കേരളപ്പിറവി ദിനത്തില്‍ ചൂളം വിളികളോടെ ഷാര്‍ജ മുവൈലയിലെ സഫാരി തട്ടുകട
അമാനുല്ല വടക്കാങ്ങര
ദോഹ. കേരളപ്പിറവിദിനത്തില്‍ ചൂളം വിളികളോടെ ഷാര്‍ജ മുവൈലയിലെ സഫാരി തട്ടുകട മലയാളി സമൂഹത്തിന് ഗൃഹാതുര ഓര്‍മകള്‍ സമ്മാനിച്ചു. തികച്ചും കേരളീയമായ പശ്ചാത്തലത്തില്‍ സജ്ജീകരിച്ച തട്ടുകട എല്ലാതരം ഉപഭോക്താക്കളേയും ആകര്‍ഷിക്കാന്‍ പോന്നതായിരുന്നു.
ഷാര്‍ജ മുവൈലയിലെ സഫാരി മാളിലെ രണ്ടാം നിലയിലുള്ള ഫുഡ്കോര്‍ട്ടിലാണ് സഫാരി ബേക്കറി & ഹോട്ട് ഫുഡിന്റെ തട്ടുകട ആരംഭിച്ചത്. പ്രശസ്ത സിനിമാ താരം സൗമ്യ മേനോന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് ഇ.പി. ജോണ്‍സണ്‍, ഷാജി പുഷ്പാങ്കതന്‍, ചാക്കോ ഊളക്കാടന്‍, തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വൈവിധ്യമാര്‍ന്ന പ്രൊമോഷനുകളും, സമ്മാനപദ്ധതികളുമായി ഉപഭോക്താക്കളെ വിസ്മയിപ്പിച്ചിട്ടുള്ള സഫാരി കേരളപ്പിറവി ദിനിത്തില്‍ നാടിനെ ഓര്‍മ്മിപ്പിക്കും വിധത്തില്‍ ഭക്ഷ്യമേള ഒരുക്കിയതില്‍ സഫാരിമാള്‍ മാനേജ്മെന്റിനും, ജീവനക്കാര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചും, നാട്ടിലെ സ്വാദിഷ്ടമായ തനി നാടന്‍ വിഭവങ്ങള്‍ ആസ്വദിക്കാന്‍ എല്ലാവരേയും സഫാരി തട്ടുകയിലേക്ക് ഹൃദയപൂര്‍വ്വം ക്ഷണിച്ചും, ഉദ്ഘാടനവേളയില്‍ പ്രശസ്ത സിനിമാതാരം സൗമ്യ മേനോന്‍ നിറ സാന്നിദ്ധ്യമായി.
കഴിഞ്ഞ വര്‍ഷങ്ങളില്‍ സഫാരി ഒരുക്കിയ തട്ടുകട മേളകള്‍ക്കും , അച്ചായന്‍സ്, കുട്ടനാടന്‍ ഫെസ്ടിവലുകള്‍ക്കും പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച വമ്പിച്ച സ്വീകാര്യതയില്‍ ഏറെ സന്തോഷമുണ്ടെന്ന് സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട് പറഞ്ഞു. പഴയകാല നാടന്‍ ഭക്ഷ്യവിഭവങ്ങള്‍ എല്ലാം ഒരു കുടക്കീഴില്‍ ഒരുക്കി സഫാരിയില്‍ വരുന്നവര്‍ക്ക് നാടിന്റെ പാശ്ചാത്തലത്തില്‍ ഭക്ഷണം ആസ്വദിക്കാനാവുന്ന ഒരു അനുഭൂതിയാണ് സഫാരിയില്‍ തട്ടുകടയിലൂടെ ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഫാരി മാളിന്റെ ഏറ്റവും വലിയ പ്രത്യേകത ജനങ്ങളെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള രംഗസജ്ജീകരണങ്ങളാണ് എന്നും യു.എ.യിലെ ജനങ്ങള്‍ക്ക് അത്ഭുതകാഴ്ചകള്‍ സൃഷ്ടിക്കുന്ന രീതിയില്‍ പ്രൊമോഷനുകള്‍ അവതരിപ്പിക്കുന്ന സഫാരിമാളിന് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു കൊള്ളുന്നു എന്നും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് ഇ.പി. ജോണ്‍സണ്‍ പറഞ്ഞു.
