
നാമ വിന്റര്‍ കാര്‍ണിവല്‍ തുടങ്ങി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. സോഷ്യല്‍ ഡെവലപ്മെന്റ് സെന്ററിന് കീഴിലുള്ള പ്രഥമ നാമ വിന്റര്‍ കാര്‍ണിവലിന് സൂഖ് വകറയില്‍ തുടക്കമായി.
നാമ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സബ അല്‍ ഫദാല, ഉദ്യോഗസ്ഥരോടൊപ്പം റിബണ്‍ മുറിക്കുന്ന ചടങ്ങിന് നേതൃത്വം നല്‍കി.
രാജ്യത്തെ ഹോം, മൈക്രോ ബിസിനസുകളായ ഇന്‍കുബേറ്റഡ് പ്രോജക്ടുകള്‍ ശ്രദ്ധയില്‍പ്പെടുത്തുക എന്നതാണ് കാര്‍ണിവലിന് പിന്നിലെ ആശയമെന്ന് നാമയിലെ സംരംഭകത്വ മാനേജര്‍ മുഹമ്മദ് അലബ്ദുല്‍ഗാനി പറഞ്ഞു. പരമ്പരാഗത ഗെയിമുകളും മത്സരങ്ങളും എല്ലാം ഒരിടത്ത് സമ്മേളിക്കുന്നതിനാല്‍ ഈ കാര്‍ണിവല്‍ ധാരാളം കുടുംബങ്ങളെയും ആളുകളെയും നല്ല സമയം ആസ്വദിക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൂഖ് വക്രയിലെ നാമ ഇന്‍കുബേഷനില്‍ നടക്കുന്ന പരിപാടിയില്‍ സുഗന്ധദ്രവ്യങ്ങള്‍, വസ്ത്രങ്ങള്‍,പരമ്പരാഗത കരകൗശല വസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍, സുവനീര്‍ ഇനങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ തരം സാധനങ്ങളുമായി 25 റീട്ടെയിലര്‍മാര്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ, ഫുഡ് ബൂത്തുകള്‍, കഫേ ഷോപ്പ്, കലകള്‍, പെയിന്റിംഗ്, ഷര്‍ട്ട് പ്രിന്റിംഗ് എന്നിവയും കാര്‍ണിവലിന്റെ ഭാഗമാണ് .
നാമ വിന്റര്‍ കാര്‍ണിവല്‍ 2022 ജനുവരി 28 വരെ എല്ലാ വാരാന്ത്യത്തിലും വൈകുന്നേരം 4 മണി മുതല്‍ രാത്രി 10 മണി വരെ പ്രവര്‍ത്തിക്കും.