Archived Articles

ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം ഇന്ത്യന്‍ സാംസ്‌കാരിക ദിനം കൊണ്ടാടി

അമാനുല്ല വടക്കാങ്ങര

ദോഹ: ഫിഫ വേള്‍ഡ് കപ്പിനോടനുബന്ധിച്ച് ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം വിവിധ കമ്മ്യൂണിറ്റികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന സാംസ്‌കാരിക ദിന പരിപാടികളുടെ ഭാഗമായി ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതൃത്വത്തില്‍ നടന്ന സാംസ്‌കാരിക സായാഹ്നം ശ്രദ്ധേയമായി. സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള മ്യൂസിക് അഫയേഴ്സ് സെന്ററില്‍ നടന്ന പരിപാടി ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ കലാ സാംസ്‌കാരിക വിനിമയങ്ങളുടെ സംഗമഭൂമിയായി മാറി.

വുമണ്‍ ഇന്ത്യ ഖത്തര്‍ പ്രസിഡന്റ് നഹ്യാബീവി, തനിമ ഖത്തര്‍ ഡയറക്ടര്‍ ആര്‍. എസ്. അബ്ദുല്‍ ജലീല്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഖത്തര്‍ (സി.ഐ.സി) ജനറല്‍ സെക്രട്ടറി നൗഫല്‍ പാലേരി ഉല്‍ഘാടനം നിര്‍വഹിച്ച സംഗമത്തില്‍ മലര്‍വാടി ബാലസംഘം, തനിമ ഖത്തര്‍, വിമന്‍ ഇന്ത്യ, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍, പോഡാര്‍ പേള്‍ സ്‌കൂള്‍ എന്നിവയിലെ കലാകാരന്മാര്‍ വ്യത്യസ്തങ്ങളായ കലാ പ്രകടനങ്ങള്‍ കാഴ്ചവെച്ചു.

ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ തനത് കലാ രൂപങ്ങളായ ഹര്യാന്‍വി ഡാന്‍സ്, കോല്‍ക്കളി, ദണ്ഡിയാ ഡാന്‍സ്, ഒപ്പന, പഞ്ചാബി ബംഗാര ഡാന്‍സ്, ദഫ് മുട്ട്, പീക്കോക് ഡാന്‍സ്, നാടന്‍ പാട്ട്, ഹിന്ദി, തമിഴ്, പഞ്ചാബി, മലയാളം ഗാനങ്ങള്‍, സംഗീത ശില്പം, നാടോടി ഗാനങ്ങള്‍ എന്നിവ അവതരിപ്പിക്കപ്പെട്ടു.

കലാ കാരന്‍ അബ്ദുല്‍ ബാസിത്തിന്റെ വിവിധ പെയിന്റിങ്ങുകള്‍ പ്രദര്‍ശിക്കപ്പെട്ടു .
കൂടാതെ മെഹന്തി ഡിസൈന്‍, കര കൗശല സാമഗ്രികള്‍, ഇസ്ലാമിക് കാലിഗ്രാഫി എന്നിവയുടെ പ്രദര്‍ശനവും നടന്നു. സാംസകാരിക മന്ത്രാലയം പ്രതിനിധികള്‍ പരിപാടികളില്‍ പങ്കെടുത്തു.

കെ .സി അബ്ദു ലത്തീഫ് ,ഡോ :അബ്ദുല്‍ വാസിഹ് , അഹ്‌മദ് ഷാഫി, ഡോ :സല്‍മാന്‍ ,സാലിം വേളം, സിദ്ദിഖ് വേങ്ങര, സറീന ബഷീര്‍, ഇലൈഹി സബീല, അബ്ദുല്‍ ജലീല്‍ എം .എം എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!