
ചില പാശ്ചാത്യ രാജ്യങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ കത്തിക്കുന്നതിനെ വീണ്ടും അപലപിച്ച് ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ചില പാശ്ചാത്യ രാജ്യങ്ങളില്‍ അടുത്തിടെ നടന്ന വിശുദ്ധ ഖുര്‍ആനിന്റെ പകര്‍പ്പുകള്‍ കത്തിക്കുന്ന സംഭവങ്ങളെക്കുറിച്ചും മറ്റുള്ളവര്‍ക്കെതിരായ ശത്രുതയുടെയും അക്രമത്തിന്റെയും വികാരങ്ങള്‍ക്ക് ആക്കം കൂട്ടുന്ന വിദ്വേഷ പ്രസംഗങ്ങളുടെയും അസഹിഷ്ണുതയുടെ പ്രവൃത്തികളെയും ശക്തമായ അപലപിച്ച് ഖത്തര്‍ പുതുക്കി. ജനീവയില്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 52-ാമത് സമ്മേളനത്തില്‍ ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഡോ. ഹിന്ദ് അബ്ദുല്‍റഹ്‌മാന്‍ അല്‍ മുഫ്ത നടത്തിയ ഖത്തറിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്.
മുസ്ലിംകളുടെ വികാരങ്ങളെ ബോധപൂര്‍വം പ്രകോപിപ്പിക്കുകയും അവരുടെ വിശുദ്ധിയെ അനാദരിക്കുകയും അവര്‍ക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നതിനാല്‍, അവ ആവര്‍ത്തിക്കുന്നത് തടയാന്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാനും ഉത്തരവാദികളെ മാതൃകാപരമായി ശിക്ഷിക്കുവാനും ബന്ധപ്പെട്ട രാജ്യങ്ങളിലെ സര്‍ക്കാരുകളോട് ഖത്തര്‍ ആവശ്യപ്പെട്ടു.