ഹോളിഡേ ഹോംസ് ലൈസന്‍സിംഗ് നടപടികള്‍ ലളിതമാക്കി ഖത്തര്‍ ടൂറിസം
അമാനുല്ല വടക്കാങ്ങര
ദോഹ. ഹോളിഡേ ഹോംസ് ലൈസന്‍സിംഗ് നടപടികള്‍ ലളിതമാക്കി ഖത്തര്‍ ടൂറിസം. ഖത്തറിലെ റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ഉടമകള്‍ക്ക് അവരുടെ വീടുകളോ ഫ്‌ളാറ്റുകളോ ഹ്രസ്വകാല വാടകയ്ക്ക് നല്‍കുന്നതിനുള്ള ലൈസന്‍സിംഗ് നടപടികളാണ് ഖത്തര്‍ ടൂറിസം ലളിതമാക്കിയത്.
ലൈസന്‍സ് ലഭിച്ചാല്‍ ജനപ്രിയ അന്താരാഷ്ട്ര വെബ്സൈറ്റുകള്‍ വഴി ഇവ വാടകക്ക് കൊടുക്കുവാന്‍ കഴിയും. ഈ വര്‍ഷം അവസാനം ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോക കപ്പിന്റെ മുന്നോടിയായാണ് ഹോളിഡേ ഹോംസ് ലൈസന്‍സ് സംവിധാനത്തിന് ഖത്തര്‍ അംഗീകാരം നല്‍കിയത്. ഖത്തറിലെ ഹോസ് പിറ്റാലിറ്റി മേഖലയില്‍ ഹോളിഡേ ഹോംസ് ശ്രദ്ധേയമായ സ്വാധീനമുണ്ടാക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
എന്നാല്‍ ലൈസന്‍സില്ലാതെ ഈ നടപടിക്രമം മറികടന്ന് അവധിക്കാലക്കാര്‍ക്ക് വീട് വാടകക്ക് കൊടുക്കുന്ന പ്രോപ്പര്‍ട്ടി ഉടമകള്‍ക്ക് രണ്ട് വര്‍ഷം വരെ തടവും 200,000 റിയാല്‍ വരെ പിഴയും ലഭിക്കാമെന്ന് ഖത്തര്‍ ടൂറിസം അധികൃതര്‍ മുന്നറിയിപ്പ് നല്‍കി
ഖത്തര്‍ ടൂറിസത്തിന് അതിന്റെ വെബ്സൈറ്റ് വഴി പൗരന്മാരില്‍ നിന്നും നിക്ഷേപകരില്‍ നിന്നും ലൈസന്‍സിംഗ് പ്രക്രിയയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഖത്തര്‍ ടൂറിസം ലൈസന്‍സിംഗ് ഡയറക്ടര്‍ മുഹമ്മദ് അല്‍ അന്‍സാരി അഭിപ്രായപ്പെട്ടു. അന്വേഷകര്‍ക്ക് ഒരു ഹെല്‍പ്പ് ലൈനും ലളിതമാക്കിയ നടപടിക്രമവും അവതരിപ്പിച്ചുകൊണ്ടാണ് ഖത്തര്‍ ടൂറിസം മുന്നോട്ടുപോകുന്നത്.
എല്ലാ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ഉടമകളും ഹോളിഡേ ഹോംസ് ലൈസന്‍സ് നേടി അവരുടെ ഉപയോഗിക്കാത്ത യൂണിറ്റുകളില്‍ നിന്ന് അധിക വരുമാനം നേടുന്നതിന് ശ്രമിക്കണമെന്ന് ഖത്തര്‍ ടൂറിസം ആവശ്യപ്പെട്ടു.