തിയെങ്കിലും നിശ്ചദാര്‍ഡ്യത്തിന്റേയും ശുഭപ്രതീക്ഷയുടേയും വികാരത്തോടെ ഉറച്ചുനിന്നാണ് ദുബൈ ലോകത്തിന് മുന്നില്‍ തങ്ങളുടെ വിസ്മയച്ചെപ്പ് തുറന്നത്. അത്യാകര്‍ഷകമായ ഉദ്ഘാടന ചടങ്ങ് തന്നെ തങ്ങളുടെ തയ്യാറെടുപ്പുകളും ആസൂത്രണ മികവും ലോകത്തെ ബോധ്യപ്പെടുത്തുവാന്‍ പോന്നതായിരുന്നു.
ദുബൈയുടെ തെക്ക് ബാഗത്തായി അല്‍ മക്തൂം ഇന്ററര്‍നാഷണല്‍ എയര്‍പോര്‍ട്ടിനോട് ചേര്‍ന്ന വിശാലമായ പ്രദേശത്താണ് എക്‌സ്‌പോ 2020 നഗരി പണിതീര്‍ത്തത്. എക്‌സ്‌പോയിലേക്കായി പ്രത്യേക മെട്രോ സ്‌റ്റേഷനും ട്രെയിനുകളുമുണ്ട്.
യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി സൗജന്യ ഷട്ടില്‍ സര്‍വീസുകളുമേര്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളിലും എക്‌സ്‌പോയിലെക്കെത്താം. 26000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനുള്ള സംവിധാനമാണ് ഇവിടെയൊരുക്കിയിരിക്കുന്നത്. മുപ്പതിനായിരത്തോളം വരുന്ന ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരമാണ് എക്‌സ്‌പോ 2020 യുടെ ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.
എക്‌സ്‌പോ നഗരിയില്‍ നിന്നും പാര്‍ക്കിംഗിലേക്ക് സൗജന്യ ബസ് സര്‍വീസുള്ളത് സന്ദര്‍ശകര്‍ക്ക് ഏറെ സൗകര്യമാണ്. എക്‌സ്‌പോ നഗരിയിലുള്ള ഏക ആഡംബര ഹോട്ടല്‍ ദി റോവ് ഹോട്ടലാണ്. 1000 ദിര്‍ഹമാണ് ഇവിടെ ഒരു ദിവസത്തെ വാടക. 312 മുറികളാണ് ഈ ഹോട്ടലിലുള്ളത്.
നീണ്ട എട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് അറബ് ലോകത്ത് ആദ്യമായി എക്‌സ്‌പോക്ക് ദുബൈ ആതിഥ്യമരുളുന്നത്. ഐക്യ രാഷ്ട്ര സംഘടനയുടെ അംഗീകാരമുള്ള 192 രാജ്യങ്ങളുടേയും പവലിയനുകളുള്ള എക്‌സ്‌പോ ഒരു സംഭവമാണ്. രാജ്യങ്ങളുടെ ഭാവി പരിപാടികളും കാഴ്ചപ്പാടുകളും വികസന സ്വപ്‌നങ്ങളുമൊക്കെ അടയാളപ്പെടുത്തുന്ന ശാസ്ത്രവും സാങ്കേതിക വിദ്യവും ചരിത്രവുമൊക്കെ കോര്‍ത്തിണക്കുന്ന ഒരു വിസ്മയ മേള. മനസ്സുകളെ ബന്ധിപ്പിക്കുക, ഭാവി സൃഷ്ടിക്കുക’ എന്ന സുപ്രധാന മുദ്രാവാക്യമാണ് ദുബൈ എക്സ്പോ അടയാളപ്പെടുത്തുന്നത്.
2021 ഓക്ടോബര്‍ 1 ന് ആരംഭിച്ച മേള 2022 മാര്‍ച്ച് 31 വരെ നീണ്ടുനില്‍ക്കും. ലോകത്തിന്റെ കണ്ണുകളെല്ലാം ഈ ആറുമാസക്കാലവും യു.എ.ഇയിലേക്കായിരിക്കുമെന്ന് തെളിയിക്കുന്നതാണ് ആദ്യമാസത്തെ സന്ദര്‍ശന പ്രവാഹം. വ്യവസായ വാണിജ്യ പരിപാടികള്‍ക്കൊപ്പം സംഗീതം, നൃത്തം, നാടകം എന്നിവയെല്ലാം സമന്വയിപ്പിക്കുന്ന ഈ മായാലോകം ലോകത്തെ ദുബൈയിലേക്ക് ആകര്‍ഷിക്കുകയാണ് .
എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളും ഹരിത സാങ്കേതിക വിദ്യ, സുസ്ഥിരത ഉള്‍പ്പടെയുളള കാര്യങ്ങളില്‍ തങ്ങളുടെ രാജ്യങ്ങളുടെ നേട്ടങ്ങള്‍ ഉയര്‍ത്തിപിടിക്കാന്‍ ശ്രമിക്കുന്നുവെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. മേള തുടങ്ങി 6 ആഴ്ചകള്‍ പിന്നിടുമ്പോള്‍ 175 രാജ്യങ്ങളില്‍ നിന്നായി 35 ലക്ഷത്തിലേറെ സന്ദര്‍ശകരാണ് എക്‌സ്‌പോ 2020 കാണാനെത്തിയതെന്നാണ് കണക്ക്.
എക്‌സ്‌പോയിലെ ഓരോ പവലിയനുകളും ഒന്നിനൊന്ന് മികച്ചവയും ആകര്‍ഷകവുമായിരുന്നെങ്കിലും ഖത്തറില്‍ നിന്നുള്ള സംഘമെന്ന നിലക്ക് ഞങ്ങള്‍ നേരെ ഖത്തര്‍ പവലിയന്‍ ലക്ഷ്യമാക്കി നടന്നു. ദുബൈ എക്സ്പോ 2020 ലെ ഖത്തറിന്റെ പവലിയന്‍ ‘ഖത്തര്‍: ദി ഫ്യൂച്ചര്‍ ഈസ് നൗ’ എന്ന പ്രമേയത്തിലാണ് സജ്ജീകരിക്കുന്നത്. കോവിഡ് -19 ഉള്‍പ്പെടെയുള്ള വിവിധ വെല്ലുവിളികളെയും ആഗോള മാറ്റങ്ങളെയും നേരിടുന്നതിലും വിജയിക്കുന്നതിലും ഉള്ള കാഴ്ചപ്പാടും വിജയകരമായ അനുഭവങ്ങളും കണക്കിലെടുത്ത് ഖത്തറിന്റെ മുന്‍നിര സ്ഥാനത്തെ പ്രതിഫലിപ്പിക്കുന്ന പ്രമേയമാണിത്.
ഭാവിയിലെ സുസ്ഥിര വികസനത്തെ പിന്തുണയ്ക്കുന്ന വിധത്തില്‍ ശാസ്ത്ര സാങ്കേതിക മേഖലകളിലെ നവീകരണത്തിന് നേതൃത്വം നല്‍കാനും ഉത്തേജിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ അവതരിപ്പിക്കുവാനും അഭിമാനകരമായ ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിലൂടെ ഖത്തര്‍ ലക്ഷ്യമിടുന്നു.
ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ മേഖലകള്‍ ഊഷ്മളമാക്കുവാനാവാശ്യമായ കലാപരവും സാംസ്‌കാരികവുമായ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിലൂടെയും സര്‍ഗ്ഗാത്മകതയെ ഉത്തേജിപ്പിക്കുന്നതിലൂടെയും സാധിക്കുമെന്നാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്.
നാലാം വാര്‍ഷികത്തിന്റെ ഭാഗമായി ഫ്ളൈ വിത്ത് ആര്‍.ജെസ് എന്ന പരിപാടിയുമായി ദുബൈ എക്സ്പോ 2020ലെത്തിയ റേഡിയോ സുനോ സംഘത്തിന് ഖത്തര്‍ പവലിയനില്‍ ഊഷ്മളമായ വരവേല്‍പാണ് ലഭിച്ചത്. ഖത്തര്‍ പവലിയന്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ ബലൂഷിയും സംഘവും ചേര്‍ന്ന് റേഡിയോ സുനോ സംഘത്തെ വരവേറ്റു.
