ഖത്തര്‍ വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് . സാങ്കേതിക തകരാറുകള്‍ കാരണം രണ്ട് തവണ മാറ്റിവെച്ച ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള അപെക്സ് ബോഡികളായ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ എന്നിവയുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 3, 4 തിയ്യതികളില്‍ നടക്കാനിരിക്കെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ വീണ്ടും ചൂടുപിടിക്കുന്നു. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞുള്ള സോഷ്യല്‍ മീഡിയ കാമ്പയിനുകളും ടെലഫോണ്‍ കാമ്പയിനുകളും ചിലര്‍ക്കെങ്കിലും ശല്യമായി തോന്നുമാറ് കാര്യങ്ങള്‍ മാറിയിട്ടുണ്ട്. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നും വരുന്ന നമസ്‌കാരവും ജി ചേര്‍ത്തുകൊണ്ടുള്ള സംബോധനയുമൊക്കെ അരോചകമാകുന്നതായി പല വോട്ടര്‍മാരും പങ്കുവെച്ചു. എങ്ങനെയെങ്കിലും തെരഞ്ഞെടുപ്പ് ഒന്ന് കഴിഞ്ഞ് കിട്ടിയാല്‍ മതി എന്ന അവസ്ഥയിലാണ് പലരും.
ഡിജിപോള്‍ ആപ്പിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം രണ്ട് തവണ മാറ്റിവെച്ച തെരഞ്ഞെടുപ്പുകളാണ് മാര്‍ച്ച് 3, 4 തിയ്യതികളില്‍ നടത്തുന്നത്.
ആപ്പില്‍ സമ്മര്‍ദ്ദം ഒഴിവാക്കാന്‍ സമയവും ദിവസവും ക്രമീകരിച്ചിട്ടുണ്ട്.
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ തെരഞ്ഞെടുപ്പ് മാര്‍ച്ച് 3 ന് രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 2 മണി വരെയായിരിക്കും. ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിലേക്കുള്ള തെരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ 9 മണി വരെയായിരിക്കും.
ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനലവന്റ് ഫോറത്തിലേക്കുള്ള തരഞ്ഞെടുപ്പ് മാര്‍ച്ച് 4 ന് ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ 9 മണി വരെയായിരിക്കും.