സോഷ്യല്‍ ഫോറം എം എസ് ബുഖാരി മെമ്മോറിയല്‍ കപ്പ് സ്പോര്‍ട്സ് ടൂര്‍ണമെന്റ് മാര്‍ച്ച് 4 മുതല്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ദേശീയ കായികദിനത്തോടനുബന്ധിച്ച് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം വാര്‍ഷിക കായിക മേളയുടെ ഭാഗമായി ‘കായികമാണ് ജീവിതം’ എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന പ്രഥമ മുഹമ്മദ് സബീഹ് ബുഖാരി മെമ്മോറിയല്‍ കപ്പിന് വേണ്ടിയുള്ള സ്പോര്‍ട്സ് ടൂര്‍ണമെന്റ് മാര്‍ച്ച് 4 ന് ദോഹയില്‍ തുടക്കം കുറിക്കും. മാര്‍ച്ച് 11 നാണ് സമാപന പരിപാടികള്‍.
ഖത്തറിലെ അറിയപ്പെടുന്ന വ്യവസായിയും തികഞ്ഞ കായിക പ്രേമിയുമായിരുന്ന പരേതനായ എം. എസ്. ബുഖാരി എന്ന് അറിയപ്പെടുന്ന മുഹമ്മദ് സബീഹ് ബുഖാരിയുടെ നാമധേയത്തിലുള്ള കപ്പിന് വേണ്ടി ഫുട്ബോള്‍, വോളിബോള്‍, കബഡി, വടം വലി എന്നീ മുഖ്യ കായികയിനങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. റേഡിയോ സുനോയാണ് പരിപാടിയുടെ മീഡിയ പാര്‍ട്ണര്‍.
കഴിഞ്ഞ ദിവസം റേഡിയോ സുനോ ഓഫീസില്‍ നടന്ന ചടങ്ങില്‍ റേഡിയോ സുനോ ഡയറക്ടര്‍ അമീര്‍ അലി പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഉസാമ അഹമ്മദ്, സെന്‍ട്രല്‍ കമ്മിറ്റി അംഗം കെസി മുഹമ്മദലി, കേരള സംസ്ഥാന വൈസ് പ്രസിഡന്റ് അഹമ്മദ് കടമേരി, ആര് ജെ അപ്പുണ്ണി തുടങ്ങിയവര്‍ സംബന്ധിച്ചു.
ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ടീമുകള്‍ക്ക് ഈ മാസം 24 നകം പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 5582 3787 എന്ന നമ്പറില്‍ ബന്ധപ്പെടാം.