2023 ആദ്യ പകുതിയില്‍ ഇരുപത് ലക്ഷത്തിലധികം സന്ദര്‍ശകര്‍ ഖത്തറിലെത്തി
അമാനുല്ല വടക്കാങ്ങര
ദോഹ: 2023 ന്റെ ആദ്യ പകുതിയില്‍ ഇരുപത് ലക്ഷത്തിലധികം സന്ദര്‍ശകര്‍ ഖത്തറിലെത്തിയതായി ഖത്തര്‍ ടൂറിസത്തെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഖത്തറിലെ വൈവിധ്യമാര്‍ന്ന വിനോദസഞ്ചാര കേന്ദ്രങ്ങളും ആകര്‍ഷകമായ പരിപാടികളുമാണ് രാജ്യത്തേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിച്ചത്. സജീവമായ ഖത്തറിന്റെ ടൂറിസം മേഖല ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. കൂടാതെ രാജ്യത്തിന്റെ കലണ്ടര്‍ എല്ലായ്പ്പോഴും ഇവന്റുകള്‍, ഉത്സവങ്ങള്‍, അതുല്യമായ വിനോദസഞ്ചാര അനുഭവങ്ങള്‍ എന്നിവയാല്‍ നിറയുകയും ഖത്തര്‍ അറിയപ്പെടുന്ന ആധികാരിക അറബ് ഹോസ്പിറ്റാലിറ്റിയാല്‍ നയിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഖത്തറിലേക്കുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക് ഇനിയും കൂടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഖത്തര്‍ ടൂറിസം പ്രസ്താവന പ്രകാരം, 2023 ലെ അന്താരാഷ്ട്ര വരവ് ഇതുവരെ കോവിഡിന് മുമ്പുള്ള നിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇരട്ടിയായി. 2023 ന്റെ ആദ്യ പകുതിയില്‍ ഖത്തറിലേക്കുള്ള സന്ദര്‍ശകരില്‍ 51 ശതമാനവും വിമാനമാര്‍ഗം എത്തിയവരാണെന്നും കരയിലൂടെയും കടല്‍ വഴിയും എത്തിയവര്‍ മൊത്തം കണക്കുകളുടെ യഥാക്രമം 37 ശതമാനവും 12 ശതമാനവും ആണെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
സൗദി അറേബ്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ ഈ വര്‍ഷത്തെ അന്താരാഷ്ട്ര സന്ദര്‍ശകരുടെ ഏറ്റവും മികച്ച ഉറവിട വിപണിയായി തുടരുന്നു. ഏകദേശം 25 ശതമാനം സന്ദര്‍ശകരും സൗദിയില്‍ നിന്നായിരുന്നു. ഇന്ത്യയും ജര്‍മ്മനിയുമാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
ഖത്തര്‍ ടൂറിസം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തിയത് മെയ്, ജൂണ്‍ മാസങ്ങളിലായിരുന്നു. 567,000 പേരാണ് ഈ മാസങ്ങളില്‍ ഖത്തറിലെത്തിയത്.
ഖത്തര്‍ ടൂറിസത്തിന്റെ ‘ഫീല്‍ മോര്‍ ഇന്‍ ഖത്തര്‍’ കാമ്പെയ്ന്‍ സന്ദര്‍ശകരുടെ വരവ് ഗണ്യമായി വര്‍ദ്ധിക്കുവാന്‍ കാരണമായതായാണ് വിലയിരുത്തപ്പെടുന്നത്. ഫീല്‍ മോര്‍ ഇന്‍ ഖത്തര്‍’ കാമ്പെയ്ന്‍പ്രധാന വിപണികളിലുടനീളം പ്രമോട്ട് ചെയ്യപ്പെട്ടത് വിവിധ തലങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ ആകര്‍ഷിച്ചു. കൂടാതെ പെരുന്നാളിനോടനുബന്ധിച്ചും അല്ലാതെയും രാജ്യത്തുടനീളം അരങ്ങേറിയ ലോകോത്തര പരിപാടികളും സന്ദര്‍ശക പ്രവാഹത്തിന് കാരണമായി.
ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഐതിഹാസികമായ വിജയം ഖത്തറിന്റെ ടൂറിസം സാധ്യതകള്‍ക്ക് കൂടുതല്‍ നിറം പകര്‍ന്നു. ലോകകപ്പ് സൃഷ്ടിച്ച ഊര്‍ജ്ജസ്വലമായ അന്തരീക്ഷം ഖത്തറിലേക്ക് നിരവധി പേരെയാണ് ആകര്‍ഷിക്കുന്നത്. തൊണ്ണൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നല്‍കുന്ന സൗജന്യമായ ഓണ്‍ അറൈവല്‍ വിസയും നിലവിലുള്ള കാര്‍ഡ് ഉടമകള്‍ക്കായി ഹയ്യയുടെ കാലാവധി നീട്ടിയതും ഹയ്യ പ്ലാറ്റ്ഫോമിന്റെ വിപുലീകരണവും വിസ ആവശ്യമുള്ള സന്ദര്‍ശകര്‍ക്ക് എളുപ്പവും തടസ്സങ്ങളില്ലാത്തതുമായ പ്രവേശന പ്രക്രിയ അനായാസമാക്കി.
ഖത്തര്‍ എയര്‍വേയ്‌സിന്റെ മികച്ച നെറ്റ് വര്‍ക്കും ലോകോത്തര സേവനങ്ങളും ഹമദ് അന്താരാഷ്ട്ര വിമാനതാവളത്തിന്റെ ഉയര്‍ന്ന സൗകര്യങ്ങളും ടൂറിസം പ്രക്രിയയെ ഉത്തേജിപ്പിച്ച ഘടകങ്ങളാണ്.