റേഡിയോ സുനോ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അമീര്‍ അലി പരുവളളിയുമായി ഖത്തര്‍ പവലിയന്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ ബലൂഷി പ്രത്യേകം കൂടികാഴ്ച നടത്തി. ഖത്തറിന്റെ പുരോഗതിയില്‍ ഇന്ത്യന്‍ സമൂഹം വഹിക്കുന്ന പങ്കിനെ മുഹമ്മദ് അല്‍ ബലൂഷി ശ്ലാഘിക്കുകയും യു.എ.ഇയില്‍ നടക്കുന്ന എക്സ്പോ 2020 പവലിയന്‍ സന്ദര്‍ശിച്ച ഖത്തര്‍ സംഘത്തിന് മുഹമ്മദ് അല്‍ ബലൂഷിയും സംഘവും നന്ദി അറിയിച്ചു. എക്സ്പോ 2020യുടെ സ്മാരകമായ ബാഡ്ജ് എല്ലാ അംഗങ്ങള്‍ക്കും സമ്മാനിച്ച് കൊണ്ടാണ് കൂടിക്കാഴ്ച അവസാനിച്ചത്.
ഖത്തറിന്റെ സ്വപ്ന പദ്ധതികളെ പരിചയപ്പെടുത്തുന്ന ഖത്തര്‍ പവലിയന്‍ സന്ദര്‍ശിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് റേഡിയോ സുനോ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അമീര്‍ അലിയും പ്രോഗ്രാം ഹെഡ് അപ്പൂണ്ണിയും പ്രതികരിച്ചു.
ഖത്തര്‍ വിഷന്‍ 2030 സസ്റ്റയിനബിലിറ്റിയും പാരിസ്ഥിതിക സൗഹൃദ വികസനത്തിന്റെയും പുതിയ മാതൃകകള്‍ സമ്മാനിക്കുന്ന ഖത്തര്‍ പവലിയന്‍ 2022 വേള്‍ഡ് കപ്പിന്റെയും ഖത്തറിന്റെ പുരോഗമന സങ്കല്‍പ്പങ്ങളുടെയും അനന്ത സാധ്യതകളാണ് തുറന്ന് വെക്കുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഖത്തറിന്റെ പുരോഗതിയിലേക്കുള്ള കുതിപ്പിനെ അടയാളപ്പെടുത്തുന്ന അതി മനോഹരമായ കാഴ്ചകളാണ് ഖത്തര്‍ പവലിയനിലുള്ളത്.
ഖത്തര്‍ പവലിയനിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഞങ്ങള്‍ നേരെ ഇന്ത്യന്‍ പവലിയനിലേക്കാണ് പോയത്. എക്‌സ്‌പോ 2020 ലെ ഇന്ത്യന്‍ പവലിയന്‍ താരതമ്യേന തിരക്കേറിയതായിരുന്നു. മൂന്ന് നിലകളിലായൊരുക്കിയ കാഴ്ചകള്‍ കാണാനായ നീണ്ട ക്യൂ. ലക്ഷക്കണക്കിനാളുകള്‍ ഇതിനകം തന്നെ ഇന്ത്യാ പവലിയന്‍ സന്ദര്‍ശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രവേശന കവാടത്തില്‍ തന്നെ വിവിധ ഭാഷകളില്‍ സ്വാഗതമെന്നെഴുതിയിട്ടുണ്ട്.
ഇന്ത്യയുടെ പാരമ്പര്യവും പുരോഗതിയും സമന്വയിപ്പിക്കുന്ന പവലിയനില്‍ നിരവധി നിക്ഷേപ സാധ്യതകള്‍ക്കുള്ള വേദിയും ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകരെ ആകര്‍ഷിക്കാനായി വിവിധ സാംസ്‌കാരിക പരിപാടികളും പവലിയനില്‍ അരങ്ങേറുന്നുണ്ട്. ഞങ്ങള്‍ ചെല്ലുമ്പോള്‍ രാജസ്ഥാനി നാടോടിനൃത്തമരങ്ങേറുന്നുണ്ടായിരുന്നു.
സഹകരണത്തിനും നിക്ഷേപത്തിനുമായി കൂടുതല്‍ അവസരങ്ങള്‍ക്ക് വേദിയാകാവുന്ന രീതിയിലാണ് ഇന്ത്യന്‍ പവലിയന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ വൈധ്യമാര്‍ന്ന ആഘോഷങ്ങള്‍, ഭക്ഷണം, സാംസ്‌കാരിക പ്രകടനങ്ങള്‍ എന്നിവയൊക്കെയാണ് ആഗോള സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്.
