ഖത്തര്‍ യൂത്ത് സയന്‍സ് ഫോറത്തില്‍ ഗവേഷണ ആശയവുമായി 55 ടീമുകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ഫൗണ്ടേഷന്റെ അംഗമായ ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് സംഘടിപ്പിച്ച ഖത്തര്‍ യൂത്ത് സയന്‍സ് ഫോറം 2023 ല്‍ ഗവേഷണ ആശയവുമായി 55 ടീമുകള്‍. ഖത്തറിലുടനീളമുള്ള ഹൈസ്കൂളുകളില്‍ നിന്നുള്ള 55 ടീമുകള്‍ ഫോറത്തിലേക്ക് എന്‍ട്രികള്‍ സമര്‍പ്പിക്കുകയും, ദേശീയ പ്രേക്ഷകര്‍ക്ക് മുന്നില്‍ തങ്ങളുടെ ഗവേഷണ-അവതരണ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ മത്സരിക്കുകയും ചെയ്തത് ഏറെ ആകര്‍ഷകമായി.
പാരിസ്ഥിതിക മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനുള്ള ബയോഡീഗ്രേഡബിള്‍ ക്രയോണുകള്‍ പോലെയുള്ള പ്രോജക്ടുകള്‍ മുതല്‍ ക്വാഡ്രിപ്ലെജിക് രോഗികളെ സഹായിക്കാന്‍ രൂപകല്‍പ്പന ചെയ്ത പ്രത്യേക ആശയവിനിമയ, വിനോദ സംവിധാനങ്ങള്‍ വരെയുള്ള സമകാലിക പ്രശ്നങ്ങളെ നൂതനമായ ചിന്തകളോടെ അഭിസംബോധന ചെയ്യാനാണ് അവരുടെ സാങ്കേതികവിദ്യകളെല്ലാം ശ്രമിച്ചത്.
ഖത്തര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി സെക്കന്‍ഡറി സ്കൂള്‍ ഫോര്‍ ബോയ്സ് , ദി നെക്സ്റ്റ് ജനറേഷന് സ്കൂള്‍, ഫിലിപ്പൈന്‍ സ്കൂള്‍ ദോഹ, ഫിലിപ്പൈന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് ടീമുകള്‍ മത്സരത്തില്‍ വിജയികളായി.