
അറബ് ലോകത്ത് ജീവിത നിലവാര സൂചികയില്‍ ഖത്തറിന് ഒന്നാം സ്ഥാനം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. അറബ് ലോകത്ത് ജീവിത നിലവാര സൂചികയില്‍ ഖത്തറിന് ഒന്നാം സ്ഥാനം. കുവൈറ്റ് ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് സിഎസ്ആര്‍ഗള്‍ഫിന്റെ കണക്കനുസരിച്ച് പൗരന്മാരുടെ ജീവിത നിലവാരത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ സൂചികയിലാണ് അറബ് രാജ്യങ്ങളില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്തെത്തിയത്.
ഇത് തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് 20 രാജ്യങ്ങളുടെ ലിസ്റ്റില്‍ ഖത്തറില്‍ ഒന്നാമതെത്തുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റുകളും കുവൈത്തുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ബഹ്റൈന്‍, ഒമാന്‍, സൗദി അറേബ്യ, ജോര്‍ദാന്‍, മൊറോക്കോ, അള്‍ജീരിയ, ടുണീഷ്യ എന്നീ രാജ്യങ്ങള്‍ ആദ്യ പത്തില്‍ ഇടം നേടി.
സൂചിക അനുസരിച്ച്, ഈ വര്‍ഷത്തെ വര്‍ഗ്ഗീകരണം 15-ലധികം സൂചകങ്ങളെയും ഉപ സൂചകങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആഗോള സമാധാന സൂചിക, കാലാവസ്ഥാ ഭീഷണികള്‍, മലിനീകരണം എന്നിവ നല്‍കുന്ന സുരക്ഷാ ഭീഷണികളുടെ സൂചികയാണ് സര്‍വേ പ്രധാനമായും
പരിഗണിച്ചത്. മനുഷ്യവികസനം, വിദ്യാഭ്യാസം, വിദൂരവിദ്യാഭ്യാസത്തിന്റെ കാര്യക്ഷമത, സാമൂഹിക ഏകീകരണം, സാമൂഹിക പുരോഗതി, സ്വാതന്ത്ര്യം, ജനാധിപത്യം, കുറ്റകൃത്യങ്ങള്‍, അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, തൊഴിലില്ലായ്മ എന്നിവയാണ് മറ്റ് സൂചകങ്ങള്‍.