പ്രവാസികളുടെ പുതിയ ക്വാറന്റീന്‍ പിന്‍വലിക്കണം -ഇന്‍കാസ് ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശരാജ്യങ്ങളില്‍നിന്ന് സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഏഴു ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍ ഏര്‍പ്പെടിത്തിയ നടപടി പുനഃപരിശോധിക്കണമെന്ന് ഇന്‍കാസ് ഖത്തര്‍ ആവശ്യപ്പെട്ടു.
കോവിഡിന്റെ തുടക്കത്തില്‍ കേരളത്തില്‍നിന്ന് ഏറെ പഴികേട്ടവരാണ് ഗള്‍ഫുനാടുകളില്‍ ജോലിചെയ്യുന്ന സാധാരണക്കാരായ മലയാളികള്‍. ഗള്‍ഫുകാരാണ് കേരളത്തില്‍ കോവിഡ് കോവിഡ് കൊണ്ടുവന്നത് എന്നായിരുന്നു അന്നത്തെ ആരോപണം.സ്വന്തക്കാരുടെ മൃതദേഹങ്ങള്‍ കാണാന്‍പോലും പ്രവാസികള്‍ക്ക് അവസരം നിഷേധിച്ചിരുന്നു.കോവിഡ് കാരണം രണ്ടുവര്‍ഷത്തിലധികമായി നാട്ടില്‍പ്പോകാത്ത ലക്ഷക്കണക്കിന് പ്രവാസിമലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ട് .പുതിയ സാഹചര്യത്തില്‍ അവരുടെ യാത്ര വീണ്ടും തടസ്സമാവുകയാണ്.കേരളത്തില്‍മാത്രമാണ് പാവങ്ങളായ പ്രവാസികള്‍ക്കുനേരെ അധികാരികള്‍ ക്വാറന്റീന്‍ എന്നപേരില്‍ ദ്രോഹനടപടികള്‍ സ്വീകരിക്കുന്നത് .
വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ഹോം ക്വാറന്റീന്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്ന മന്ത്രിയുടെ അറിയിപ്പ് പല കാരണങ്ങളാല്‍ അശാസ്ത്രീയമാണ്. വിദേശങ്ങളില്‍നിന്ന് വരുന്നവരില്‍ ബഹു ഭൂരിപക്ഷവും രണ്ട് വാക്സിനുകളും പിന്നെ ബൂസ്റ്ററും സ്വീകരിച്ചവരാണ്. മാത്രമല്ല ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്നുറപ്പായതിനു ശേഷമാണ് പ്രവാസി യാത്ര ചെയ്യുന്നതെന്നും ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് സമീര്‍ ഏറാമല പറഞ്ഞു.
കേരളത്തില്‍ പകരുന്ന ഒമിക്രോണ്‍ വൈറസ് വിദേശത്തുനിന്ന് വന്നവരില്‍നിന്ന് വ്യാപിച്ചതാണെന്നതിന് തെളിവുകളൊന്നുമില്ല.അങ്ങിനെയുള്ള സാഹചര്യത്തില്‍ പ്രവാസിമലയാളികളാണ് രോഗകാരണക്കാര്‍ എന്നനിലയില്‍ സാമ്പ്രദായിക ക്വാറന്റീന്‍ രീതികളില്‍ കുരുക്കി പ്രവാസികളെ ഇനിയും ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്നും
ഇന്‍കാസ് ഖത്തര്‍ ആവശ്യപ്പെട്ടു.
ക്വാറന്റീന്‍ വിഷയത്തോടൊപ്പം അടിയന്തര ആവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍ എത്തുന്ന പ്രവാസികള്‍ക്ക് നല്‍കിയിരുന്ന ഇളവുകള്‍ പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാനമന്ത്രി, വിദേശകാര്യ സഹമന്ത്രി എന്നിവര്‍ക്കും പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ക്കും ഇന്‍കാസ് ഖത്തര്‍ നിവേദനം നല്‍കി.