നാടന്‍ രുചികളുടെ തനിമ നിലനിര്‍ത്തി ഗൃഹാതുരതകളെ വീണ്ടും തൊട്ടുണര്‍ത്തിക്കൊണ്ട് സഫാരിയുടെ ബേക്കറി ആന്റ് ഹോട്ട് ഫുഡ് വിഭാഗത്തില്‍ ആരംഭിച്ച തട്ടുകട ഫെസ്റ്റിവലില്‍ ചായയും, പരിപ്പുവട, ഇലയട, ഉഴുന്നുവട, പഴം പൊരി, ഉള്ളിവട, സുഖിയന്‍, വെച്ചുകേക്ക് തുടങ്ങിയ പലഹാരങ്ങളും പോത്ത് വരട്ടിയത്, പോത്ത് കാന്താരിക്കറി, നാടന്‍ കോഴിക്കറി, കോഴി ഷാപ്പ് കറി, കോഴി കരള്‍ ഉലര്‍ത്ത്, മലബാര്‍ കോഴി പൊരിച്ചത്, ആട്ടിന്‍ തലക്കറി, ആട്ടിറച്ചി സ്ടൂ, മീന്‍ വാഴയിലയില്‍ പൊള്ളിച്ചത്, കപ്പയും ചാളകറിയും, കക്ക ഉലര്‍ത്ത്, ചെമ്മീന്‍ കിഴി, മീന്‍ പീര, കൂന്തള്‍ നിറച്ചത്, മുയല്‍ പെരളല്‍, കൊത്തു പൊറോട്ട, തുടങ്ങി നാവില്‍ ഓര്‍മ്മകളുടെ രുചിവൈവിധ്യങ്ങളൊരുക്കി ഭക്ഷ്യ വിഭവങ്ങളുടെ നീണ്ട നിര തന്നെ ഒരുക്കിയിരിക്കുന്നു.
പഴയ കാലത്തെ പാസഞ്ചര്‍ ട്രെയിന്‍, റെയില്‍വേ സ്റ്റേഷന്‍, റെയില്‍വേ ഗേറ്റ്, സിനിമാ പോസ്റ്ററുകള്‍ തുടങ്ങി കേരളത്തിലെ നാട്ടിന്‍പുറങ്ങളിലുള്ള ഗ്രാമവഴികളെ അനുസ്മരിപ്പിക്കും വിധത്തിലൂടെയുള്ള രംഗസജ്ജീകരണങ്ങളോട് കൂടിയാണ് തട്ടുകട ഒരുക്കിയിരിക്കുന്നത്. പഴയ കാല റേഡിയോ ഗാനങ്ങള്‍ കേട്ടുകൊണ്ട് ട്രെയിനില്‍ ഇരുന്നുകൊണ്ട് തന്നെ തട്ടുകടയിലെ വിഭവങ്ങള്‍ ആസ്വദിച്ചു കഴിക്കാവുന്ന രീതിയില്‍ ആണ് പാസഞ്ചര്‍ ട്രെയിന്‍ തയ്യാറാക്കിയിരിക്കുന്നത്. സമോവര്‍ ചായയും ആവി പറക്കുന്ന നാടന്‍ വിഭവങ്ങളും തനതു തട്ടുകടകളെ അനുസ്മരിപ്പിക്കുന്ന രംഗ സജ്ജീകരണങ്ങളും മലയാളിയെ ഗൃഹാതുര സ്മരണകളിലേക്ക് കൊണ്ട് പോകുമെന്ന് ഉറപ്പാണ്.