Breaking News

ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രിക്ക് ലോകാരോഗ്യ സംഘടനയുടെ ആദരം

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിക്ക് ലോകാരോഗ്യ സംഘടനയുടെ ആദരം . പ്രാദേശിക തലത്തില്‍ ആരോഗ്യവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച ശ്രമങ്ങളെ മാനിച്ച് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിക്ക് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ അവാര്‍ഡ് ഹെല്‍ത്ത് ചാമ്പ്യന്‍സ് 2022′ അവാര്‍ഡ് ലഭിച്ചു. ജനീവയില്‍ നടക്കുന്ന 75-ാമത് വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിക്ക് മുന്നോടിയായി നടന്ന ലോകാരോഗ്യ സംഘടനയുടെ മൂന്നാമത് വാക്ക് ദ ടോക്ക് ഇവന്റിലാണ് അവാര്‍ഡ് സമ്മാനിച്ചത്.


ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറലിന്റെ ഹെല്‍ത്ത് ചാമ്പ്യന്‍സ് അവാര്‍ഡ്, ഖത്തറിലെ പതിനായിരക്കണക്കിന് അര്‍പ്പണബോധമുള്ള ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളുടെ അവിശ്വസനീയമായ പ്രവര്‍ത്തനത്തിനും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ പരിധിയില്ലാത്ത പിന്തുണക്കുമുള്ള അംഗീകാരമാണെന്ന് അവാര്‍ഡ് സ്വീകരിച്ച് സംസാരിക്കവേ ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി പറഞ്ഞു.

ലോകാരോഗ്യ സംഘടന ജനീവയില്‍ സംഘടിപ്പിച്ച ‘വാക്ക് ദ ടോക്ക്: ഹെല്‍ത്ത് ഫോര്‍ ഓള്‍ ചലഞ്ച്’ എന്ന പരിപാടിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നേരിട്ടും ഓണ്‍ ലൈനിലും നിരവധി പേരാണ് സംബന്ധിച്ചത്. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയും ഖത്തറിലെ ആരോഗ്യമേഖലയിലെ മുതിര്‍ന്ന നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു.

പദയാത്ര ആരംഭിക്കുന്നതിന് മുന്നോടിയായി, ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, ആഗോള ആരോഗ്യ പ്രോത്സാഹനത്തിലും സുരക്ഷയിലും അവരുടെ മികച്ച വാദത്തെ മാനിച്ച് ഡോ. അല്‍ കുവാരിക്ക് പ്രത്യേക ഡയറക്ടര്‍ ജനറലിന്റെ ഹെല്‍ത്ത് ചാമ്പ്യന്‍സ് 2022 അവാര്‍ഡ് സമ്മാനിച്ചു.

വാക്ക് ദ ടോക്ക് പോലുള്ള പരിപാടികളിലും ഈ വര്‍ഷാവസാനം ദോഹയില്‍ നടക്കുന്ന ഫിഫ ലോകകപ്പ് പോലുള്ള മറ്റ് പ്രധാന കായിക പ്രവര്‍ത്തനങ്ങളിലും ഖത്തറുമായി സഹകരിക്കാനുള്ള അവസരത്തെ ലോകാരോഗ്യ സംഘടന വിലമതിക്കുന്നതായി ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.

ഈ വര്‍ഷം ഒക്ടോബറില്‍, ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും സഹകരിച്ച് വോക്ക് ദ ടോക്ക് ദോഹ സംഘടിപ്പിക്കും. ഒക്ടോബറിലെ പരിപാടിയുടെ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.

Related Articles

Back to top button
error: Content is protected !!