ഡിസ്‌കവര്‍ ഖത്തര്‍ ബുക്കിംഗ് നിര്‍ബന്ധമാക്കിയതോടെ ഓണ്‍ അറൈവല്‍ വിസയില്‍ വരുന്നവര്‍ ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ. ഓണ്‍ അറൈവല്‍ വിസ ലഭിക്കുവാന്‍ ഖത്തറില്‍ താമസിക്കുന്ന കാലത്തേക്ക് ഡിസ്‌കവര്‍ ഖത്തര്‍ ബുക്കിംഗ് നിര്‍ബന്ധമാക്കിയതോടെ ഓണ്‍ അറൈവല്‍ വിസയില്‍ വരുന്നവര്‍ ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട് . ഏപ്രില്‍ 14 മുതലാണ് പുതിയ വ്യവസ്ഥകള്‍ നിലവില്‍ വന്നത്. ബിസിനസ് ആവശ്യാര്‍ഥം വരുന്ന കുറഞ്ഞ ആളുകള്‍ മാത്രമാണ് നിലവില്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നത്.
പെരുന്നാള്‍ അവധിക്ക് സ്വന്തക്കാരേയും ബന്ധുക്കളേയുമൊക്കെ ഓണ്‍ അറൈവല്‍ വിസയില്‍ കൊണ്ടുവരുവാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന നിരവധി പേരാണ് ടിക്കറ്റ് കാന്‍സല്‍ ചെയ്തതെന്ന് ട്രാവല്‍ വൃത്തങ്ങള്‍ പറഞ്ഞു. പലരും ടിക്കറ്റ് ചാര്‍ജ് ഏറ്റവും കുറഞ്ഞ റീഫണ്ടിംഗ് ഓപ്ഷന്‍ ഇല്ലാത്ത ടിക്കറ്റുകളാണ് ബുക്ക് ചെയ്തിരുന്നത്. അവര്‍ക്ക് മുഴുവന്‍ തുകയും നഷ്ടമാകും.
ഫാമിലി വിസിറ്റ് വിസ ഉയര്‍ന്ന ശമ്പളമുള്ള നല്ല ജോലിക്കാര്‍ക്ക് മാത്രമേ ലഭിക്കൂവെന്നതിനാല്‍ സാധാരണക്കാര്‍ അധികവും ഓണ്‍ അറൈവല്‍ വിസകളാണ് പ്രയോജനപ്പെടുത്തിയിരുന്നത്. എന്നാല്‍ ഡിസ്‌കവര്‍ ഖത്തറില്‍ ഹോട്ടല്‍ ബുക്കിംഗ് നിര്‍ബന്ധമാക്കിയതോടെ കുറഞ്ഞ ചിലവില്‍ കുടുംബത്തെ കൊണ്ടുവരാമെന്ന സാധാരണക്കാരുടെ പ്രതീക്ഷയാണ് അസ്തമിച്ചത്.