കാലാവസ്ഥ, ജൈവവൈവിധ്യ വാരമായ ഒക്ടോബര്‍ മൂന്ന് മുതല്‍ 9 വരെ ഇന്ത്യയുടെ പുനരുപയോഗിക്കാവുന്ന ഊര്‍ജ ലക്ഷ്യങ്ങളും കാലാവസ്ഥാ ആക്ഷന്‍ പ്ലാനും വിവിധ സെഷനുകളിലായി ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ വന്ന ബഹിരാകാശ, നാഗരിക, ഗ്രാമീണ വികസ വാരങ്ങളിലും വിവിധ മേഖലകളിലെ ഭാവിയും പ്രശ്നങ്ങളും വെല്ലുവിളികളും പവലിയനില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പുറമെ ഗുജറാത്തിനും കര്‍ണാടകയ്ക്കും ലഡാക്കിനും വേണ്ടി പ്രത്യേക വാരങ്ങളും ഇന്ത്യന്‍ പവലിയനില്‍ ക്രമീകരിച്ചിരുന്നു.
അറുന്നൂറോളം ബ്ലോക്കുകളിലായി ഇന്ത്യയുടെ വൈവിധ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് പവലിയന്റെ ബാഹ്യരൂപകല്‍പ്പന. രണ്ട് ഭാഗങ്ങളിലായി തിരിച്ചിട്ടുള്ള പവലിയനില്‍ 11 പ്രമേയങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രദര്‍ശന പരിപാടികള്‍ നടക്കുന്നത്. കാലാവസ്ഥയും ജൈവവൈവിധ്യവും, ബഹിരാകാശം, നാഗരിക, ഗ്രാമീണ വികസനം, സഹിഷ്ണുതയും ഉള്‍ക്കൊള്ളലും, സുവര്‍ണ ജൂബിലി, അറിവും പഠനവും, ആരോഗ്യം, ഭക്ഷണം, കൃഷിയും ഉപജീവനമാര്‍ഗങ്ങളും, ജലം എന്നിവ ഉള്‍പ്പെടുന്നതാണ് വിവിധ പ്രമേയങ്ങള്‍.
ഇന്ത്യ ഊന്നല്‍ നല്‍കുന്ന ഐ ടി, സ്റ്റാര്‍ട്ടപ്പുകള്‍ അടങ്ങുന്ന ‘ഇന്ത്യന്‍ ഇന്നൊവേഷന്‍ ഹബ്’ പവലിയനിലെ മറ്റൊരു ആകര്‍ഷണമാണ്. പൗരാണിക ഇന്ത്യയും സാംസ്‌കാരിക തനിമയും പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം ഇന്ത്യയുടെ ബഹിരാകാശ മുന്നേറ്റങ്ങളും ഭാവിയും പുരോഗതിയും ഇന്ത്യന്‍ പവലിയനില്‍ പ്രതിഫലിപ്പിക്കുന്നു. യോഗ, ആയുര്‍വേദം, സാഹിത്യം, കല, പൈതൃകം, വിനോദസഞ്ചാര മേഖല, ബഹിരാകാശ സാങ്കേതിക വിദ്യ എന്നിവയുമായി ബന്ധപ്പെട്ട വൈവിധ്യമാര്‍ന്ന കാഴ്ചകളാണ് പവലിയനില്‍ ഒരുക്കിയിട്ടുള്ളത്. കളരിപ്പയറ്റ് ഉള്‍പ്പെടെ കേരളത്തിന്റെ തനത് കലകളും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു. പൈതൃക പട്ടികയില്‍ ഇടം നേടിയ ഇന്ത്യയിലെ നിര്‍മ്മിതികളെ കുറിച്ചുള്ള വിവരണങ്ങളും പവലിയനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഒരു ദിവസം രണ്ട് പവലിയനില്‍ കൂടാതെ വിശദമായി കാണാനാവില്ല എന്നതിനാല്‍ ഇന്നത്തെ സന്ദര്‍ശനം മതിയാക്കി ഹോട്ടലിലേക്ക് മടങ്ങുമ്പോള്‍ എല്ലാവരും എക്‌സ്‌പോയുടെ മായാവലയങ്ങളിലൂടെയുള്ള സ്വപ്‌നസഞ്ചാരത്തിലായിരുന്നു. ( തുടരും)